ദല്‍ഹിയില്‍ പുതിയ 400 ഇ-ബസുകള്‍കൂടി നിരത്തില്‍, ആകെ എണ്ണൂറായി

ന്യൂദല്‍ഹി- പുതുതായി 400 വൈദ്യുത ബസുകള്‍കൂടി റോഡിലിറക്കിയതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇ-ബസുകള്‍ സര്‍വീസ് നടത്തുന്ന നഗരമായി ദല്‍ഹി. രാജ്യതലസ്ഥാനത്തെ ഇ-ബസുകളുടെ ആകെയെണ്ണം 800 ആയി. രാജ്യത്തെതന്നെ ഉയര്‍ന്ന കണക്കാണിതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇന്ദ്രപ്രസ്ഥ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയും ചേര്‍ന്ന് പുതിയ ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ വൈദ്യുതബസുകള്‍ വാങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ 3674 കോടിരൂപ ചെലവാക്കുന്നുണ്ട്. കേന്ദ്ര സബ്‌സിഡിയായി 417 കോടി രൂപ ലഭിക്കും. പദ്ധതിക്കുകീഴില്‍ ആകെ 921 ഇ-ബസുകളാണ് വാങ്ങുന്നത്. ബാക്കി 121 ബസുകളും അടുത്തഘട്ടത്തിലിറക്കും. എ.സി, യാത്രികരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറകള്‍, അപായമണി എന്നീ സൗകര്യങ്ങള്‍ക്കുപുറമെ ഭിന്നശേഷിസൗഹൃദവുമാണ് പുതിയ ബസുകള്‍.

തീപ്പിടിത്തം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. ബസുകളിലെ തത്സമയ വീഡിയോസംപ്രേഷണം നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രാസൗകര്യം മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണെന്നതാണ് പുതിയ ബസുകളുടെ പ്രത്യേകതയെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു.

 

 

Latest News