തൃശൂരില്‍ സിസേറിയന്‍ കഴിഞ്ഞ അമ്മമാര്‍ക്ക് അണുബാധ; മുറിവുകള്‍ ഉണങ്ങുന്നില്ല

തൃശൂര്‍- തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ നിരവധിപേര്‍ക്ക് അണുബാധ.
അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പ്രസവ ശസ്ത്രക്രിയ തിയറ്ററിന് പകരം നല്‍കിയ  തിയറ്ററില്‍  ശസ്ത്രക്രിയ ചെയ്തവര്‍ക്കാണ്  അണുബാധ  കണ്ടെത്തിയത്. അധികൃതരുടെ ഭാഗത്തെ അനാസ്ഥയാണ്  അണുബാധയുണ്ടാവാന്‍ കാരണം. നിലവിലുള്ള പ്രസവ ശസ്ത്രക്രിയ തിയറ്റര്‍ അറ്റപണികള്‍ക്കായി  അടച്ചപ്പോള്‍  
തൊട്ടടുത്ത് തന്നെ മറ്റെരു താത്കാലിക  സംവിധാനം  ആശുപത്രി  ആര്‍എംഒയുടെ നേതൃത്വത്തില്‍  ഒരുക്കുകയായിരുന്നു.
ഇതിനെതിരെ മുതിര്‍ന്ന ഡോക്ടര്‍മാര്‍  പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താത്കാലിക  തിയറ്ററിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും പ്രസവത്തിനെത്തുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ ആര്‍എംഒ ഡോക്ടര്‍മാരോട് തട്ടിക്കയറുകയും താത്കാലിക  തിയറ്ററിന് അനുമതി നല്‍കുകയുമായിരുന്നു.
ഒരു ദിവസം അഞ്ചും  നാലും  പ്രസവ ശസ്ത്രക്രിയകള്‍  ഇവിടെ നടന്നിട്ടുണ്ട്.
സിസേറിയന്‍ കഴിഞ്ഞ  അമ്മമാരുടെ  മുറിവുകള്‍  ഉണങ്ങാത്തതിന്റെ  കാരണം അണുബാധയാണെന്നാണ് കണ്ടെത്തിയത്. നവജാത ശിശുക്കള്‍ക്കും അണുബാധയേറ്റിറ്റുണ്ട്. പണി നടക്കുന്നതിനാലുള്ള പൊടി പടലങ്ങളാണ്  അണുബാധയ്ക്ക് കാരണമെന്ന് കാണിച്ച് മുതിര്‍ന്ന ഡോകടര്‍മാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പിലിന്  പരാതി  നല്‍കിയിട്ടുണ്ട്. അണു ബാധിതരായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും  എന്തെങ്കിലും  സംഭവിച്ചാല്‍  തങ്ങള്‍ അതിന്  ഉത്തരവാദികള്‍ അല്ലെന്നും ഡോകടര്‍മാര്‍ അധികൃതരെ അറിയിച്ചു.  

 

Latest News