ജനാധിപത്യത്തിന്റെ അടിത്തറയെന്നത് സുതാര്യതയാണ്. ജനാധിപത്യത്തിലെ ഭരണാധികാരികൾ ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവെക്കാൻ പാടില്ല. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് എന്താണ്? ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വേദിയായ പാർലമെന്റ് അതിലെ അംഗങ്ങൾക്കുപോലും സുതാര്യമല്ല എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങൾ. ദിവസങ്ങൾക്കുള്ളിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുകയാണത്രേ. എന്നാൽ എന്താണ് സമ്മേളനത്തിന്റെ അജണ്ട എന്ന് ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് പോലും അറിഞ്ഞുകൂടാ. സഖ്യകക്ഷികൾക്ക് പോയിട്ട്, ബി.ജെ.പിയിലെ തന്നെ ഉന്നത നേതാക്കൾക്കുപോലും അതറിയില്ലത്രേ. കഴിഞ്ഞില്ല, കേന്ദ്ര മന്ത്രിസഭയിലെ തന്നെ ഭൂരിഭാഗം പേർക്കും അറിയില്ല എന്നാണ് വാർത്തകൾ. പാർലമെന്റിനെ തികച്ചും നോക്കുകുത്തിയാക്കി തങ്ങളുടെ സമഗ്രാധിപത്യം പൂർത്തിയാക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് മോഡിയും വിരലിലെണ്ണാവുന്ന അദ്ദേഹത്തിന്റെ വിശ്വസ്തരും എന്ന് കരുതാം. ഇന്ത്യൻ ജനാധിപത്യം ശരശയ്യയിൽ എന്നു തന്നെയാണ് ഇതു നൽകുന്ന സൂചന.
മൂന്നു ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് പ്രത്യേക സമ്മേളനം എന്ന അഭ്യൂഹമാണ് വ്യാപകമായിരിക്കുന്നത്. ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്നാക്കുക, ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബിൽ പാസാക്കുക, വനിത സംവരണ ബിൽ പാസാക്കുക എന്നിവയാണവ. പാളയത്തിൽ തന്നെ പട വന്നതിനാൽ ഏക സിവിൽ കോഡ് തൽക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നും കേൾക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോഗിച്ചിട്ടുണ്ട്.
ഭാരതം എന്ന പദം ധ്വനിപ്പിക്കുക ഏകത്വമല്ല. നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര ഇന്ത്യ എന്ന പദം സൂചിപ്പിക്കുന്ന വൈവിധ്യമാണ്. അഥവാ ബഹുസ്വരതയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഈ ബഹുസ്വരതയാണ്. അതിനെ തകർക്കുക എന്ന ലക്ഷ്യത്തിലാണല്ലോ ഏറെക്കാലമായി ഹിന്ദുത്വവാദികൾ പ്രവർത്തിക്കുന്നത്. പകരം അവർ മുന്നോട്ടു വെക്കുന്നത് ഹിംസാത്മകമായ സനാതന ധർമമാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. അതിനാൽ തന്നെ പ്രതിപക്ഷം തങ്ങളുടെ മുന്നണിക്ക് ഇന്ത്യ എന്ന അർത്ഥവത്തായ നാമം നൽകിയ അവസരം ഉപയോഗിച്ച് രാജ്യത്തിന്റെ പേര് മാറ്റാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
മറ്റൊന്ന് ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യമാണ്. അതിന്റെ ലക്ഷ്യവും പകൽ പോലെ വ്യക്തമാണ്. ഒറ്റ മതം, ഒറ്റ ഭാഷ, ഒറ്റ സംസ്കാരം, ഒറ്റ നികുതി, ഒറ്റ സിവിൽ കോഡ് തുടങ്ങിയ മുദ്രാവാക്യങ്ങളുടെ തുടർച്ച തന്നെയാണ് ഇതും. അതെല്ലാം നടപ്പാക്കാൻ ഈ മുദ്രാവാക്യം അനിവാര്യമാണെന്ന് അവർക്കറിയാം. ഇനിയത് ഒറ്റ രാജ്യം, ഒറ്റ പാർട്ടി, ഒറ്റ നേതാവ് എന്നതിലേക്ക് എത്തുമെന്നുറപ്പ്. അതു വേണോ എന്നതു തന്നെയാണ് നമുക്കു മുന്നിലുയരുന്ന പ്രസക്തമായ ചോദ്യം.
