Sorry, you need to enable JavaScript to visit this website.

ഇന്ത്യ ഭാരത് ആവുമ്പോൾ

ജനങ്ങൾക്ക് വിശേഷിച്ച് ഒരു നേട്ടവുമില്ലാത്ത, കേവലം ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള നീക്കം മാത്രമാണ് രാജ്യത്തിന്റെ പേര് മാറ്റവും. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട് നിരോധനം, ഒരു രാജ്യം ഒരു നികുതി എന്ന് പറഞ്ഞ് കൊണ്ടുവന്ന ജി.എസ്.ടി, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം... ഇതിന്റെയെല്ലാം തുടർച്ച മാത്രം.

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഭാരത് എന്ന് ഔദ്യോഗിമായി തന്നെ മാറ്റാൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചിരിക്കുന്നു. ജി20 ഉച്ചകോടിക്കെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാർക്കും മറ്റു പ്രതിനിധികൾക്കും രാഷ്ട്രപതി നൽകുന്ന വിരുന്ന് സൽക്കാരത്തിനുള്ള ക്ഷണക്കത്തിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ മാസം പതിനെട്ടിന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളത്തിൽ രാജ്യത്തിന്റെ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. പ്രത്യേക അജണ്ട വെളിപ്പെടുത്താതെ പാർലമെന്ററികാര്യ മന്ത്രി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച സമ്മേളത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാവുകയാണ്. ഈ സമ്മേളനത്തിൽ അതിപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞു.


നമ്മുടെ രാജ്യത്ത് സ്ഥലനാമങ്ങൾക്ക് മാറ്റം വരുത്തുന്നത് പുതിയ കാര്യമൊന്നുമല്ല. മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം അത് ഏറെ വ്യാപകവുമാണ്. അതിനു മുമ്പു തന്നെ ബോംബെ മുംബൈയും മദ്രാസ് ചെന്നൈയും കൽക്കട്ട കൊൽക്കത്തയും ബാംഗ്ലൂർ ബംഗളൂരുവുമൊക്കെ ആക്കി മാറ്റിയിട്ടുണ്ട്. ഈ സ്ഥലങ്ങൾക്കെല്ലാം ബ്രിട്ടീഷുകാർ നൽകിയ പേരുകൾ അതതു നാടുകളിലെ ഭാഷക്കു ചേരുംവിധം മാറ്റുകയാണ് ചെയ്തത്. കേരളത്തിലും വന്നിട്ടുണ്ട് ഇത്തരത്തിൽ സ്ഥലനാമ തിരുത്തലുകൾ. ക്വയിലോൺ മാറി കൊല്ലം ആയി. ട്രിവാൻഡ്രം തിരുവനന്തപുരവും ആലപ്പി ആലപ്പുഴയും കൊച്ചിൻ കൊച്ചിയും ട്രിച്ചൂർ തൃശൂരും പാൽഗാട്ട് പാലക്കാടും കാലിക്കട്ട് കോഴിക്കോടും കാനന്നൂർ കണ്ണൂരും ടെലിച്ചെറി തലശ്ശേരിയുമൊക്കെയായി പരിണമിച്ചു. ആംഗലത്തിലായിരുന്ന സ്ഥലനാമങ്ങൾ ശുദ്ധ മലയാളത്തിലായി.
എന്നാൽ കേന്ദ്രത്തിൽ മോഡി ഭരണം വന്നതിൽ പിന്നെ ഉണ്ടായ സ്ഥലനാമ തിരുത്തലുകളിൽ പലതും മറ്റു ലക്ഷ്യങ്ങളോടൊയിരുന്നു. നൂറ്റാണ്ടുകളായി നിലനിന്ന മുഗൾ, മുസ്‌ലിം, പേർഷ്യൻ ചുവയുള്ള സ്ഥലനാമങ്ങളെ ഹൈന്ദവവൽക്കരിക്കുകയായിരുന്നു മുഖ്യ ലക്ഷ്യം. അങ്ങനെയാണ് അലഹബാദ് പ്രയാഗ് രാജും ഫൈസാബാദ് അയോധ്യയും മറ്റുമാകുന്നത്. ഐക്യ ഭാരതം എന്ന ചിന്ത പോലും ഉണ്ടാകുന്നതിനു മുമ്പ് ഇവിടം ഭരിച്ചിരുന്ന നാട്ടുരാജക്കാന്മാരുടെ കാലത്തേ നിലനിന്നിരുന്ന സ്ഥലനാമങ്ങളാണ് ഇങ്ങനെ തിരുത്തിയത്.


