Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ വധശിക്ഷ ഒഴിവായ ബല്‍വീന്ദര്‍ സിംഗ് നാട്ടിലേക്ക് തിരിച്ചു. നല്‍കിയത് പത്തുലക്ഷം റിയാല്‍ ദിയാധനം

എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയും അറ്റാഷെ രാജീവും ബല്‍വീന്ദര്‍ സിംഗിനൊപ്പം റിയാദ് വിമാനത്താവളത്തില്‍

റിയാദ് - ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ കഠിനാധ്വാനം ഒടുവില്‍ ഫലം കണ്ടു. കീഴ്‌കോടതികളും മേല്‍കോടതിയും വധശിക്ഷ വിധിച്ച് ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട ബല്‍വീന്ദര്‍ സിംഗ് ദിയാധനം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവായി നാട്ടിലേക്ക് തിരിച്ചു. ഏതു സമയവും വധശിക്ഷക്ക് ഇരയായേക്കാവുന്ന അവസ്ഥയില്‍ നിന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ച എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയെയും സാമൂഹിക പ്രവര്‍ത്തകന്‍ യാക്കൂബ് ഖാനെയും കെട്ടിപ്പിടിച്ച് കരഞ്ഞാണ് പത്ത് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലാന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ് വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. വൈകീട്ട് നാലു മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇദ്ദേഹം അമൃതസറിലേക്ക് തിരിച്ചു. ആറു മാസം കൊണ്ട് പത്ത് ലക്ഷം റിയാല്‍ ദിയാധനമായി നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന അപ്പീല്‍ കോടതി വിധിയാണ് ബല്‍വീന്ദറിന് രക്ഷയായയത്.


കേസിൽ ഇടപെട്ട അഭിഭാഷകരും സാമൂഹിക പ്രവർത്തകരും

2013 മെയ് 25ന് റിയാദ് അസീസിയയിലെ താമസസ്ഥലത്തുണ്ടായ അടിപിടിക്കിടെ ഈജിപ്ഷ്യന്‍ പൗരനായ ഈദ് ഇബ്രാഹീം കൊല്ലപ്പെട്ടതാണ് കേസിന്നാധാരം. രാത്രി ഒമ്പത് മണിക്ക് ടോയ്‌ലെറ്റിന് സമീപം തൊഴിലാളികളെ ഭീഷണിപ്പെടുത്താന്‍ കത്തിയുമായി എത്തിയതായിരുന്നു ഈദ് ഇബ്രാഹീം. അവിടെയെത്തിയ ബല്‍വീന്ദര്‍ സിംഗിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിലത്ത് കിടന്നിരുന്ന വടിയെടുത്ത് ഈദ് ഇബ്രാഹീമിന്റെ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിച്ചു. അടിയേറ്റ് ഈദ് നിലത്ത് വീണു. ബന്ധുവായ ജിതേന്ദര്‍ സിംഗും ബല്‍വീന്ദറിനോടൊപ്പമുണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ മുറിവേറ്റ് രക്തമൊലിക്കുന്ന ഈദിന്റെ തലയില്‍ വെള്ളമൊഴിക്കുകയും പിന്നീട് റൂമില്‍ കൊണ്ടുപോയി കിടത്തുകയും ചെയ്തു. ശേഷം സ്‌പോണ്‍സറെ വിവരമറിയിച്ചു. ബല്‍വീന്ദര്‍ സിംഗിനോട് അടക്കം മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോകാനാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. അതിനിടെ ഈദ് രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ബല്‍വീന്ദര്‍ സിംഗും ജിതേന്ദര്‍ സിംഗും അറസ്റ്റിലായി. ജിതേന്ദര്‍ സിംഗിന് മൂന്നു വര്‍ഷം തടവും ബല്‍വീന്ദര്‍ സിംഗിന് വധശിക്ഷയുമാണ് കോടതി വിധിച്ചത്. ജിതേന്ദര്‍ സിംഗ് ജയില്‍ ശിക്ഷ കഴിഞ്ഞ് ന്ാട്ടിലേക്ക് പോയിരുന്നു.
കീഴ്‌കോടതികളും മേല്‍കോടതിയും വധശിക്ഷ ശരിവെച്ചിരിക്കെ കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബല്‍വിന്ദര്‍ സിംഗിന്റെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസി രാജസ്ഥാന്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് യാക്കൂബ് ഖാന് ബന്ധുക്കള്‍ക്ക് വേണ്ടി കേസിലിടപെടാന്‍ അനുമതി നല്‍കി. ബന്ധുക്കള്‍ യാക്കൂബിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി. തുടര്‍ന്ന് യാക്കൂബ് പല സൗദി പ്രമുഖരുമായും ബന്ധപ്പെട്ട് നിയമോപദേശം നേടി. ശേഷം ഈജിപ്ഷ്യന്‍ എംബസിയിലെത്തി അറ്റാഷെയുമായി സംസാരിച്ചു. അവര്‍ ഈദ് ഇബ്രാഹീമിന്റെ കുടുംബത്തെ ബന്ധപ്പെട്ടു. 25 ലക്ഷം റിയാലാണ് ദിയാധനമായി അവര്‍ ആദ്യം ആവശ്യപ്പെട്ടത്. വീണ്ടും ചര്‍ച്ച തുടരുകയും അവസാനം ഒരു പത്ത് ലക്ഷം റിയാലില്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തതായി മുഹമ്മദ് യാക്കൂബ് ഖാന്‍ മലയാളം ന്യൂസിനോട് പറഞ്ഞു. വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മാപ്പ് ദിയാധനം നല്‍കിയാല്‍ മാപ്പാകാമെന്ന് ഈദിന്റെ കുടുംബം സമ്മതിച്ചത്. തുടര്‍ന്ന അപ്പീല്‍ കോടതിയെ എംബസി സമീപിച്ചു. ആറ് മാസത്തിനുള്ളില്‍ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ഉടന്‍ ശിക്ഷ നടപ്പാക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. 2021 നവംബര്‍ 23നാണ് കേസില്‍ വഴിത്തിരവായ ഈ കോടതി വിധിയുണ്ടായത്. പണം മുഴുവന്‍ നാട്ടില്‍ നിന്ന് സ്വരൂപിച്ച് കോടതിയില്‍ അടക്കുകയായിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുത്തു. ബല്‍വീന്ദര്‍ സിംഗിന്റെ വിരലടയാളം പതിയാത്തതായിരുന്നു ആദ്യം നേരിട്ട പ്രശ്‌നം. അത് ശരിയായപ്പോള്‍ അദ്ദേഹം ഹുറൂബാണെന്ന് കണ്ടെത്തി. സ്‌പോണ്‍സറെ സഹകരിപ്പിച്ച് ഹുറൂബ് പിന്‍വലിപ്പിച്ച് ഫൈനല്‍ എക്‌സിറ്റ് അടിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജയില്‍ മോചിതനായത്.
കേസ് നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് യാക്കൂബ് ഖാന് കേസ് കഴിയുന്നത് വരെ അപ്പീല്‍ കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ദിവസം വിലക്ക് നീങ്ങുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഉടന്‍ നാട്ടിലേക്ക് പോകും. തന്റെ പിതാവും സഹോദരിയും മരിച്ചപ്പോള്‍ നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ലെന്നദ്ദേഹം പറഞ്ഞു. കേസില്‍ തുടക്കം മുതല്‍ എംബസിയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത് യൂസുഫ് കാക്കഞ്ചേരിയും കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് യാക്കൂബ് ഖാനുമാണ്. 

Latest News