പിണറായി, കണ്ണാടി നോക്കൂ..

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ പടുത്തുയർത്തിയ കൂറ്റൻ വിജയം എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്നതാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷമുള്ള പ്രസക്തമായ ചോദ്യം. കേരളത്തിന്റെ ജനകീയനായ മുൻമുഖ്യമന്ത്രി പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് മരണശേഷം അവർ നൽകിയ സ്‌നേഹവായ്പാണോ ഈ വിജയം. അതോ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിനെതിയുള്ള സർജിക്കൽ സ്‌ട്രൈക്കാണോ ഇത്. യഥാർഥത്തിൽ ഇത് രണ്ടും സമാസമം ഒത്തു ചേർന്ന സുനാമിയാണ് പുതുപ്പള്ളിയിൽ വീശിയടിച്ചത്. അതായത് ഉമ്മൻ ചാണ്ടിയോടുള്ള അഗാധമായ സ്‌നേഹത്തിനൊപ്പം തന്നെ പിണറായി വിജയന്റെ ഭരണ നയങ്ങളോടുള്ള കടുത്ത അതൃപ്തിയും പുതുപ്പള്ളിയിലെ വോട്ടർമാർ പ്രകടമാക്കി. ചുരുക്കത്തിൽ പിണറായി വിജയന് കണ്ണാടിയിൽ നോക്കാൻ സമയമായി എന്നർത്ഥം.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയായി. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപത്തിൽനിന്നുകൊണ്ട് തന്നെ വോട്ടർമാർ ഭരണത്തെയും വിലയിരുത്തി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് പറ്റിയ ഏറ്റവും നല്ല എതിരാളി തന്നെയാരുന്നു ജെയ്ക് സി. തോമസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ അമ്പേ വിറപ്പിച്ചവൻ. പക്ഷേ ഇത്തവണ ജെയ്കിന് പുതുപ്പള്ളിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 
സഹതാപ തരംഗം മറികടക്കാനുള്ള ഏക ആയുധം സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടർമാരിലേക്കെത്തിക്കുകയെന്നതാണ്. എന്നാൽ അങ്ങനെ എത്തിക്കാൻ ജെയ്ക്കിനും പാർട്ടിക്കും കാര്യമായി ഒന്നുമുണ്ടായില്ല. പുതുപ്പള്ളിയുടെ വികസനം എന്ന സുപ്രധാനമായ പ്രചാരണമാണ് ചാണ്ടി ഉമ്മനെ പിടിച്ചുകെട്ടാൻ സി പി എം അഴിച്ചു വിട്ടത്. എന്നാൽ അത് യാതൊരു ഫലവും ഉണ്ടാക്കിയില്ലെന്ന് തെളിയിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിക്കുമെന്നതിൽ സി പി എം നേതൃത്വത്തിന് സംശയമൊന്നുണ്ടായിരുന്നില്ല. പക്ഷേ സഹതാപ തരംഗം സൃഷ്ടിക്കുന്ന ഭൂരിപക്ഷത്തെ എങ്ങനെ പിടിച്ചു നിർത്താനാകുമെന്നായിരുന്നു അവരുടെ പരീക്ഷണം. എന്നാൽ സഹതാപ തരംഗത്തെ പിടിച്ചു നിർത്താനായില്ലെന്ന് മാത്രമല്ല സർക്കാരിന്റെ പ്രവർത്തനങ്ങളെ വോട്ടർമാർ എതിരായി വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി മുന്നിൽ നിർത്തിക്കൊണ്ടാണ് കഴിഞ്ഞ തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇത്തവണ പിണറായിയെ ക്യാപ്റ്റനായി അവതരിപ്പിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. അതുകൊണ്ട് ദോഷമല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്ന് പാർട്ടി കണക്കു കൂട്ടിയിരുന്നു. പുതുപ്പള്ളിയിൽ പിണറായി ഫാക്ടർ തിരിച്ചടിക്കുമോയെന്ന് സി പി എം നേരത്തെ തന്നെ ഭയപ്പെട്ടിരുന്നു. അത് തന്നെയാണ് യഥാർഥത്തിൽ സംഭവിച്ചെതന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ വ്യക്തമായിരിക്കുകയാണ്.
