Sorry, you need to enable JavaScript to visit this website.

ലിങ്കില്‍ ക്ലിക്ക് ചെയ്ത ആലപ്പുഴയിലെ  യുവതിയുടെ അക്കൗണ്ട് കാലിയായി 

ആലപ്പുഴ-ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്ന് 90,700രൂപ തട്ടിയെടുത്തതായി പരാതി.  എറണാകുളം അമൃത നഴ്‌സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂര്‍ ഹൗസില്‍ മഞ്ജു ബിനുവിന്റെ തുകയാണ് നഷ്ടപ്പെട്ടത്. നാഷണല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
പാസ്‌പോര്‍ട്ടിലെ പേര് തിരുത്താനായി മഞ്ജു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കഴിഞ്ഞ 26ന് അപേക്ഷ നല്‍കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ആലപ്പുഴയിലെ പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തില്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് കൊറിയര്‍ വഴി അയച്ചു തരുന്നതിന് പത്തുരൂപ സര്‍വീസ് ചാര്‍ജ്ജ് അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് രണ്ടിന് രാവിലെ 11മണിയോടെ മഞ്ജുവിന് ഒരു ഫോണ്‍കോളെത്തി. ഇതിനായി ലിങ്കിട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മഞ്ജുവിന്റെ പേരില്‍ എസ്.ബി.ഐ കളര്‍കോട് ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്ന് പത്തുരൂപ ഓണ്‍ലൈനായി അയച്ചു കൊടുത്തു. അല്‍്പസമയത്തിനുള്ളില്‍ പുതിയ ഫോര്‍മാറ്റ് അയച്ചശേഷം അത് പൂരിപ്പിച്ച് അയക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം യു.പി.ഐ നമ്പര്‍ ഉള്‍പ്പെടെ അയച്ചു കൊടുത്തു. 4ന് ഉച്ചക്ക് 11.30മണിയോടെ അക്കൗണ്ടില്‍ നിന്ന് 90,700രൂപ പിന്‍വലിച്ചോ എന്ന് ചോദിച്ച് എസ്.ബി.ഐയില്‍ നിന്നെന്ന വ്യാജേന ഒരു ഫോണ്‍ സന്ദേശം വന്നു. സംശയം തോന്നിയ മഞ്ജുവിന്റെ ഭര്‍ത്താവ് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെനിന്ന് ആരും വിളിച്ചില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ട വിവരം മനസിലായത്. ഐ.സി.ഐ.സി ബാങ്കിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. ബംഗ്‌ളൂരിലെ ബസോനേശ്വര്‍ നഗറിലുള്ള ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം 7ന് പിന്‍വലിച്ചതായി അറിയാനായി. ഇന്നലെ ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാഷണല്‍ സൈബര്‍സെല്ലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Latest News