എന്നാൽ ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ തന്നെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇപ്പോഴത്തെ നീക്കം. അത് മറ്റൊന്നുമല്ല, രണ്ട് ഡസനിലേറെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് ഇന്ത്യ എന്ന പേരിൽ മുന്നണിയുണ്ടാക്കി വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചാൽ അത് ബി.ജെ.പിക്കും എൻ.ഡി.എക്കും അതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വലിയ വെല്ലുവിളി ആയി മാറുമെന്ന തിരിച്ചറിവാണ്. ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ആന്റ് ഇൻക്ലൂസീവ് അലയൻസ് എന്നതിന്റെ ചുരുക്കമാണ് ഇന്ത്യ എങ്കിലും അത് രാജ്യത്തിന്റെ തന്നെ നാമം ആകയാൽ ജനങ്ങളെ കൂടുതൽ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് ബി.ജെ.പിയും ആർ.എസ്.എസും ഭയക്കുന്നുണ്ടാവാം. അല്ലായിരുന്നെങ്കിൽ ഇത്ര തിടുക്കത്തിൽ വെപ്രാളപ്പെട്ട് ഇങ്ങനെയൊരു നീക്കം നടത്തേണ്ടതില്ല. മാത്രമല്ല, കഴിഞ്ഞ കുറെ കാലമായി പ്രധാനമന്ത്രി മോഡി നടത്തുന്ന പ്രസംഗങ്ങളെല്ലാം 2024 ലെ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും അധികാരത്തിൽ വരുമെന്ന് ഊന്നിപ്പറയുന്നതായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ടയിലും ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തെ എതിർത്തും സംസാരിച്ചപ്പോഴെല്ലാം അദ്ദേഹം ഇക്കാര്യത്തിലാണ് കേന്ദ്രീകരിച്ചത്. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കുമ്പോൾ ഇന്ത്യ മുന്നണിയേക്കാൾ ജനങ്ങളെ സ്വാധീനിക്കാൻ ഭാരത് ഉള്ള ഭാരതീയ ജനതാ പാർട്ടിക്ക് കഴിയുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നുണ്ടാവാം. വാസ്തവത്തിൽ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന ആവശ്യം ബി.ജെ.പിയും ആർ.എസ്.എസും നേരത്തെ തന്നെ പറയുന്നതാണ്. എന്നാൽ ഇപ്പോൾ തിടുക്കപ്പെട്ട് ഇത്തരമൊരു നീക്കത്തിന് പിന്നിൽ ഇന്ത്യ മുന്നണിയുടെ വരവല്ലാതെ മറ്റൊന്നുമാകാൻ തരമില്ല.


പേരുമാറ്റം കൊണ്ട് രാജ്യത്തെ പൗരന്മാർക്ക് വിശേഷിച്ച് എന്തെങ്കിലും നേട്ടമോ അഭിമാന ബോധമോ ഉണ്ടാകാനില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്നും ഭാരത് എന്ന പേരും നമ്മൾ ഉപയോഗിച്ചു വരുന്നുണ്ട്. ഇന്ത്യക്കാരെന്നും ഭാരതീയരെന്നും നമ്മൾ അഭിസംബോധന ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ ദേശീയ ഗാനത്തിൽ പറയുന്നതും ഭാരതമെന്നാണല്ലോ. മറ്റൊരു ദേശഭക്തി ഗാനമായ സാരെ ജഹാം സെ അഛായിൽ ഹിന്ദുസ്ഥാൻ എന്നാണ് രാജ്യത്തെ വിശേഷിപ്പിക്കുന്നത്. 
നമ്മുടെ തപാൽ സ്റ്റാമ്പിൽ ഇംഗ്ലീഷിൽ ഇന്ത്യ എന്നും ഹിന്ദിയിൽ ഭാരത് എന്നുമാണ് എഴുതിയിരിക്കുന്നത്. നോട്ടുകളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഭാരതീയ റിസർവ് ബാങ്ക് എന്ന് ഹിന്ദിയിലും കാണാം. ഇങ്ങനെ തന്നെ തുടരുന്നതുകൊണ്ട് ഒരു ദോഷവും വരാനില്ല. ഇതിൽനിന്ന് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കിയതുകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും മെച്ചമുണ്ടാകാനും പോകുന്നില്ല. ആകപ്പാടെ ബുദ്ധിമുട്ടുണ്ടാവുക ഭാരത് എന്നു പറയാൻ പ്രയാസം നേരിടാനിടയുള്ള വിദേശ രാഷ്ട നേതാക്കൾക്കും മന്ത്രിമാർക്കും ഒക്കെയായിരിക്കും. ഇന്ത്യ എന്നത് ഏത് നാട്ടുകാരനും ഏത് ഭാഷ സംസാരിക്കുന്നവനും എളുപ്പത്തിൽ വഴങ്ങുന്ന പദമാണ്.


