ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം എഡിഷന് ഇനി 28 ദിവസം മാത്രം. ഒക്ടോബർ 4 മുതൽ 7 വരെ ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന കോൺഫറൻസിൽ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന ഇന്ത്യയുടെ ബഹിരാകാശത്തെ സൈബർ സുരക്ഷ വരെ ചർച്ചയാകും. പത്ത് ശിൽപശാലകളിൽ 100 ലധികം പ്രഗത്ഭർ പങ്കെടുക്കും.
ഇത്തവണത്തെ കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി എത്തുന്നവരിൽ പ്രമുഖൻ ഐ.എസ്.ആർ.ഒ ചെയർമാർ എസ്. സോമനാഥാണ്. ചന്ദ്രയാനും ആദിത്യ എൽ 1 ഉൾപ്പെടെയുളള ബഹിരാകാശ രംഗത്തെ രാജ്യം കൈവരിച്ച നേട്ടവും ഇവയ്ക്കുള്ള സൈബർ സുരക്ഷക്ക് വേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കോൺഫറൻസിൽ പ്രതികരിക്കും.
രാജ്യത്തെ വളരെ പ്രത്യേക സാങ്കേതിക ഇന്റലിജൻസ് ശേഖരണ ഏജൻസിയായ നാഷണൽ ടെക്നിക്കൽ റിസർച്ച് ചെയർമാൻ അരുൺകുമാർ സിൻഹ ഐ.പി.എസും മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. റിമോട്ട് സെൻസിംഗ്, സിഗ്‌നൽസ് ഇന്റലിജൻസ്, ഡാറ്റ ശേഖരണവും പ്രോസസിംഗും സൈബർ സുരക്ഷ, ജിയോസ്പേഷ്യൽ വിവര ശേഖരണം, ക്രിപ്റ്റോളജി, സ്ട്രാറ്റജിക് ഹാർഡ്വെയർ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സ്ട്രാറ്റജിക് മോണിറ്ററിംഗ് എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയ ഏജൻസിയാണ് എൻ.ടി.ആർ.ഒ. ഇന്ത്യൻ സായുധ സേനയുടേതുൾപ്പെടെ വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ സാങ്കേതിക വിഭാഗങ്ങളുടെ പ്രവർത്തനത്തെ ഏജൻസി ബാധിക്കില്ലെങ്കിലും ആന്തരികവും ബാഹ്യവുമായ സുരക്ഷയെ സംബന്ധിച്ച് മറ്റ് ഏജൻസികൾക്ക് സാങ്കേതിക ഇന്റലിജൻസ് നൽകുന്നതിനുള്ള ഒരു സൂപ്പർ ഫീഡർ ഏജൻസിയാണ് ഇതിന്റെ പ്രവർത്തനം. രാജ്യത്തെ സുരക്ഷക്ക് വേണ്ടി ഇത്രയേറെ പ്രധാന്യം നൽകുന്ന ഏജൻസിയുടെ സുരക്ഷ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.
രാജ്യത്തെ പ്രതിരോധ മേഖലയിലെ സുരക്ഷയും ഏറ്റവും പ്രധാനമാണ്. കൊക്കൂണിന്റെ മുൻ എഡിഷനുകളിൽ പോലും അതിന് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നു. അതിന്റെ തുടർച്ചയെന്നവണ്ണമാണ് ഇത്തവണത്തെ മറ്റൊരു മുഖ്യ പ്രഭാഷകനായി നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓഡിനേറ്റർ ലെഫ്റ്റനന്റ് ജനറൽ എം.യു. നായരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ രംഗത്തെ സൈബർ സുരക്ഷയുടെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സംവദിക്കും. സൈബർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും സൈബർ സുരക്ഷ അനിവാര്യമായ ബാങ്കിംഗ്, ആശുപത്രി ഉൾപ്പെടെയുള്ള മേഖലയിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനകമാകുന്നതാണ് രണ്ട് ദിവസത്തെ വർക്ക് ഷോപ്പും 2 ദിവസത്തെ കോൺഫൻസും.
കോൺഫൻസിനെക്കുറിച്ച് കൂടുതൽ അറിയുവാനും രജിസ്ട്രേഷനും വേണ്ടി സന്ദർശിക്കാം:
https://india.c0c0n.org/2023/home