Sorry, you need to enable JavaScript to visit this website.

മുൻ പ്രവാസികൾക്ക് ഇരുപത് ലക്ഷം രൂപയുടെ വായ്പ; ഏതെല്ലാം ബിസിനസുകൾ ചെയ്യാം

കോഴിക്കോട്- രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഇരുപത് ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്കാണ് ലോൺ അനുവദിക്കുന്നത്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ റീടേൺ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു.

ലോൺ അനുവദിക്കുന്ന ബിസിനസുകൾ

ഡയറി ഫാം, പൗൾട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ്‌വെയർ ഷോപ്പ്, ഫർണിച്ചർ ഷോപ്പ്, റസ്‌റ്റോറന്റ്, ബ്യൂട്ടി പാർലർ, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷൻ സ്‌റ്റോർ, െ്രെഡവിംഗ് സ്‌കൂൾ, ഫിറ്റ്‌നസ് സെന്റർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ്, ഫ്‌ളോർ മിൽ, ഡ്രൈക്ലീനിംഗ് സെന്റർ, ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി സെന്റർ, മൊബൈൽ ഷോപ്പ്, ഫാൻസി,സ്‌റ്റേഷനറി സ്‌റ്റോൾ, മിൽമാ ബൂത്ത്, പഴം, പച്ചക്കറി വിൽപനശാല, ഐസ്‌ക്രീം പാർലർ, മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ് തുടങ്ങി വരുമാന ദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴിൽ കണ്ടെത്തുന്നതിനും ഓട്ടോ റിക്ഷ/ടാക്‌സി/പിക്കപ്പ് വാഹനം വാങ്ങുന്നതിനും വായ്പ ലഭിക്കും.
ആറ് മുതൽ ഏഴ് ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.
പ്രവാസികൾക്കു വേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളതിൽ ഏറ്റവും ആകർഷകമായ വായ്പപദ്ധതിയാണിത്. പദ്ധതി പ്രകാരം വായ്പ എടുക്കുന്നവർക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ 4 വർഷം 3 ശതമാനംപലിശ സബ്‌സിഡിയും നോർക്കാ റൂട്ട്‌സ് അനുവദിക്കും.ഇതിനു പുറമെ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ 5 ശതമാനംഗ്രീൻകാർഡ് ആനുകൂല്യമായി കോർപറേഷൻ അനുവദിക്കും. ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതു വഴി പലിശ സഹിതമുള്ള തിരിച്ചടവ് വായ്പ തുകയേക്കാൾ കുറവാണെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.
നോർക്കാ റൂട്ട്‌സ് ശുപാർശ ചെയ്യുന്ന പ്രവാസികൾക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനു വേണ്ടി നോർക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോർക്കാറൂട്ട്‌സിൽ നിന്നും ലഭിക്കുന്ന ശുപാർശ കത്ത് സഹിതം കേർപ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com സന്ദർശിക്കുക.

Latest News