സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്‍ സൈനിക മേധാവി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി

കറാച്ചി- പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി. അന്‍പതോളം പേരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. 

കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നതോടെയാണ് പാകിസ്താനില്‍ സൈന്യം രാഷ്ട്രീയ ഇടപെടല്‍ ശക്തമാക്കിയത്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണതോടെ സൈന്യം വീണ്ടും രാഷ്ട്രീയ ഇടപെടലുകള്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ഐ. എം. എഫുമായി നടത്തിയ ചര്‍ച്ചകളില്‍ സൈനിക പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. 

പാക് രൂപയുടെ മൂല്യം ഇടിയുന്നതിനും വൈദ്യുതി, ഇന്ധന വിലക്കയറ്റത്തിനുമെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം നടത്തുന്ന ഇടപെടലുകള്‍ ജനറല്‍ നേരിട്ട് വിശദീകരിച്ചതായി പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാകിസ്ഥാനില്‍ സൗദി 2500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും ഖത്തറും കുവൈത്തും സമാന രീതിയില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News