Sorry, you need to enable JavaScript to visit this website.

ഇംപോസിഷനും ക്ലാസില്‍നിന്ന് പുറത്താക്കലും; സൗദിയില്‍ വിദ്യാര്‍ഥികള്‍ക്ക് എട്ട് ശിക്ഷകള്‍ പാടില്ല

ജിദ്ദ - വിദ്യാര്‍ഥികളുടെ ഭാഗത്തുള്ള ഏതു നിയമ ലംഘനങ്ങളുടെയും പേരില്‍ അവര്‍ക്കെതിരെ എട്ടു ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് സൗദി അഭിഭാഷകന്‍ സിയാദ് അല്‍ശഅ്‌ലാന്‍ പറഞ്ഞു.

വിദ്യാര്‍ഥിയെ ടോയ്‌ലെറ്റില്‍ പോകുന്നതില്‍ നിന്ന് വിലക്കാന്‍ അധ്യാപകന് അവകാശമുണ്ടോയെന്ന് ആരാഞ്ഞ് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് സിയാദ് അല്‍ശഅ്‌ലാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാര്‍ഥിയുടെ ഭാഗത്തുള്ള നിയമ ലംഘനം എന്തു തന്നെയായാലും ടോയ്‌ലെറ്റില്‍ പോകുന്നതില്‍ നിന്ന് വിദ്യാര്‍ഥിയെ വിലക്കാന്‍ അധ്യാപകന് അവകാശമില്ല. ഇക്കാര്യം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

ഇതടക്കം വിദ്യാര്‍ഥികള്‍ക്കെതിരെ എട്ടിനം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുകയും ഇക്കാര്യം സര്‍ക്കുലര്‍ വഴി സ്‌കൂളുകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഭാഗത്ത് പെരുമാറ്റ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിയമാനുസൃത അച്ചടക്ക നടപടികളാണ് സ്വീകരിക്കേണ്ടത്.

എല്ലാ തരത്തിലുമുള്ള ശാരീരികമോ മാനസികമോ ആയ ഉപദ്രവം, ഗ്രേഡ് കുറക്കല്‍, ഗ്രേഡ് കുറക്കുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്ന രീതികള്‍ പ്രയോഗിക്കുന്നതിന് വിലക്കുണ്ട്. കൃത്യസമയത്ത് പ്രാതല്‍ കഴിക്കല്‍, ടോയ്‌ലെറ്റില്‍ പോകല്‍, വെള്ളം കുടിക്കല്‍ എന്നിവ അടക്കമുള്ള ശാരീരികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് വിലക്കല്‍, ശിക്ഷയെന്നോണം ഇംപോസിഷന്‍ നല്‍കല്‍, വിദ്യാര്‍ഥിയെ തെറ്റായ പെരുമാറ്റത്തിലേക്ക് പ്രേരിപ്പിക്കുന്ന നിലക്ക് പ്രകോപിപ്പിക്കല്‍, നിര്‍ബന്ധ ലീവ് നല്‍കല്‍, വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ പരിഹസിക്കല്‍, ഏതെങ്കിലും വിദ്യാര്‍ഥി ചെയ്ത നിയമ ലംഘനത്തിന് വിദ്യാര്‍ഥികളെ കൂട്ടത്തോടെ ശിക്ഷിക്കല്‍, വിദ്യാര്‍ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തല്‍ എന്നീ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയം കര്‍ശനമായി വിലക്കിയിട്ടുണ്ട്.

 

Latest News