ചാണ്ടി ഉമ്മന്റെ വിജയത്തിലെ ഏറ്റവും പ്രധാന ഘടകം സഹതാപ തരംഗം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സഹതാപ തരംഗം എവിടെ വരെ പോകുമെന്നതിന് അതിർ വരമ്പ് നേരത്തെ തന്നെ മുന്നണികൾ കണക്കുകൂട്ടിയിരുന്നു. 25000 വോട്ടിൽ താഴെയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെങ്കിൽ അത് സഹതാപ തരംഗത്തിന്റെ അക്കൗണ്ടിൽ വകയിരുത്തി സി പി എമ്മിന് കൈകഴുകാമായിരുന്നു. എന്നാൽ ഭൂരിപക്ഷം 37719 വോട്ടിലേക്ക് കടന്നതോടെ ഇടതുമുന്നണി സംവിധാനത്തിന്റെ അടിത്തറയെ അത് ബാധിച്ചെന്ന് സി പി എം തീർച്ചയായും കണക്കുകൂട്ടണം. ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പുതുപ്പള്ളിയിലെ യു ഡി എഫിന്റെ കൂറ്റൻ വിജയം ഒരു ചൂണ്ടു പലകയായിത്തന്നെ ഇടതുമുന്നണിയും സർക്കാറും കാണേണ്ടതുണ്ട്. 
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കാതലായ തെറ്റു തിരുത്തലുകൾ നടത്തിയില്ലെങ്കിൽ കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ലെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉപാധിയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. അതായത് സുനാമി പോലുള്ള  ദുരന്തങ്ങൾ വരുമ്പോൾ ചില സൂചനകൾ കാലേക്കൂട്ടി തന്നെ പ്രകൃതി നൽകുമെന്ന് പറയുന്നത് പോലെ. ആ സൂചനയിൽ നിന്ന് വേണം പ്രതിരോധം കെട്ടിപ്പടുക്കാൻ. ഈ സൂചന കണ്ട് പഠിച്ചില്ലെങ്കിൽ സർക്കാറിന്റെയും പാർട്ടിയുടെയും ആണിക്കല്ല് ഇളകിപ്പോകുക തന്നെ ചെയ്യും.
പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സിലേക്ക് എത്താനുള്ള ഒന്നും സർക്കാരിന്റെ കൈയ്യിലുണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വികസനമായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണ ആയുധമെങ്കിലും ജനങ്ങളുടെ മനസ്സിനെ തൊട്ടുണർത്തുന്ന, അവരുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെ ലഘൂകരിക്കുന്ന ഒരു മുന്നേറ്റവും സർക്കാരിന് കൊണ്ടു വരാനായില്ല. മറിച്ച് സർക്കാരിനെക്കുറിച്ചുള്ള  വിവാദങ്ങളും, ധൂർത്തും, സംസ്ഥാനത്തിന്റെ കടബാധ്യതകളുമൊക്കെയാണ് അവരെ പിടിച്ചുലച്ചത്. സാധാരണ വോട്ടർമാരെ കൈയ്യിലെടുക്കാനുള്ളതൊന്നും കൈവശമുണ്ടായിരുന്നില്ല. പുതുപ്പള്ളി നൽകുന്ന മുന്നറിയിപ്പ് കണ്ടില്ലെന്ന് നടിച്ചാൽ ഇതിലും വലിയ പരാജയമായിരിക്കും ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം വട്ടവും പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർസർക്കാർ അധികാരത്തിലെത്തിയതോടെ കേരള രാഷ്ട്രീയത്തിൽ യു ഡി എഫിന്റെ ആധിപത്യത്തിന് കനത്ത ഇടിവ് സംഭവിക്കുകയാണെന്ന തോന്നൽ പൊതുവെ നിലനിന്നിരുന്നു. തോൽവിയിൽനിന്ന് പാഠം പഠിക്കാൻ പലപ്പോഴും തയ്യാറാകാത്ത കോൺഗ്രസ് പക്ഷേ പുതുപ്പള്ളിയിൽ ശരിക്കും പാഠം ഉൾക്കൊണ്ടിട്ടുണ്ട്. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ തരക്കേടില്ലാത്ത വിജയം പോലും തോൽവിക്ക് തുല്യമാകുമെന്ന തിരിച്ചറിവിൽ ഒരു പരിധിവരെ ചിട്ടയായ സംഘടനാ പ്രവർത്തനം നടത്താൻ അവർക്ക് സാധിച്ചു. 
