ചാണ്ടി ഉമ്മനെ പിന്തുണച്ചതായി വാര്‍ത്ത; പത്രത്തിനെതിരെ ആം ആദ്മി പാര്‍ട്ടി നിയമനടപടിക്ക്

കോട്ടയം - ആം ആദ്മിയുടെ പേരില്‍ വോട്ടെടുപ്പ് ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടിക്ക്. ആം ആദ്മി - ട്വന്റി ട്വന്റി സഖ്യത്തിന്റെതെന്ന് പറഞ്ഞ് പ്രസിസിദ്ധീകരിച്ച വാര്‍ത്ത  പ്രസിദ്ധീകരണ ചട്ടം പാലിക്കാതെയാണെന്നും നിയമനടപടിയിലേക്ക് പോകുകയാണെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം, സംസ്ഥാന വക്താവ് പ്രൊഫ. ഡോ. സാജു കണ്ണന്തറ, സ്ഥാനാര്‍ഥി ലൂക്ക് തോമസ്, ലീഗല്‍ സെല്‍ അംഗം അഡ്വ. സുരേഷ് എന്നിവര്‍ അറിയിച്ചു. കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആം ആദ്മി പാര്‍ട്ടി ട്വന്റി 20 സഖ്യം യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു പിന്തുണ പ്രഖ്യാപിക്കുകയാണെന്നാണ് വാര്‍ത്ത. ഇത് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുളള മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും നേതാക്കള്‍ ആരോപിച്ചു. ചാണ്ടി ഉമ്മനു പിന്തുണ പ്രഖ്യാപിച്ചു എന്ന തലക്കെട്ടില്‍ വോട്ടെടുപ്പ് നടന്ന അഞ്ചിനാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജയിംസ് പ്ാമ്പക്കലിന്റെ പ്രസ്താവനയെന്ന രീതിയിലാണ് വാര്‍ത്ത. തങ്ങളുടെ പാര്‍ട്ടിയുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്നും നേതാക്കള്‍ അറിയിച്ചു. വോട്ടെടുപ്പ് ദിനം ഈ വാര്‍ത്താ ക്ലിപ്പ് യുഡിഎഫ് നിശബ്ദ പ്രചരണത്തിന് ഉപയോഗിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു.

വാര്‍ത്ത പ്രസിദ്ധീകരിച്ച മംഗളം ദിനപത്രത്തിനെതിരെ നിയമനടപടികള്‍ക്കും ശക്തമായ പ്രതിഷേധത്തിനും ആം ആദ്മി പാര്‍ട്ടി തുടക്കം കുറിച്ചു കഴിഞ്ഞു. നിയമനടപടികളുടെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. മംഗളം ദിനപത്രത്തിനും ഇതര വ്യക്തികള്‍ക്കും നോട്ടീസ് അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.പുതുപ്പള്ളിയിലും അയര്‍ക്കുന്നത്തും പ്രതിഷേധയോഗങ്ങളും പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചതായും അവര്‍ അറിയിച്ചു.

 

 

Latest News