ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ മുംബൈയിലും ഹൈദരാബാദിലുമുള്ള സിമുലേറ്റര്‍ സൗകര്യങ്ങള്‍ക്കുള്ള കേന്ദ്ര വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി ഉപാധികളോടെ പുതുക്കി.
റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പൈലറ്റ് പരിശീലനം പുനരാരംഭിക്കാന്‍ ഈ തീരുമാനം എയര്‍ ഇന്ത്യക്ക് സഹായകമാകും.
പോരായ്മകള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് 30 ദിവസത്തെ കാലയളവിലേക്ക് സോപാധി അനുമതി നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തും. അവലോകനത്തിന്റെ ഫലങ്ങള്‍ പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൈലറ്റ് പരിശീലനത്തിനായി എയര്‍ ഇന്ത്യ രണ്ട് വ്യത്യസ്ത സിമുലേറ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. മുംബൈയിലെ സൗകര്യം ബോയിംഗ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ളതാണ്. ഹൈദരാബാദിലുള്ളത് എയര്‍ബസ് പൈലറ്റ് പരിശീലനത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
എയര്‍ ഇന്ത്യയുടെ ഹൈദരാബാദ്, മുംബൈ സൗകര്യങ്ങളിലെ സിമുലേറ്റര്‍ പരിശീലനം കഴിഞ്ഞയാഴ്ചയാണ് ഡിജിസിഎ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.