Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാന്‍ യു.ഡി.എഫും വര്‍ഗീയ കക്ഷികളും ശ്രമിച്ചു-മന്ത്രി എം.ബി രാജേഷ്

മലപ്പുറത്തു ജനകീയ വിദ്യാഭ്യാസ സദസ് മന്ത്രി എം.ബി രാജേഷ് ഉദഘാടനം ചെയ്യുന്നു.

മലപ്പുറം-ഹയര്‍സെക്കന്‍ഡറി പ്രവേശനം നടക്കുന്ന സമയത്ത് മതനിരപേക്ഷ മലപ്പുറത്തിന്റെ മണ്ണില്‍ വര്‍ഗീയ വിദ്വേഷം കലര്‍ത്തുന്ന പ്രചാരണം നടത്തി വിദ്യാഭ്യാസ പുരോഗതിക്ക് തടസം സൃഷ്ടിക്കാനാണ് യു.ഡി.എഫും ചില വര്‍ഗീയ കക്ഷികളും ശ്രമിച്ചതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനകീയ വിദ്യാഭ്യാസ സമിതി മലപ്പുറത്ത് നടത്തിയ ജനകീയ വിദ്യാഭ്യാസ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ശാസ്ത്രീയ പഠനത്തിലൂടെ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹയര്‍സെക്കന്‍ഡറി പ്രവേശനം ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. 2019 മുതല്‍ 2023 വരെ 106 അഡീഷണല്‍ ബാച്ചുകളാണ് ജില്ലയില്‍ ആരംഭിച്ചത്.
ഹയര്‍ സെക്കന്‍ഡറി പ്രവേശനം പൂര്‍ത്തിയായപ്പോള്‍  ഈ വര്‍ഷം ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി 4000 ത്തിലധികം പ്ലസ് വണ്‍സീറ്റുകള്‍ ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് മലപ്പുറം ജില്ലയിലാകെ 738 ബാച്ചുകള്‍ ആരംഭിച്ചു. എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് 499 ബാച്ചുകള്‍ മാത്രമാണ് ആരംഭിച്ചത്.  16 സ്‌കൂളുകള്‍ക്ക് അഞ്ചു കോടി, 32 സ്‌കൂളുകള്‍ക്ക് മൂന്നു കോടി,  50 സ്‌കൂളുകള്‍ക്ക് 3.9 കോടി, 50 സ്‌കൂളുകള്‍ക്ക് ഒരു കോടി, 6800 ഹൈടെക് ക്ലാസ്മുറികള്‍, 1300 പ്രൈമറി സ്‌കൂള്‍ ഐടി ലാബുകള്‍, എന്നിവക്കായി കോടിക്കണക്കിന് രൂപയാണ് മലപ്പുറം ജില്ലക്ക് എല്‍.ഡി.എഫ് ഭരണകാലത്ത് അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ വിദ്യാഭ്യാസ മേഖലക്ക് ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് മലപ്പുറം ജില്ലയിലാണ്. ഇതു മലപ്പുറത്തോടുള്ള ഇടതുപക്ഷത്തിന്റെ കരുതലാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ഇന്ത്യയിലെ ഉന്നത നിലവാരത്തിലുള്ള നൂറു സര്‍വകലാശാലകളില്‍ 14 എണ്ണവും കേരളത്തിലാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാഡമിക നിലവാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അടിസ്ഥാന സൗകര്യവികസനത്തിനും അക്കാഡമിക മികവിനും ലോകത്തിലെ വികസിത രാജ്യങ്ങളിലെ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന രൂപത്തില്‍ നമ്മുടെ ഗ്രാമപ്രദേശത്തെ വിദ്യാലയങ്ങള്‍ മാറിയെന്നും മന്ത്രി പറഞ്ഞു.  
സംഘാടക സമിതി ചെയര്‍മാന്‍ വി.പി അനില്‍ അധ്യക്ഷത വഹിച്ചു. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി ജലീല്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ജനകീയ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ടി. രത്്നാകരന്‍, ജോയിന്റ് കണ്‍വീനര്‍ ഡോ. സന്തോഷ് വള്ളിക്കാട് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.ടി.എ സംസ്ഥാന ട്രഷറര്‍ ടി.കെ.എ ഷാഫി, അനീഷ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

 

 

 

 

 

 

 

 

 

 

Latest News