പുതുപ്പള്ളിയിൽ ഇരുകൂട്ടരും കാര്യമായി രാഷ്ട്രീയം പറഞ്ഞില്ല. ചാണ്ടി ഉമ്മൻ പ്രധാനമായും സംസാരിച്ചത് പിതാവിനെ കുറിച്ചുതന്നെ. ജെയ്ക്കാകട്ടെ ഊന്നിയത് പുതുപ്പള്ളിയുടെ മാത്രം വികസനത്തിൽ. അതിൽ തന്നെ സത്യസന്ധത ഇല്ലായിരുന്നു. ആഗോളതലം മുതൽ സംസ്ഥാനതലം വരെയുള്ള രാഷ്ട്രീയപ്രശ്നങ്ങളൊന്നും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. എങ്കിലും നമ്മുടെ ജനാധിപത്യ പ്രക്രിയയെ ചെറിയ തോതിലെങ്കിലും മുന്നോട്ടുനയിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം പ്രതീക്ഷിച്ചതുതന്നെ. എന്നാൽ ഭൂരിപക്ഷം കേരളത്തിലെ ഒരാളും പ്രതീക്ഷിച്ചതാണ് എന്നു കരുതാനാവില്ല. പുറത്തേക്ക് എന്തുപറഞ്ഞാലും കോൺഗ്രസുകാർ പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. സി.പി.എമ്മുകാരും. തീർച്ചയായും ഈ വിജയത്തിന്റെ പ്രധാന ഘടകം ഉമ്മൻചാണ്ടി തന്നെ. എന്നാൽ അതിൽ മാത്രം ഒതുക്കാവുന്ന വിജയമല്ല ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. മറ്റനവധി ഘടകങ്ങളും ഈ വിജയത്തിനു കാരണമാണ്. ഒപ്പം ഈ തെരഞ്ഞെടുപ്പുഫലം നമുക്കു മുന്നിൽ വെക്കുന്ന നിരവധി സൂചനകളും സന്ദേശങ്ങളുമുണ്ട്.
ഉമ്മൻ ചാണ്ടി തന്നെയാണ് ഇക്കുറിയും പുതുപ്പള്ളിയിൽ മത്സരിച്ചതെന്നു പറയുന്നതിൽ തെറ്റൊന്നുമില്ല. അപ്പയുടെ 13-ാം വിജയം എന്നാണല്ലോ ചാണ്ടി ഉമ്മൻ പറയുന്നത്. അപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അഞ്ചക്കം കടന്നില്ല എന്നു മറക്കരുത്. അതിന്റെ നാലിരട്ടി കടന്നിരിക്കുകയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ഒറ്റവാക്കിൽ ഉമ്മൻചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹം എന്നു പറയാം. എന്നാൽ അങ്ങനെ മാത്രം പറഞ്ഞാൽ പോര. പ്രത്യേകിച്ച് 50 വർഷത്തിൽപരം എം.എൽ.എ ആയിട്ടും രണ്ടുതവണ മുഖ്യമന്ത്രിയായിട്ടും സ്വന്തം മണ്ഡലത്തിലേക്ക് കാര്യമായ വികസനമൊന്നും കൊണ്ടുവരാൻ അദ്ദേഹത്തിനായില്ല എന്ന വിമർശം ശക്തമായി നിലനിൽക്കുമ്പോൾ. അതായത് അതിനേക്കാൾ വലിയ പല കാരണങ്ങളാലുമാണ് ഉമ്മൻചാണ്ടിയെ ജനം സ്നേഹിച്ചത്. അക്കാര്യം പരിശോധിച്ചാൽ ജനാധിപത്യ സംവിധാനത്തിൽ കൂടുതൽ പ്രതീക്ഷ നൽകാവുന്ന മറുപടിയാണ് ലഭിക്കുക.
ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ജനാധിപത്യസംവിധാനത്തിൽ അനിവാര്യമായ ജനകീയതയും ജനങ്ങളിലുള്ള വിശ്വാസവും സുതാര്യതയും പ്രതിപക്ഷ ബഹുമാനവുമാണ് ഉമ്മൻചാണ്ടിയെ കേരളം കണ്ട മിക്ക രാഷ്ട്രീയനേതാക്കളിൽനിന്നു വ്യത്യസ്തനാക്കിയത്. അദ്ദേഹം അക്ഷരാർത്ഥത്തിൽ ജനങ്ങൾക്കിടയിലായിരുന്നല്ലോ ജീവിച്ചത്. തനിക്ക് ജനങ്ങളിൽ വിശ്വാസമാണെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടല്ലോ. അതോടൊപ്പം പ്രധാനമായിരുന്നു ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്ന അദ്ദേഹത്തിന്റെ ബോധ്യം. തന്റെ ഓഫീസിൽ വെബ് ക്യാമറ വെച്ച് അവിടെ നടക്കുന്നതെല്ലാം ലോകത്തെവിടെയിരുന്നും ആർക്കും കാണാവുന്ന രീതിയിൽ സജ്ജീകരിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളിൽനിന്നു മറച്ചുവെക്കേണ്ടതായ ഒന്നും തനിക്കില്ലെന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്. മുൻകൂട്ടിയുള്ള അപ്പോയ്മെന്റ് ഇല്ലാതെ, ഒരു നേതാവിനേയും ആശ്രയിക്കാതെ ആർക്കും അദ്ദേഹത്തെ കാണാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിന്റെ ഭാഗം തന്നെയായിരുന്നു ഏറെ പ്രകീർത്തിക്കപ്പെട്ട അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടി. ജനാധിപത്യത്തിന്റെ മറ്റൊരു അടിസ്ഥാന ഘടകമായ പ്രതിപക്ഷ ബഹുമാനത്തിലും അദ്ദേഹം മുൻനിരയിലായിരുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടെങ്കിലേ ജനാധിപത്യം പൂർണമാകൂ എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ജനകീയസമരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും ജനാധിപത്യ സംവിധാനത്തിലെ ഒരു മുഖ്യമന്ത്രിക്കു മാതൃകയായിരുന്നു. ഇപ്പറഞ്ഞ എല്ലാ വിഷയങ്ങളും നമ്മെ ഭരിച്ച മറ്റു മുഖ്യമന്ത്രിമാരുടെ നടപടികളുമായി താരതമ്യം ചെയ്താൽ വ്യത്യാസം ബോധ്യമാകും. അങ്ങനെ പരിശോധിച്ചാൽ ഉമ്മൻ ചാണ്ടിയോടുള്ള കേവലമായ സ്നേഹമല്ല പുതുപ്പള്ളിക്കാർ പ്രകടമാക്കിയത്, മറിച്ച് അതിൽ ജനാധിപത്യത്തിന്റെ ഒരു രാഷ്ട്രീയംകൂടിയുണ്ടെന്നു പറയേണ്ടിവരും. യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ മുൻസർക്കാരും പാർട്ടിയും സോളാർ വിഷയങ്ങളിലും മറ്റും ഉമ്മൻചാണ്ടിയോട് ചെയ്തതും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു എന്നതിൽ സംശയമില്ല.
