കോട്ടയം - തനിക്ക് വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കുമെല്ലാം കൈയെത്തും ദൂരത്ത് ഞാനുണ്ടാകുമെന്ന് പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത് അപ്പയുടെ പതിമൂന്നാം വിജയമാണ്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വികസനതുടർച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. വികസനവും കരുതലുമായി അഞ്ചു പതിറ്റാണ്ടുകാലം ഉമ്മൻചാണ്ടി ഇവിടെ ഉണ്ടായിരുന്നു. അതിന്റെ തുടർച്ച ഇവിടെ ഉണ്ടാവുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും സമന്മാരാണ്. പുതുപ്പള്ളിയിലെ വികസനത്തിന് ഒറ്റകെട്ടായി പ്രവർത്തിക്കാം. ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്തേക്ക് പ്രശ്‌നങ്ങളുമായി വരാമായിരുന്നു. അതേപോലെ ഞാനും കയ്യെത്തും ദൂരത്തുണ്ടാവും. പാർട്ടിയോ ജാതിയോ മതമോ പ്രശ്‌നമല്ല. നാടിന് വേണ്ടി ഒന്നിച്ചു നീങ്ങാമെന്നും എല്ലാവരോടും വലിയ നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.






