Sorry, you need to enable JavaScript to visit this website.

ജി20: ഇന്ത്യയുടെ ആഘോഷം

ജി2 ഉച്ചകോടിക്ക്  ദൽഹിയിൽ തുടക്കമായി.  രണ്ടു ദിവസങ്ങൾ ഇന്ദ്രപ്രസ്ഥം ആഗോള തലസ്ഥാനമാകും. റഷ്യ, ചൈന പ്രസിഡന്റുമാരൊഴിച്ച് 19 അംഗരാജ്യങ്ങളുടെയും തലവന്മാരും യൂറോപ്യൻ യൂനിയൻ രാഷ്ട്രത്തലവന്മാരും അതിഥി രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉച്ചകോടിക്കെത്തും. ഈ ആഗോള മാമാങ്കം രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ കരുത്ത് കൂട്ടുക മാത്രമല്ല, അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തി വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു.

സാധാരണയിൽനിന്ന് വ്യത്യസ്തമായി ഇന്ത്യ ആഘോഷത്തോടെ വരവേൽക്കുന്ന ജി20 ഉച്ചകോടി സെപ്റ്റംബർ 9, 10 തീയതികളിൽ ദൽഹിയിൽ നടക്കുകയാണ്. ഇന്ത്യ എന്ന ആഗോള ശക്തിയെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉച്ചകോടിയുടെ സംഘാടനം. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ ന്യൂദൽഹിയിലേക്ക് ഒഴുകിയെത്തും. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ ഈ മാമാങ്കത്തിനൊരുങ്ങുന്നത്.

ജി20 ൽ ലോകത്തിലെ ഏറ്റവും വലിയ 19 സമ്പദ്വ്യവസ്ഥകളും യൂറോപ്യൻ യൂനിയനും ഉൾപ്പെടുന്നു. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുനൈറ്റഡ് കിംഗ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയാണ് ഈ രാജ്യങ്ങൾ. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ രാജ്യങ്ങളാണ് എന്നതിൽനിന്നു തന്നെ ജി20 യുടെ പ്രാധാന്യം വ്യക്തമാകും.

അംഗരാജ്യങ്ങളെ കൂടാതെ, ഓരോ വർഷവും ജി20 അധ്യക്ഷ പദം വഹിക്കുന്ന രാജ്യം ഏതാനും അതിഥി രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാറുണ്ട്. ഈ വർഷം ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്‌പെയിൻ, യു.എ.ഇ എന്നിവയെയാണ് നാം അതിഥി രാജ്യങ്ങളായി ക്ഷണിച്ചിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാഷ്ട്രനേതാക്കൾ എത്തുന്നുവെങ്കിലും നമ്മുടെ മേഖലയെ സംബന്ധിച്ച് പ്രാധാന്യമുള്ള രണ്ട് രാജ്യങ്ങളുടെ, റഷ്യയുടെയും ചൈനയുടെയും പ്രസിഡന്റുമാർ എത്തുന്നില്ല എന്നത് ഉച്ചകോടിയുടെ ശോഭക്ക് അൽപം മങ്ങലേൽപിച്ചിട്ടുണ്ട്.

ജി20 അംഗരാജ്യങ്ങളിൽ 4.9 ബില്യണിലധികം ആളുകൾ താമസിക്കുന്നുണ്ട്, ശരാശരി ആയുർദൈർഘ്യം 78 വർഷവും നിലവിലെ ശരാശരി പ്രായം മുപ്പത്തൊമ്പതുമാണ്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയും (17. 85 ശതമാനം) ചൈനയും (17.81 ശതമാനം) ചേർന്ന് ലോക ജനസംഖ്യയുടെ 35 ശതമാനത്തിലധികം വരും. ആഗോള ജനസംഖ്യയുടെ 4.25 ശതമാനം മാത്രം വരുന്ന അമേരിക്ക മൂന്നാം സ്ഥാനത്തും 3.47 ശതമാനം വരുന്ന ഇന്തോനേഷ്യ നാലാമതുമാണ്. ജി20 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ഓസ്ട്രേലിയ ആഗോള സംഖ്യയുടെ 0.33 ശതമാനം മാത്രമാണ്.

