ഇരുപത്തഞ്ച് വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ. കഴിഞ്ഞ ദിവസം, സെപ്റ്റംബർ നാലിനാണ് ഗൂഗിൾ 25 ാം പിറന്നാൾ ആഘോഷിച്ചത്. ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ ഏറ്റവും വിപ്ലവാത്മകമായ കാര്യം എന്താണെന്ന് ചോദിച്ചാൽ അത് ഗൂഗിളിന്റെ പിറവിയാണെന്ന് നിസ്സംശയം പറയാം. 25 ന്റെ ആവേശവുമായി ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് ഇനിയും ഏറെ മുന്നോട്ട് പോകാനാണ് ഗൂഗിളിന്റെ തീരുമാനം. നമുക്ക് സങ്കൽപിക്കാൻ പോലും പറ്റാത്ത കാര്യങ്ങളാണ് ഗൂഗിൾ നടപ്പാക്കാനൊരുങ്ങുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻ കുതിപ്പാണ് ഗൂഗിൾ ഇനി ലക്ഷ്യമിടുന്നത്. വിവര സാങ്കേതിക വിദ്യ രംഗത്ത് ഗൂഗിൾ കൊണ്ടുവന്ന മാറ്റങ്ങളും വഹിച്ച പങ്കും വളരെ വലുതാണ്. ഒരു സാധാരണക്കാരന് വളരെ വിദൂരമായി നിന്ന സാങ്കേതിക വിദ്യയെല്ലാം ഗൂഗിൾ അവർക്ക് സാധ്യമാക്കിക്കൊടുത്തു. സ്റ്റാൻഫോഡ് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്. 1988 ലാണ് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളായ സെർജി ബ്രിനും ലാറി പേജും ഗൂഗിളിന് രൂപം നൽകുന്നത്.
അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽ നിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പേര്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ എന്ന പദം സെർച്ച് എൻജിന്റെ പേരാക്കി മാറ്റാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസ്സുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938 ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ ആയി മാറി.
ഗൂഗിൾ സെർച്ചിൽ നിന്നു നിരവധി ഉൽപന്നങ്ങളിലേക്കു സ്ഥാപനം അതിവേഗം പടർന്നു എന്നു ചരിത്രം: ജിമെയിൽ, ഗൂഗിൾ മാപ്സ്, ഗൂഗിൾ ക്ളൗഡ്, ക്രോം, യൂട്യൂബ്, വർക്സ്പേസ്, ആൻഡ്രോയിഡ്, ഗൂഗിൾ ട്രാൻസ്ലേറ്റ്, മീറ്റ്, പിക്‌സൽ സ്മാർട്ട്‌ഫോൺ, ഗൂഗിൾ അസിസ്റ്റന്റ്, ബാർഡ് എഐ തുടങ്ങി ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച സേവനങ്ങളുമായി ഗൂഗിൾ ചരിത്രം സൃഷ്ടിച്ചു. ടെക് വ്യവസായത്തിൽ ബില്യൺ കണക്കിനു മൂല്യമുള്ള ഭീമാകാരമായ കമ്പനിയായി ഗൂഗിൾ മാറി. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം മായാജാലങ്ങളാണ് ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ടെക് ലോകം.ആൽഫബെറ്റ് എന്ന വലിയ മാതൃഗ്രൂപ്പിന് കീഴിലാണ് ഗൂഗിളിപ്പോൾ. നൂറിലേറെ ഉൽപന്നങ്ങളും സർവീസുകളും ഗൂഗിളിനുണ്ട്. നിലവിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയോടു കൂടിയ സെർച്ച് ടൂൾ ഗൂഗിൾ വികസിപ്പിച്ചു കഴിഞ്ഞു. അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം, ചിത്രങ്ങൾ ഉൾപ്പെടെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത്തിയഞ്ചാം വയസ്സിലെത്തിയ ഗൂഗിളിന്റെ തലപ്പത്ത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണെന്നതിൽ ഇന്ത്യക്കും അഭിമാനം.