Sorry, you need to enable JavaScript to visit this website.

WATCH: സൗദി കിരീടാവകാശി ജി-20 ഉച്ചകോടിയില്‍

ന്യൂദല്‍ഹി - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. കിരീടാവകാശിയുടെ അധ്യക്ഷതയിലാണ് സൗദി സംഘം ദ്വിദിന ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് കിരീടാവകാശി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനവും നടത്തും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നരേന്ദ്ര മോദിയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചക്കിടെ ഉഭയകക്ഷിബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും വിശകലനം ചെയ്യും. സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗവും ചേരുമെന്ന് സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. ജി-20 ഉച്ചകോടി വേദിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യന്‍ പ്രധാനമന്ത്രി ഊഷ്മളമായി സ്വീകരിച്ചു.
ജി-20 ഉച്ചകോടിയിലെ പ്രധാന അംഗങ്ങളില്‍ ഒന്നായി 2008 മുതലുള്ള സൗദി അറേബ്യയുടെ സാന്നിധ്യം രാജ്യത്തിന്റെ ശക്തിയുടെയും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന്റെയും ആഗോള സാമ്പത്തിക നയരൂപീകരണത്തെ സ്വാധീനിക്കാനുള്ള കഴിവിന്റെയും ഫലമാണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ജി-20 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്ന മികച്ച പദ്ധതികള്‍ സൗദി അറേബ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകത്ത് ഊര്‍ജ വിപണി സ്ഥിരത ഉറപ്പാക്കുന്നതില്‍ സൗദി അറേബ്യ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
അന്താരാഷ്ട്ര സാമ്പത്തിക, വികസന മാനങ്ങളുള്ള ഒരു അജണ്ടക്ക് നേതൃത്വം നല്‍കുന്ന സൗദി കിരീടാവകാശിയുടെ അധ്യക്ഷതയിലുള്ള വന്‍ സംഘം പതിനെട്ടാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. മേഖലയിലും ലോകത്തും സൗദി അറേബ്യക്കുള്ള ഉന്നതവും നേതൃപരവുമായ സ്ഥാനമാണ് ഇത് സ്ഥിരീകരിക്കുന്നത്. ലോക രാജ്യങ്ങളുമായുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സൗദിയിലെ മികച്ച നിക്ഷേപ അന്തരീക്ഷം എടുത്തുകാട്ടാനുമുള്ള സൗദി അറേബ്യയുടെ താല്‍പര്യമാണ് ഉച്ചകോടിയിലെ നിക്ഷേപ മന്ത്രാലയത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

Latest News