പിണറായി സർക്കാർ മരിച്ചു; ആദ്യ റീത്ത് പുതുപ്പള്ളിയിലേത് - ഷിബു ബേബിജോൺ  

കോട്ടയം - പുതുപ്പളളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. പിണറായി വിജയന്റെ മൗനവും ഉമ്മൻചാണ്ടിയുടെ മാനവും ആയിരുന്നു പുതുപ്പള്ളിയിലെ ചർച്ചാവിഷയം. പിണറായിയുടെ മൗനം ജനങ്ങൾ വലിച്ചുകീറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ജനങ്ങളെ സംബന്ധിച്ച് സർക്കാർ മരിച്ചുകഴിഞ്ഞു. പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. പുതുപ്പള്ളിക്കാർ ആ മൃതദേഹത്തിൽ ആദ്യ റീത്ത് വച്ചുവെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. 
 സോഷ്യൽ മീഡിയയിലെ ഗുണ്ടകളെ വെച്ച് ആരെയും ആക്ഷേപിക്കുന്ന രാഷ്ട്രീയമാണ് പിണറായി വിജയന്റേത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ഒന്നും ചെയ്തില്ല എന്ന ഇടത് പ്രചാരണം ജനങ്ങളെ അപമാനിക്കുന്ന തരത്തിലായിരുന്നു. നന്മയുടെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ഉമ്മൻചാണ്ടിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News