Sorry, you need to enable JavaScript to visit this website.

ത്രിപുരയിൽ സി.പി.എമ്മിന് തിരിച്ചടി, ബംഗാളിൽ ബി.ജെ.പിക്ക് സീറ്റ് നഷ്ടം

ന്യൂദൽഹി- കേരളത്തിലെ പുതുപ്പള്ളിക്കൊപ്പം നടക്കുന്ന ആറ് നിയമസഭ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു. ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധുപ്ഗുരി, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്‌സാനഗർ, ധൻപൂർ എന്നീ ആറു സീറ്റുകളാണ് പുതുപ്പള്ളിക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നത്. ധനപൂർ, ബാഗേശ്വർ, ധുപ്ഗുരി എന്നിവ ബി.ജെ.പിയുടെ കൈവശമായിരുന്നു. യു.പിയിലെയും ജാർഖണ്ഡിലെയും സീറ്റുകൾ യഥാക്രമം സമാജ്‌വാദി പാർട്ടിക്കും ജാർഖണ്ഡ് മുക്തി മോർച്ചക്കുമായിരുന്നു. ത്രിപുരയിലെ ബോക്‌സാനഗർ സീറ്റിൽ കഴിഞ്ഞ തവണ വിജയിച്ചത് സി.പി.എമ്മായിരുന്നു. 
ത്രിപുരയിലെ ബോക്‌സാനഗറിൽ സി.പി.എം സ്ഥാനാർത്ഥി പരാജയപ്പെട്ടു. ബി.ജെ.പിയാണ് സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. ഇവിടെ വൻതോതിലുള്ള ക്രമക്കേട് നടന്നതായി സി.പി.എം ആരോപിച്ചു. സി.പി.എം വോട്ടെണ്ണൽ ബഹിഷ്‌കരിക്കുകയും ചെയ്തു. ത്രിപുരയിലെ ധൻപുരിൽ ബി.ജെ.പിയിലെ ബിന്ദു ദേപ്‌നാഥ് മുന്നിലാണ്. ജാർഖണ്ഡിലെ ദുംരിയിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ വിജയിച്ചു. ജാർഖണ്ഡ് മുക്തിമോർച്ചയിൽനിന്നാണ് ഈ സീറ്റ് പിടിച്ചെടുത്തത്. 
ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പി സ്ഥാനാർത്ഥി പാർവതിദാസ് മുന്നിലാണ്. നാല് തവണ എംഎൽഎയും ക്യാബിനറ്റ് മന്ത്രിയുമായ ചന്ദൻ റാം ദാസ് ഏപ്രിലിൽ അന്തരിച്ചതിനെ തുടർന്നാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.പിയിലെ ഘോസി മണ്ഡലത്തിൽ എസ്.പിയുടെ സുധാകർ സിംഗ് മുന്നിലാണ്. സിറ്റിംഗ് നിയമസഭാംഗവും ഒ.ബി.സി നേതാവുമായ ദാരാ സിംഗ് ചൗഹാൻ വീണ്ടും ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്. ബംഗാളിലെ ദുപ്ഗുരിയിൽ തൃണമൂൽ സ്ഥാനാർത്ഥി നിർമൽ ചന്ദ്രറോയ് വിജയിച്ചു. ബി.ജെ.പിയിൽനിന്നാണ് ഈ സീറ്റ് തൃണമൂൽ പിടിച്ചെടുത്തത്.
 

Latest News