അന്താരാഷ്ട്ര സാമ്പത്തിക സഹകരണമാണ് ജി20 കൂട്ടായ്മയുടെ മുഖ്യ അജണ്ട. ആഗോള ജി.ഡി.പിയുടെ 85 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിൽ ഇന്ത്യയുടെ ശരാശരി ജി.ഡി.പി വളർച്ച നിരക്ക് ഏറ്റവും ഉയർന്നത് 6.1 ശതമാനമാണ്. ചൈന 4.4 ശതമാനവും തുർക്കി മൂന്നു ശതമാനവുമാണ്. ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്നുവെന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ജി20 രാജ്യങ്ങളിൽ ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഏറ്റവും കൂടുതൽ അമേരിക്കയുമായാണ്. 129 ബില്യൺ ഡോളറിന്റെ വ്യാപാരവും 27.7 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചവുമാണ് അമേരിക്കയുമായുള്ളത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി ചൈനയാണ് (മൊത്തം 113.8 ബില്യൺ ഡോളർ വ്യാപാരം). സൗദി അറേബ്യ (49.9 ബില്യൺ ഡോളർ), റഷ്യ (49.4 ബില്യൺ ഡോളർ) എന്നിവ തൊട്ടുപിന്നിലായി വരുന്നു. ജി20 യിലെ ഏക പ്രാദേശിക ഗ്രൂപ്പായ യൂറോപ്യൻ യൂനിയനുമായി 135.9 ബില്യൺ ഡോളറിന്റെ മൊത്തം വ്യാപാരമാണ് ഇന്ത്യക്കുള്ളത്.  
ജി20 കൂട്ടായ്മക്ക് സ്ഥിരമായി ഒരു ആസ്ഥാനം ഇല്ല. പ്രസിഡന്റ് സ്ഥാനം അതിന്റെ അംഗങ്ങൾക്കിടയിൽ വിഭജിക്കുകയാണ് പതിവ്. മുമ്പത്തെ ജി20 ഉച്ചകോടി ഇന്തോനേഷ്യയിലായിരുന്നു. അതിന് മുമ്പ് സൗദി അറേബ്യയിലും. ഡിസംബറിൽ ഇന്ത്യ അടുത്ത ആതിഥേയരായ ബ്രസീലിന് പ്രസിഡന്റ് സ്ഥാനം കെമാറും. 
ജി20 ഉച്ചകോടിക്കായി ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്നതിന് 4100 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നാണ് സർക്കാർ രേഖകൾ. റോഡുകൾ, ഫുട്പാത്ത്, തെരുവ് സൂചനകൾ, ലൈറ്റിംഗ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് പുറമെ സുരക്ഷ സജ്ജീകരണങ്ങൾക്കും വൻതുകയാണ് ചെലവഴിക്കുന്നത്. ദൽഹിയെ കാഴ്ചയിൽ ഒരു ആധുനിക നഗരമാക്കി മാറ്റി. ചേരികളില്ല, തെരുവു കച്ചവടമില്ല. തെരുവുനായ്ക്കളെപ്പോലും നാടുകടത്തിയെന്നാണ് വാർത്തകൾ. ഒമ്പത് സർക്കാർ ഏജൻസികൾ, നഗരസഭകളടക്കം കോടികളാണ് ചെലവഴിച്ചത്. കേന്ദ്ര സർക്കാർ വകുപ്പുകളാണ് മിക്ക ചെലവുകളും ഏറ്റെടുത്തിരിക്കുന്നത്. ദൽഹിയിലെ പൊതുമരാമത്ത് വകുപ്പ് 45 കോടി രൂപയും കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയം 26 കോടി രൂപയും ദൽഹി വികസന അതോറിറ്റി 18 കോടി രൂപയും ദൽഹി വനം വകുപ്പ് 16 കോടി രൂപയും എം.സി.ഡി 5 കോടി രൂപയും ചെലവഴിച്ചു. ഉച്ചകോടിയോടെ ഒരു ഇന്ത്യ ബ്രാൻഡ് രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 
സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയുടെ സമ്മേളനത്തിന് ഇത്രയധികം പണം ചെലവഴിക്കുന്നതെന്തിന് എന്ന ചോദ്യം പല കേന്ദ്രങ്ങളും ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പലതരത്തിലുള്ള സമ്മേളനങ്ങൾ ജി20 ഉച്ചകോടിയുടെ ഭാഗമായി നടത്തുകയുണ്ടായി. കശ്മീർ മുതൽ കന്യാകുമാരി വരെ ഇത്തരം സമ്മേളനങ്ങൾ നടത്തി. ജി20 രാജ്യങ്ങളിലെ വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇത്തരം സമ്മേളനങ്ങളിൽ നിരന്തരമായി പങ്കെടുത്തു. ഇത്തരം സമ്മേളനങ്ങളുടെയെല്ലാം ഒരു സമാപനമായാണ് ദൽഹിയിലെ ഉച്ചകോടി. ജി20 അധ്യക്ഷ പദം മഹത്തായ ഒരു പദവിയാണെന്ന സന്ദേശമാണ് ഇത്തരം ചെറുസമ്മേളനങ്ങളിലൂടെ കേന്ദ്ര സർക്കാർ നൽകാൻ ശ്രമിച്ചത്. അതിന്റെയെല്ലാം മുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിദഗ്ധമായി പ്രതിഷ്ഠിക്കുകയും ചെയ്തു. വാസ്തവത്തിൽ ഇന്ത്യ ബ്രാൻഡിംഗ് അല്ല, മോഡി ബ്രാൻഡിംഗ് ആണ് എന്ന് വിമർശകർ പറയുന്നത് ഇതുകൊണ്ടാണ്.