വനിത സംവരണ ബില്ലിലേക്കു വന്നാൽ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിൽ ഇടക്കിടെ ഉയർന്നുവന്നിരുന്ന ഒന്നാണ് വനിത സംവരണ ബിൽ. കുറച്ചുദിവസം അതുമായി ബന്ധപ്പെട്ട കുറെ ചർച്ചകൾ നടക്കും. പിന്നെയത് എല്ലാവരും മറക്കും. തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയ സമയങ്ങളിലും ഈ വിഷയം ഉയർന്നു വരും. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ അക്കാലവും കടന്നുപോകും. അങ്ങനെ കാൽ നൂറ്റാണ്ട് കടന്നുപോയി. ഇപ്പോഴിതാ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അതവതരിപ്പിച്ച് പാസാക്കുമെന്നാണ് പ്രചാരണം. പാസാക്കുമെന്ന ദൃഢനിശ്ചയത്തോടെ വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരു സർക്കാരും ഇന്നോളം തയാറായിട്ടില്ല. അവതരിപ്പിക്കണമെന്ന് ശക്തമായി ബില്ലിനെ പിന്തുണക്കുന്നു എന്നവകാശപ്പെടുന്നവർ ആവശ്യപ്പെടുന്നുമില്ല.
വനിത സംവരണ ബിൽ പാസാക്കുക എന്നത് സാമൂഹ്യ നീതിയുടെയും ലിംഗ നീതിയുടെയും പ്രശ്നം തന്നെയാണ്. അതേസമയം ബില്ലിനെതിരെ ഉയരുന്ന വാദങ്ങളും തള്ളിക്കളയാവുന്നതല്ല. ബില്ലിനെതിരെ പല ദളിത് പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയിൽ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് ബില്ലിന്റെ ശക്തരായ വക്താക്കൾ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലിൽ എഴുതിച്ചേർത്താൽ വനിത സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച്, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരിൽ പട്ടിക ജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. ഇന്നത്തെ അവസ്ഥയിൽ ബിൽ പാസായാൽ പാർലമെന്റിലെത്തുന്ന സ്ത്രീകളിൽ മഹാഭൂരിപക്ഷവും സവർണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ.
വാസ്തവത്തിൽ ആർക്കുമറിയുന്ന പോലെ പാർലമെന്റിൽ പകുതിയോ മൂന്നിലൊന്നോ സ്ത്രീകളെ എത്തിക്കാൻ ഒരു ബില്ലിന്റെയും നിയമത്തിന്റെയും ആവശ്യമില്ല. ജാതി സംവരണമില്ലാതെയോ അതും പരിഗണിച്ചോ തങ്ങൾ മത്സരിക്കുന്ന സീറ്റുകളിൽ വനിതകൾക്ക് അർഹമായ, അഥവാ വനിത ബില്ലിലൂടെ അവർ തന്നെ ആവശ്യപ്പെടുന്ന പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയാറായാൽ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയമാണ് ഇത്ര വർഷമായിട്ടും പരിഹാരമില്ലാതെ തുടരുന്നത്. പാർട്ടികളുടെ നേതൃത്വങ്ങളിൽ ശക്തമായ വനിത പ്രാതിനിധ്യമില്ലാത്തതാണ് അങ്ങനെ തീരുമാനമുണ്ടാകാതിരിക്കാനുള്ള പ്രധാന കാരണം.
ഇത്തരമൊരു സാഹചര്യത്തിലാണ് ബി.ജെ.പി സർക്കാർ ഒരിക്കൽ കൂടി ബിൽ കൊണ്ടുവരുന്നത്. ഒരുപക്ഷേ ദളിതർക്കും ആദിവാസികൾക്കുമെല്ലാം മറ്റു പാർട്ടികളേക്കാൾ പ്രാധാന്യം കൊടുത്ത്, തങ്ങൾക്കെതിരായുള്ള സവർണ പാർട്ടി എന്ന വിമർശനത്തെ തന്ത്രപൂർവം മറികടക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ബിൽ പാസാക്കിയെടുക്കുമായിരിക്കും. അത്രയും നന്ന്. പക്ഷേ അപ്പോഴും സംവരണത്തിനകത്തെ സംവരണം നടപ്പാക്കാതിരിക്കുന്നിടത്തോളം, അതു സംരക്ഷിക്കുക സവർണ താൽപര്യങ്ങളെ തന്നെയായിരിക്കും. അത്തരത്തിൽ പരിശോധിക്കുമ്പോൾ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്.






