മകനെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ കട്ട കൊണ്ട് അടിച്ചുകൊന്നു

ന്യൂദല്‍ഹി- മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ അടിച്ചുകൊന്നു. ഓഖ്ല സഞ്ജയ് കോളനിയിലാണു സംഭവം. കൗമാരക്കാരായ കുട്ടികള്‍ ചേര്‍ന്ന് മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണു പിതാവിനെ കട്ട കൊണ്ട് അടിച്ചുകൊന്നത്. ചുമട്ടു തൊഴിലാളിയായ മുഹമ്മദ് ഹനീഫ് ആണ് കൊല്ലപ്പെട്ടത്. മകനും ഗുരുതരമായി പരുക്കേറ്റു.

വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കുന്നതിനാണ് ഫനീഫിന്റെ 14 വയസ്സുകാരനായ മകന്‍ രാത്രിയില്‍ തെരുവിലെത്തിയത്. ബൈക്കിനു മുകളില്‍ അഞ്ചു പേരടങ്ങുന്ന സംഘം ഇരിക്കുന്നുണ്ടായിരുന്നു. ഇവരോട് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് തര്‍ക്കമായി. ബഹളം കേട്ടാണ് ഹനീഫ് ഇവിടേക്ക് എത്തിയത്.

മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഹനീഫിനെയും സംഘം കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തില്‍ നിയോഗിച്ചിരിക്കെയാണു ദാരുണമായ സംഭവം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News