പേരുമാറ്റമെന്നത് നമുക്ക് എളുപ്പത്തിൽ പറയാവുന്ന കാര്യമാണെങ്കിലും അത് ഔദ്യോഗിക തലത്തിൽ നടപ്പിലാക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്. ഭരണഘടനയിൽനിന്നു തന്നെ തുടങ്ങണം. വി ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നു പറഞ്ഞാണല്ലോ ഭരണഘോനയുടെ ആമുഖം (പ്രിയാമ്പിൾ) ആരംഭിക്കുന്നത്. അവിടം മുതലുള്ള തിരുത്തലുകൾ അത്ര സുഗമമായ കാര്യമല്ല. ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം മാത്രമല്ല, ഭൂരിപക്ഷം സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണം. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കുന്നത് അൽപം പ്രയാസമായിരിക്കും. കേവലം അഞ്ച് ദിവസം മാത്രം നീളുന്ന ഒരു പാർലമെന്റ് സമ്മേളനം കൊണ്ട് മാത്രം നടക്കുന്ന കാര്യമല്ല അത്.


പിന്നീട് ഇന്ത്യയിൽ തുടങ്ങുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ: ഐ.എസ്.ആർ.ഒ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, എയിംസ്, ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പേര് മാറ്റണം. ഇത്രയധികം സ്ഥാപനങ്ങളുടെ പേര് മാറ്റുമ്പോൾ മറ്റൊരു സുപ്രധാന കാര്യം കൂടി ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തും. ഇവക്കെല്ലാം തുടക്കം കുറിച്ചത് മോഡിയോ ബി.ജെ.പി സർക്കാരോ അല്ല, സ്വാതന്ത്ര്യാനന്തരം രാജ്യത്തെ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനമിട്ട മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും കോൺഗ്രസ് സർക്കാരുകളുമാണെന്ന യാഥാർഥ്യം. 
ജനങ്ങളിൽ കൃത്രിമ ദേശീയ ബോധം കുത്തിവെച്ചുകൊണ്ടേയിരിക്കുന്ന ബി.ജെ.പിയും കേന്ദ്ര സർക്കാരും രാജ്യത്തിന്റെ പേരുമാറ്റവും അത്തരത്തിലാവും കാര്യങ്ങൾ അവതരിപ്പിക്കുക. ഭാരതം എന്നു പറയുന്നതാണ് നമുക്ക് അഭിമാന ബോധമുണ്ടാക്കുന്ന കാര്യം, അതിലൂടെയാണ് നമ്മുടെ ദേശസ്‌നേഹം പ്രകടിപ്പിക്കാനാവുക, ഇന്ത്യ എന്നത് ഇംഗ്ലീഷുകാരൻ അടിച്ചേൽപിച്ച പദമാണ് എന്നൊക്കെയുള്ള വാദങ്ങൾ വരാനിരിക്കുന്നു. ഇത്തരം വാദകോലാഹലങ്ങളിലൂടെ ഇന്ത്യ മുന്നണിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമവും ഉണ്ടാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.ഐ, സി.പി.ഐ-എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പേര് പുതിയ സാഹചര്യത്തിൽ മാറ്റുമോ എന്ന ചോദ്യവും ഉയർന്നേക്കാം. 
ജനങ്ങൾക്ക് വിശേഷിച്ച് ഒരു നേട്ടവുമില്ലാത്ത, കേവലം ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള നീക്കം മാത്രമാണ് രാജ്യത്തിന്റെ പേരിമാറ്റവും. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട് നിരോധനം, ഒരു രാജ്യം, ഒരു നികുതി എന്ന് പറഞ്ഞ് കൊണ്ടുവന്ന ജി.എസ്.ടി, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം... ഇതിന്റെയെല്ലാം തുടർച്ച മാത്രം.

Latest News