പുതിയ മൊബൈൽ ഫോണുകൾ വിപണിയിൽ ഇറങ്ങുമ്പോഴേക്കും അത് സ്വന്തമാക്കുകയെന്നത് ചിലർക്ക് ഒരു ഹരമാണ്. ഇന്ത്യയിലും കേരളത്തിലുമെല്ലാം ഇങ്ങനെയുള്ള മൊബൈൽ ഫോൺ പ്രേമികൾ ഏറെയുണ്ട്. അവർക്കെല്ലാം പ്രതീക്ഷ നൽകിക്കൊണ്ട് ആപ്പിളിന്റെ പുതിയ ഐഫോൺ 15 സെപ്റ്റംബർ 12 ന് പുറത്തിറക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 നാണ് ലോഞ്ചിങ് നടക്കുന്നത്. എല്ലാവർക്കും ഫോണിന്റെ വിലയെക്കുറിച്ചാണ് ആദ്യം അറിയേണ്ടത്. ഇത് സംബന്ധിച്ച് പല വാർത്തകളും പുറത്ത് വരുന്നുണ്ട്. വിലയെ സംബന്ധിച്ച് നിർമാതാക്കൾ സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും സൈബർ ലോകത്ത് പല വിലകളും പ്രചരിക്കുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കുമെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. ആപ്പിളിന്റെ മുൻ മോഡലുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫോണിന്റെ വില 79,900 രൂപയിൽ ആരംഭിക്കുമെന്നും സൂചനയുണ്ട്. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 15 ന്റെ കളർ ഓപ്ഷനുകൾ നേരത്തെ ഓൺലൈനിൽ വന്നു തുടങ്ങിയിരുന്നു. ഷാസിക്കായി ഒരു പുതിയ മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ ഈ ഹാൻഡ്സെറ്റുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് സൂചനയുണ്ട്. പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ഗോൾഡ്, ഡീപ് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകില്ല. പകരം നിലവിലുള്ള സ്പേസ് ബ്ലാക്ക്, സിൽവർ കളർ എന്നിവക്ക് പുറമെ ഡാർക്ക് ബ്ലൂ, ടൈറ്റൻ ഗ്രേ കളർ എന്നിവയാകും ലഭ്യമാവുക. പുതിയ ടൈറ്റാനിയം ഷാസിക്ക് വേണ്ടി ഐഫോൺ 15 പ്രോ മോഡലുകൾക്കായി സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിക്കുന്നത് നിർത്താൻ ആപ്പിൾ പദ്ധതിയിടുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഇത് വരാനിരിക്കുന്ന ഫോണുകളെ കൂടുതൽ മോടിയുള്ളതാക്കാൻ സഹായിക്കും.