മക്കൾ രാഷ്ട്രീയം ജനാധിപത്യപരമാണോ എന്ന പ്രസക്തമായ ചോദ്യം സ്വാഭാവികമായും ഉയരാം. പൂർണ്ണമായും തള്ളിക്കളയാവുന്ന വിമർശനമല്ല അത്. കേരള, ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ലോകരാഷ്ട്രീയത്തിൽ തന്നെ കാണുന്ന പ്രവണതയാണത്. തങ്ങളുടെ മാതാപിതാക്കളുടെ മേഖലകളിലേക്ക് മക്കൾ കടന്നു വരുന്നത് സർവസാധാരണമാണല്ലോ. മറ്റുമേഖലകളെപോലെ രാഷ്ട്രീയത്തിലും അതാവാം. അതിൽ തെറ്റൊന്നുമില്ല. മക്കളെ രാഷ്ട്രീയത്തിൽ ഇറക്കുന്നില്ല എന്ന് അഭിമാനത്തോടെ പറയുന്ന പല നേതാക്കളുമുണ്ട്. അവരോട് ചോദിക്കേണ്ട ചോദ്യം മക്കൾക്കിറങ്ങാൻ കഴിയാത്തത്ര മോശപ്പെട്ട ഒന്നാക്കി നിങ്ങളൊക്കെ രാഷ്ട്രീയത്തെ മാറ്റിയോ എന്നാണ്. മാത്രമല്ല, അങ്ങനെ പറയുന്നവരിൽ പലരുടേയും മക്കളുടെയും ബന്ധുക്കളുടേയും പേരിലുള്ള അഴിമതി ആരോപണങ്ങളും അനർഹമായ സ്ഥാനങ്ങൾ നേടുന്നതായ വാർത്തകളും നാം കാണുന്നുണ്ട്. അതിനേക്കാൾ എത്രയോ ഭേദമാണ് രാഷ്ട്രീയ പ്രവർത്തനം. പ്രശ്നം, അർഹിക്കുന്നവർ ഉള്ളപ്പോൾ മക്കളും ബന്ധുക്കളുമാണെന്നതിന്റെ പേരിൽ അനർഹമായ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടോ എന്നതാണ്. അത് പരിശോധിക്കേണ്ടതാണ്. മറ്റൊന്നുകൂടി. ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിപ്പിച്ചതും അന്തരിച്ച എം.എൽ.എയുടെ മകനെയായിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും ഗുണകരമായ വശം പ്രധാന സ്ഥാനാർത്ഥികൾ ചെറുപ്പക്കാരായിരുന്നു എന്നതാണ്. പല പല കാരണങ്ങളാലും ചെറുപ്പക്കാർ പൊതുവിൽ അരാഷ്ട്രീയവാദികളാകുകയും കഴിയുന്നത്രപേർ കേരളം വിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സ്ഥാനാർഥിത്വങ്ങൾ പുരോഗമനപരമാണ്. രാഷ്ട്രീയം കൂടുതൽ കൂടുതൽ പ്രസക്തമായി വരുന്ന ഇക്കാലഘട്ടത്തിൽ ചെറുപ്പക്കാരെ ഇത് പ്രചോദിപ്പിക്കുമെങ്കിൽ നല്ലതാണ്. പക്ഷെ പ്രചാരണത്തിലൊന്നും അതിന്റെ പ്രതിഫലനമുണ്ടായില്ല എന്നതാണ് വാസ്തവം. ഇരുകൂട്ടരും കാര്യമായി രാഷ്ട്രീയം പറയുകയുണ്ടായില്ല. ചാണ്ടി ഉമ്മൻ പ്രധാനമായും സംസാരിച്ചത് പിതാവിനെ കുറിച്ചുതന്നെ. ജെയ്ക്കാകട്ടെ ഊന്നിയത് പുതുപ്പള്ളിയുടെ മാത്രം വികസനത്തിൽ. ആഗോളതലം മുതൽ സംസ്ഥാനതലം വരെയുള്ള രാഷ്ട്രീയപ്രശ്നങ്ങളൊന്നും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. ഇടതുപക്ഷം പറഞ്ഞ വികസന വിഷയത്തിൽ തന്നെ സത്യസന്ധത ഇല്ലായിരുന്നു. കേരളം ഭരിക്കുന്നത് ഇടതുപക്ഷം, മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളും ഭരിക്കുന്നതും അവർ തന്നെ. അപ്പോൾ വികസനമുരടിപ്പുണ്ടെങ്കിൽ അവരും ഉത്തരവാദികളല്ലേ? വികസനം വേണമെങ്കിൽ ഭരണപക്ഷ എം.എൽ.എ തന്നെ വേണമെന്ന നിലപാടാകട്ടെ ജനാധിപത്യവിരുദ്ധമാണ്. മറുവശത്ത് വളരെ മോശമായ രീതിയിലുള്ള അധിക്ഷേപങ്ങൾക്കും സൈബർ അക്രമങ്ങൾക്കും പ്രചാരണസമയം സാക്ഷ്യം വഹിച്ചു. കൂടാതെ സാമുദായിക ശക്തികളെ പ്രീണിപ്പിക്കാൻ ഇരുകൂട്ടരും മത്സരിക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.
ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം മാത്രമല്ല ഈ തെരഞ്ഞെടുപ്പുഫലത്തിനു കാരണം. എം.വി ഗോവിന്ദൻ പറയുന്നപോലെ സഹതാപം മാത്രമല്ല കാരണം. ഏതൊരു ഉപതെരഞ്ഞെടുപ്പും പോലെ ഈ തെരഞ്ഞെടുപ്പും സർക്കാരിന്റെ ഒരു വിലയിരുത്തൽ കൂടിയാണ്. ഒരു ഘട്ടത്തിൽ എം.വി ഗോവിന്ദൻ തന്നെ അതു പറഞ്ഞെങ്കിലും പിന്നീട് നിശബ്ദനായി. ഇടതുപക്ഷത്തുള്ളവർപോലും രഹസ്യമായും പരസ്യമായും പറയുന്നപോലെ തുടർഭരണം കിട്ടിയതോടെ സി.പി.എമ്മും ഭരണവും ഏറെ ജീർണിച്ചു എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. ഒരു വശത്ത് അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും വാർത്തകൾ. മറുവശത്ത് വർദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങൾ. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ നാടു കടന്നുപോകുന്നു. തോമസ് ഐസക് പോലും ഇക്കാര്യങ്ങൾ പരസ്യമായി പറഞ്ഞുകഴിഞ്ഞു. കർഷകരടക്കം സമൂഹത്തിൽ താഴെക്കിടയിലുള്ള പല വിഭാഗങ്ങൾക്കും അർഹതപ്പെട്ട അവകാശങ്ങൾ കൊടുക്കാനാവുന്നില്ല. കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള പണം കൊടുക്കുന്നില്ല. എല്ലാറ്റിനും കേന്ദ്രത്തെ പഴിച്ച് രക്ഷപ്പെടാനാണ് ശ്രമം. എന്നാൽ കേന്ദ്രത്തിനെതിരെ ശക്തമായ ഒരു സമരവും നടത്തുന്നില്ല. ദിനംപ്രതി മാധ്യമങ്ങളോട് സംസാരിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുള്ള മുഖ്യമന്ത്രിയാകട്ടെ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവേദിച്ചിട്ട് 200 ദിവസം കഴിഞ്ഞു. ഇവയൊടൊക്കെയുള്ള പ്രതികരണം കൂടിയാണ് ഉപതെരഞ്ഞെടുപ്പുഫലം. രണ്ട് പൊതുതെരഞ്ഞെടുപ്പുകൾക്കിടയിൽ ഭരണകൂടത്തോട് പ്രതികരിക്കാൻ ജനങ്ങൾക്കുകിട്ടുന്ന അവസരമാണല്ലോ ഉപതെരഞ്ഞെടുപ്പ്. അത് ഫലപ്രദമായി പുതുപ്പള്ളിക്കാർ നിർവഹിച്ചിരിക്കുന്നു.
ഈ ഉപതെരഞ്ഞെടുപ്പു ഫലത്തിലെ ഏറ്റവും ആഹ്ലാദകരമായ കാര്യം ബി.ജെ.പിയുടെ പരിപൂർണ തകർച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്ന വേളയിൽ, അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കമുണ്ടെന്ന വാർത്തകൾ സജീവമായ വേളയിൽ, ഇന്ത്യാ മുന്നണിയിലെ ഘടകങ്ങളായ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണിക്കപ്പുറം ഹിന്ദുത്വരാഷ്ട്രീയത്തിന് കേരളത്തിൽ ഒരു സ്ഥാനവുമില്ല എന്നതിന്റെ ഒരിക്കൽകൂടിയുള്ള പ്രഖ്യാപനം കൂടിയാണ് ഈ ഫലം. കേരളത്തിൽ എന്തെങ്കിലും സീറ്റുകിട്ടാനുള്ള തന്ത്രം എന്ന രീതിയിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ കൈയിലെടുക്കാനായിരുന്നു അവരുടെ സമീപകാല ശ്രമങ്ങൾ. എന്നാൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പുതുപ്പള്ളി അതിനൊരു പരിഗണനയും നൽകിയില്ല. അഥവാ അങ്ങനെ ചിന്തിച്ചിരുന്നവർ തന്നെ മണിപ്പൂരിനു ശേഷം മനസ്സുമാറ്റി എന്നതാണ് വസ്തുത. തീർച്ചയായും പ്രതീക്ഷ നൽകുന്ന ഒന്നാണിത്. മാത്രമല്ല, മൊത്തത്തിൽ പരിശോധിച്ചാൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും നമ്മുടെ ജനാധിപത്യ പ്രക്രിയയെ പൊതുവിൽ ചെറിയ തോതിലെങ്കിലും മുന്നോട്ടുനയിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടന്നതെന്നു പറയുന്നതായിരിക്കും രാഷ്ട്രീയമായി ശരി.






