ചാണ്ടി ഉമ്മന്‍ കെ.കെ ശൈലജയുടെ റെക്കോര്‍ഡ് മറി കടക്കുമോ? 

കോട്ടയം- കെ.കെ ശൈലജയാണ് കേരള നിയമസഭ.യില്‍ ഇപ്പോള്‍ ഏറ്റവും കൂടിയ ഭൂരിപക്ഷമുള്ള എം.എല്‍.എ. 62,000 വോട്ടുകള്‍. രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലയില്‍ നിന്ന് തന്നെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലേത്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 10,000 വോട്ടിന് ജയിച്ചാല്‍ രാഷ്ട്രീയ വിജയം. 20,000 എത്തിയാല്‍ സഹതാപ തരംഗം. ഇത് മുപ്പത് കടന്നാല്‍ ഭരണ വിരുദ്ധ വികാരം. അര ലക്ഷവും കടന്നാല്‍ അതിശക്തമായ ഭരണ വിരുദ്ധ വികാരം എന്നാണ് രാഷ്ട്രിയ നിരീക്ഷികര്‍ കരുതുന്നത്. കെ.കെ ശൈലജയേയും മറി കടക്കാനുള്ള സാധ്യത കാണുന്നുണ്ടെന്ന് ആദ്യ പ്രവണത വിലയിരുത്തി അഭിപ്രായപ്പെടുന്നവരുണ്ട്.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം തുണയ്ക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്.
അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാന്‍ ചാണ്ടിക്ക് സാധിച്ചു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്. ഇത് ഒരു ട്രെന്‍ഡ് ആണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 
 

Latest News