യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കൊല്ലം - യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്നും  മരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ആണെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.  നയന സൂര്യയുടെ ദുരൂഹ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിഴവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നയനയുടെ ശരീരത്തിലെ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ്. 1.5 സെന്റിമീറ്റര്‍ മുറിവിന് 31.5 സെന്റിമീറ്റര്‍ മുറിവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തില്‍ ടൈപ്പിങ് പിഴവാണ് സംഭവിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, നയന മുന്‍പ് അഞ്ചു തവണ ബോധരഹിതയായി ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചികിത്സാ രേഖകള്‍ ഉള്‍പ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. കടുത്ത വിഷാദത്തിലെന്നു ഡോക്ടറുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. വിഷാദത്തിന് കഴിച്ച മരുന്നുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും കണ്ടെത്തലുണ്ട്. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 

Latest News