Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാവോയിസ്റ്റ് വേട്ടക്ക് ഇനി  പോലീസിൽ ആദിവാസി യുവാക്കളും

മലപ്പുറം- വനത്തിനുള്ളിലെത്തുന്ന മാവോയിസ്റ്റുകളെ പിടികൂടാനുള്ള പോലീസ് സംഘത്തിന് ഇനി ആദിവാസി യുവാക്കളുടെ സഹായവും തുണയാകും. സംസ്ഥാന പോലീസിലേക്ക് ആദിവാസി യുവതീ യുവാക്കളിൽനിന്ന് നടത്തുന്ന പ്രത്യേക നിയമനത്തിന് തെരഞ്ഞെടുത്തവർക്കുള്ള പരിശീലനം ഓഗസ്റ്റ് ഒന്നുമുതൽ തൃശൂർ പോലീസ് അക്കാദമിയിൽ തുടങ്ങും. ഇവരോട് 31ന് മലപ്പുറം എംഎസ്പി ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ 72 പേർക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. കണ്ണൂർ, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്കാണ് നിയമനം.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ ജില്ലകളിലെ വനത്തിനുള്ളിലോ വനത്തിനോട് ചേർന്നോ ഉള്ള ആദിവാസി കോളനികളിലെ യോഗ്യതയുള്ള യുവതീയുവാക്കളെ പോലീസിൽ നിയമിക്കണമെന്ന സംസ്ഥാന ഇൻറലിജൻസിന്റെ ശുപാർശയനുസരിച്ചാണ് ആഭ്യന്തരവകുപ്പ് പ്രത്യേക നിയമനം നടത്തിയത്. ജില്ലയിലെ കാളികാവ്, നിലമ്പൂർ, അരീക്കോട് ബ്ലോക്കുകളിലുള്ള ആദിവാസികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അതനുസരിച്ച് നടത്തിയ പരീക്ഷകളിൽ നിന്ന് എട്ടുപേരെയാണ് തെരഞ്ഞെടുത്തത്. പാട്ടക്കരിമ്പ് കോളനിയിലെ സുരേഷ് ബാബു, ബാബു എന്നിവർ, നെടുങ്കയം കോളനിയിലെ സജിരാജ്, അപ്പൻകാപ്പ് കോളനിയിലെ സുധീഷ്, ചാന്ദ്‌നി എന്നിവർ, ഭൂമിക്കുത്ത് കോളനിയിലെ സന്ധ്യ, ഭൂദാനം കോളനിയിലെ അജില, ചെമ്പൻകൊല്ലി കോളനിയിലെ സുനു എന്നിവരാണ് എട്ടുപേർ. ഇതിൽ സന്ധ്യ മമ്പാട് എംഇഎസ് കോളജിൽ നിന്ന് ബിഎ.എക്കണോമിക്‌സും അജില ചുങ്കത്തറ മാർത്തോമാ കോളജിൽനിന്ന് എംകോമും വിജയിച്ചവരാണ്. ഇവർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ പിഎസ്സി അധികൃതർ നിലമ്പൂരിലെത്തി അഭിമുഖം നടത്തിയാണ് അന്തിമ പട്ടിക തയാറാക്കിയത്. 
മാർച്ചിൽ നിയമനം അറിയിച്ചുകൊണ്ടുള്ള കത്തും വന്നു. ഇപ്പോഴാണ് പരിശീലനത്തിനു വിളിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. മറ്റു ജില്ലകളിൽ പരിശീലന പരിപാടികൾ നേരത്തെതന്നെ തുടങ്ങിയിരുന്നു.
പരിശീലനത്തിന് പങ്കെടുക്കുന്നവർ 13,421 രൂപ ആദ്യഘട്ടത്തിൽ അടക്കണം. യൂണിഫോം, മെസ്, കാൻറീൻ എന്നിവയിലേക്കുള്ള ചെലവിനായാണ് ഇത്. എന്നാൽ ആദിവാസികളിൽ പലർക്കും ആവശ്യത്തിന് പണമില്ലാതിരുന്നതിനാൽ പരിശീലനത്തിന് പോകുന്നത് സംബന്ധിച്ച് ആദ്യം അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്ന് റിട്ട.എസ്‌ഐയും ആദിവാസി മേഖലയിൽ പൊതുസേവനം നടത്തുന്ന വ്യക്തിയുമായ എ.സദാശിവൻ ഇടപെട്ട് പണം സർക്കാരിൽനിന്ന് തന്നെ അനുവദിച്ചു കിട്ടാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പട്ടികവർഗ ഓഫീസർക്ക് ആവശ്യത്തിന് പണമനുവദിക്കണമെന്ന് കാണിച്ച് യുവാക്കൾ നിവേദനം നൽകി. അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ നിവേദനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് വാക്ക് നൽകുകയും ചെയ്തു. പരിശീനത്തിൽ ഒന്നാം തിയ്യതി തന്നെ പങ്കെടുക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് ആദിവാസി യുവാക്കൾ.

Latest News