സൂക്ഷ്മതയോടെ ഒരു വർഷമായി നടത്തിവന്ന ജി20 സംഘാടനത്തിന് തിരിച്ചടിയേൽക്കുന്നത് റഷ്യയുടെ വഌദ്മിർ പുടിനും ചൈനയുടെ ജി ഷിൻപിംഗും വരുന്നില്ല എന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടതോടെയാണ്. ഇതേക്കുറിച്ച ചോദ്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രിയെപ്പോലും അസ്വാസ്ഥ്യപ്പെടുത്തി. ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റിന് ലഭിച്ച വലിയ സ്വീകാര്യത ഇന്ത്യക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് ഷിയെ സ്വീകരിച്ചത്. മോഡിയെ സ്വീകരിക്കാനാകട്ടെ, ഇന്ത്യയുടെ സമ്മർദത്തിനൊടുവിൽ ഒരു ഗവർണർ മാത്രമാണെത്തിയത്. ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കുന്നതിൽ ചൈനീസ് പ്രസിഡന്റിന്റെ ശ്രമം വിജയിച്ചതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. പുതുതായി പല അംഗരാജ്യങ്ങളേയും ബ്രിക്‌സിൽ ചേർത്തത് ചൈനയുടെ അധീശത്വത്തിന് ശക്തി പകർന്നു. ജി20 കൂട്ടായ്മക്ക് ബദലായി ബ്രിക്‌സിനെ വളർത്തിയെടുക്കാനുള്ള ചൈനീസ് ശ്രമം വിജയിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. ഈ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് ജി20 ഉച്ചകോടിക്ക് വരാത്തതെന്നാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, അഭൂതപൂർവമായ സംഘാടനത്തിലൂടെ ജി20 രാജ്യങ്ങളെ കൈയിലെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കാനും അവർക്ക് മടിയുണ്ട്. കൂട്ടായ്മയിലെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലൊന്ന് വിട്ടുനിൽക്കുന്നതിലൂടെ ഉച്ചകോടിയുടെ ശോഭ കെടുമെന്നും അവർക്കറിയാം.
റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ സുരക്ഷ കാരണങ്ങളാലാണ് വരാത്തതെന്നാണ് വിവരം. ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂട്ടായ്മയിലെ നാറ്റോ രാജ്യങ്ങൾക്ക് പ്രശ്‌നമുണ്ടാക്കിയേക്കാം. ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ ദിവസങ്ങളിൽ ഉക്രൈനിൽ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയുമാണ്. ഉക്രൈൻ പ്രശ്‌നത്തിൽ ഏകകണ്ഠമായ ഒരു പ്രമേയം ഏതായാലും ഉണ്ടാകില്ല. ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ ഉച്ചകോടിയുടെ സമാപനം കുറിച്ച് ഒരു സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണർന്നിട്ടുണ്ട്.

Latest News