Sorry, you need to enable JavaScript to visit this website.

താമിര്‍ ജിഫ്രി കസ്റ്റഡി മരണം അന്വേഷണം സി. ബി. ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി- താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസ് അന്വേഷണം സി. ബി. ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി. ബി. ഐയ്ക്ക് നിര്‍ദേശം നല്‍കി. 

കേസ് ഡയറിയും മറ്റു രേഖകളും ഉടന്‍ തന്നെ കൈമാറണം. അന്വേഷണത്തിന് അവശ്യമായ എല്ലാ സഹായങ്ങളും സി. ബി. ഐക്കു നല്‍കാനും ഉത്തരവിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കേസാണിതെന്നും ഇത്തരം കേസുകള്‍ സി. ബി. ഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിലെ അംഗങ്ങളാണു കേസിലെ പ്രതികള്‍. അതോടൊപ്പം മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും താനൂര്‍ ഡി. വൈ. എസ്. പിക്കും താനൂര്‍ സി. ഐക്കുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നാണ് താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിക്കുന്നത്. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം പിടിയിലായവര്‍ക്ക് ജയിലില്‍ ക്രൂരമര്‍ദനമേറ്റെന്നു ചൂണ്ടിക്കാട്ടി ലഹരിമരുന്നു കേസിലെ രണ്ടാം പ്രതി മന്‍സൂറിന്റെ പിതാവ് കെ. വി. അബൂബക്കറും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രതികളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നെന്ന മൊഴി ഒപ്പിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്ന് ഹരജിയില്‍ പറയുന്നു. ലഹരി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പി. എം. താമിര്‍ ജിഫ്രി ആഗസ്റ്റ് ഒന്നിനാണ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്വാധീനത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചും കേസില്‍ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമായതിനാല്‍ കേസന്വേഷണം ഉടന്‍ ഏറ്റെടുക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ബോധിപ്പിച്ച കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

കേസിന്റെ അന്വേഷണം നേരത്തെ സി. ബി. ഐക്ക് കൈമാറുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം സി. ബി. ഐ ഏറ്റെടുത്തിരുന്നില്ല.

Latest News