കോഴിക്കോട്- തൃശൂർ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്‌കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദ പൂജ ചെയ്യിച്ച നടപടിയെ പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി. അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിക്കുന്നവരായത് കൊണ്ട് കുട്ടികൾ എതിർപ്പ് പ്രകടിപ്പിക്കാത്തതിനാൽ സ്‌കൂൾ മാനേജ്‌മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
കൂടാതെ സംസ്ഥാനത്തെ പല സ്‌കൂൾ മാനേജ്‌മെന്റുകളും യൂണിഫോമിന്റെ പേര് പറഞ്ഞ് പെൺകുട്ടികൾക്ക് മഫ്ത ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തവർ ഇവിടെ പഠിക്കണ്ട എന്ന ധിക്കാരമാണ് അത്തരം മാനേജ്‌മെന്റുകൾ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പൊതു നിർദ്ദേശം പുറപ്പെടുവിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു..
തട്ടമിട്ടവരും ഇടാത്തവരും പൊട്ടു തൊട്ടവരും പൊട്ടു തൊടാത്തവരുമൊക്കെ ഒരുമിച്ചിരുന്ന് പഠിച്ചതു കൊണ്ടാണ് നമ്മളിന്നീ കാണുന്ന സൗഹൃദങ്ങളൊക്കെ അവശേഷിക്കുന്നത്. വിദ്യാലയങ്ങൾ അവനവന്റെ വിഭാഗത്തിന് മാത്രമാക്കി, ഒരു പൊതു ഇടം കൂടി ഇല്ലാതാക്കുന്ന നടപടിയെ സർക്കാർ ഗൗരവത്തോടെ കാണണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.