ഗ്രൂപ്പിനതീതമായി നേതാക്കൾ ഒത്തൊരുമിച്ച് നിന്ന് മികച്ച പ്രവർത്തനം കാഴ്ചവെച്ചതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. അതിനൊപ്പം തന്നെ ഇത് മികച്ച സംഘടനാ പ്രവർത്തനത്തിന്റെ മാത്രം വിജയമല്ലെന്നും സഹതാപ തരംഗത്തിന്റെ വലിയ പങ്കാളിത്തം കൂടി ഈ വിജയത്തിന് പിന്നിലുണ്ടെന്നും അവർ തിരിച്ചറിയേണ്ടതുണ്ട്. 
ബി ജെ പിയെ സംബന്ധിച്ചിടത്തോളം  കേരളത്തിൽ താമരയുടെ തണ്ട് താഴേയ്ക്ക് ഒടിഞ്ഞു തൂങ്ങുന്നതിന്റെ തെളിവാണ് പുതുപ്പള്ളിയിലെ ബി ജെ പി വോട്ടുകൾ. കഴിഞ്ഞ തവണ നേടിയ 11,694 വോട്ടുകൾ ഇത്തവണ 6558 ആയി കുറഞ്ഞു. ഇത് കനത്ത പ്രഹരമാണ് പാർട്ടിയ്ക്ക് ഉണ്ടാക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി കേന്ദ്ര നേതൃത്വം വലിയ പ്രതീക്ഷ പുലർത്തുമ്പോഴാണ് സ്വന്തം കീശയിലുള്ള വോട്ടുപോലും ആരാന്റെ കീശയിലേക്ക് ഒഴുകിപ്പോയത്. ഇതിന് ബി ജെ പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് മറുപടി പറയേണ്ടി വരും. 
സാധാരണ ഗതിയിൽ ബി ജെ പിയുടെ ഹിന്ദു വോട്ടുകൾ ഏത് തരംഗം വന്നാലും ചാണ്ടി ഉമ്മന്റെ പെട്ടിയിലേക്ക് ഒഴുകിപ്പോകേണ്ട സാഹചര്യമില്ല. കാരണം അത് ജാതിയെയും മതത്തിനെയുമൊക്കെ അടിസ്ഥാനമാക്കി മാത്രമുള്ള  വോട്ടുകളാണ്. എന്നാൽ അവിടെ അതും സംഭവിച്ചിരിക്കുന്നു. അതിനർത്ഥം പാർട്ടി അണികൾക്ക് പോലും സ്വന്തം പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നതാണ്. മാത്രമല്ല ക്രിസ്ത്യൻ, നായർ സമുദായങ്ങളെ ഒരു പരിധി വരെ കൂടെ നിർത്താനുള്ള ബി ജെ പിയുടെ തന്ത്രങ്ങളൊക്കെ അടപടലം പൊളിഞ്ഞു പോകുകയും ചെയ്തിരിക്കുകയാണ്. 
ഏതായാലും പുതുപ്പള്ളിയിൽ നടന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലാണ്. പുതുപ്പള്ളിയുടെ പാഠം ഉൾക്കൊണ്ട് വരാനിരിക്കുന്ന ഫൈനലിന് നന്നായി തയ്യാറെടുക്കുകയാണ് ഓരോ മുന്നണിയ്ക്കും ഇനി ചെയ്യാനുള്ളത്.
 

Latest News