Sorry, you need to enable JavaScript to visit this website.

മൊറോക്കോ ഭൂകമ്പത്തിന് ദൃക്സാക്ഷികളായി മൂന്ന് മലയാളി സുഹൃത്തുക്കൾ

ഹസൻ ചേളാരിയും സുഹൃത്തുക്കളായ ഇബ്രാഹിം, അബ്ദുല്ല എന്നിവരും മറാക്കിഷിൽ

ജിദ്ദ- അറുന്നൂറിലധികം പേരുടെ ജീവൻ കവർന്നെടുത്ത, ഉത്തരാഫ്രിക്ക അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന കനത്ത ഞെട്ടലിൽ നിന്ന് മുക്തരാകാതെ ജിദ്ദയിലെ ആദ്യകാല മലയാളി മാധ്യമ പ്രവർത്തകൻ ഹസൻ ചേളാരിയും രണ്ട് സുഹൃത്തുക്കളും.
ഭൂകമ്പം നക്കിത്തുടച്ച പ്രകൃതിരമണീയമായ മറാകെഷ് നഗരത്തിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് 560 കിലോമീറ്ററകലെ, ടാൻജിർ നഗരത്തിലേക്ക് ഇവരെത്തിയത്. അവിചാരിതമായ കുലുക്കത്തിൽ മറാകെഷിന്റെ ഭൂമി പിളരുന്നതിന് മുമ്പ് വരെ സംഭവസ്ഥലത്ത് നിന്ന് അധികം അകലെയല്ലാതെയുള്ള ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു, ഹസനും സുഹൃത്തുക്കളായ ഇബ്രാഹിം എറക്കുത്തും ആവണം അബ്ദുല്ലയും. മൂന്നു മണിക്കൂർ യാത്ര ചെയ്ത് ജിബ്രാൾട്ടറിനടുത്ത് സ്പെയിന്റെ അതിരായ, മൊറോക്കോയിലെ സുന്ദരനഗരമായ ടാൻജിറിലെത്തിയപ്പോഴാണ് മൊറോക്കോ സമയം രാത്രി പതിനൊന്നേകാലിന് - ഭൂകമ്പം പൊട്ടിപ്പുറപ്പെട്ട വാർത്തയറിഞ്ഞത്.

മറാക്കിഷിലെ ഭൂകമ്പബാധിതപ്രദേശം

മറാക്കെഷിലുള്ള മൊറോക്കൻ സുഹൃത്തുമായി ഹസൻ, രാത്രി ഫോണിൽ സംസാരിക്കുന്നതിന്നടയിൽ ഭൂമി കുലുക്കം അനുഭവപ്പെടുന്നതായി സുഹൃത്ത് പറഞ്ഞ ഉടൻ ഫോൺ  അങ്ങേ തലക്കൽ ശബ്ദം നിലച്ചു. പിന്നീട് ഇന്ന് രാവിലെ മുതൽ പല വട്ടം അദ്ദേഹേത്തെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമമത്രയും വിഫലമായി. അദ്ദേഹത്തിന് എന്ത് സംഭവിച്ചെന്ന് അറിയില്ല.
ജനങ്ങളുടെ കണ്ണിൽ നിന്ന് ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല. സ്ത്രീകളും കുഞ്ഞുങ്ങളുൾപ്പെടെ അറുന്നൂറിലധികമാളുടെ അപകടമരണത്തിൽ ദു:ഖം പേറുന്ന വലിയൊരു ജനക്കൂട്ടത്തെയാണ് ഞങ്ങൾക്ക് കാണാനായത്. ജനജീവിതമാകെ നിശ്ചലമായത് പോലെ. പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിരിക്കുന്നു. ടാൻജിറിൽ മാത്രമല്ല, കാസാബ്ലാങ്കയിലും തലസ്ഥാനമായ റബാത്തിലുമെല്ലാം ജീവിതം ദു:ഖപൂർണമായ അവസ്ഥ. ഫോൺ ബന്ധങ്ങളിൽ കൂടെക്കൂടെ തടസ്സമുണ്ട്. ഇനിയും തുടർചലനമുണ്ടാകുമെന്ന പേടി വിട്ടുമാറാത്ത ജനങ്ങളിൽ പലരും മറാക്കിഷിൽ നിന്ന് ടാൻജിറിലേക്ക് പ്രവഹിക്കുന്നത് ഞങ്ങൾ കണ്ടു... ഹസൻ ചേളാരി മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഈജിപ്തിൽ നിന്ന് വിനോദസഞ്ചാരികളായി മൊറോക്കോയിൽ എത്തിയതാണ് ഹസനും കൂട്ടുകാരും. ഈ 12 ന് ദുബായ് വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനസർവീസുകൾക്ക് തൽക്കാലം തടസ്സം നേരിട്ടിട്ടില്ല.


റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത കാണിച്ച ഭൂകമ്പത്തിന്റെ പ്രഭവം ഹൈ അറ്റ്ലസ് പർവതനിരകളാണത്രേ. പ്രകൃതിയുടെ ഹരിതസൗന്ദര്യം പുതഞ്ഞുകിടക്കുന്ന മറാക്കെഷിന്റെ 70 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ഭൂകമ്പം വെള്ളിയാഴ്ച രാത്രി വൻനാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണെന്നുമാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകളെന്നും ഇന്ത്യാ വിഷൻ ചാനലിന്റെ ആരംഭകാല ഡയരക്ടർമാരിലൊരാൾ കൂടിയായ ഹസൻ ചേളാരി പറഞ്ഞു.

ചരിത്രനഗരങ്ങളായ റബാത്തിലും കാസാബ്ലാങ്കയിലും എസ്സൗറയിലും തുടർചലനങ്ങളുടെ സാധ്യത ഭൗമശാസ്ത്രജ്ഞർ പ്രവചിക്കുന്നുണ്ട്. ഭൂകമ്പത്തിൽ ഇന്ത്യക്കാർ പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി റബാത്തിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

Latest News