Sorry, you need to enable JavaScript to visit this website.

ഇതൊരു മുന്നറിയിപ്പാണ് - വക്കീല്‍ ഉപദേശിക്കും, ഭാര്യ എട്ടിന്റെ പൂട്ട് പൂട്ടും, കരഞ്ഞ് വിളിച്ചിട്ട് കാര്യമില്ല

കോഴിക്കോട് - ഇത് നിയമപ്രകാരമുള്ള മുന്നറിയിപ്പല്ല, നിയമം ദുരുപയോഗപ്പെടുത്തുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ്. അങ്ങനെ ചെയ്തതിന്റെ പേരില്‍ കണ്ണീരു കുടിക്കുന്ന, ഒരു മുളം കയറിലോ, ഒതു തുള്ളി വിഷത്തിലോ, റെയില്‍പാളത്തിലോ ഒക്കെ  ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരുടെ ഗതികേടിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. എല്ലാവരാലും വെറുക്കപ്പെട്ട് കുടുംബവും കുട്ടികളും നഷ്ടപ്പെട്ട് നികൃഷ്ടജീവിയെന്നോണം സമൂഹത്തിന്റെ ശാപവാക്കുകള്‍ ഏറ്റുവാങ്ങി തെറ്റുകാരനല്ലെന്ന് തെളിയിക്കാന്‍ ശിഷ്ടജീവിതം കോടതി കയറിയിറങ്ങി അലയുന്നവരുടെ ഹൃദയ വേദനയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. 
വലിയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു നിയമം എങ്ങനെയാണ് വളരെയെളുപ്പം ദുരുപയോഗം ചെയ്ത്  ആളുകളെ കുടുക്കി അവരുടെ ജീവിതം ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഒരാളെ കൊല ചെയ്യുന്നതിനേക്കാള്‍ ഭീകമായ അവസ്ഥയാണത്. 
ഇത്തരത്തിലുള്ള നൂറ് കണക്കിന് സംഭവങ്ങളില്‍ താഴെ കൊടുക്കുന്ന രണ്ടോ മൂന്നോ എണ്ണം വായിക്കുമ്പോള്‍ തന്നെ എവിടേയ്ക്കാണ് നമ്മളുടെ പോക്കെന്ന് മനസ്സിലാകും.
ഒന്ന് - പത്തനം തിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് അച്ഛനെതിരെ വ്യാജ പീഡന പരാതി നല്‍കിയ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കുടുംബ വഴക്ക് കാരണം ദമ്പതികള്‍ വേര്‍ പിരിഞ്ഞാണ് താമസം. ഭര്‍ത്താവിനോടുള്ള വിരോധം തീര്‍ക്കാനായി ഒന്‍പത് വയസ്സുള്ള മകളെക്കൊണ്ടാണ് പീഡന പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ സുഹൃത്തിനെയും പോക്‌സോ കേസില്‍ പ്രതിയാക്കി. രണ്ടു പേരും അകത്തായി. ഒടുവില്‍ നിരപരാധിയാണെന്ന് കോടതിയ്ക്ക് ബോധ്യമായതോടെയാണ് ഇരുവരെയും വെറുതെ വിട്ടത്. അച്ഛനെതിരെ പീഡന പരാതി നല്‍കാന്‍ അമ്മ രണ്ട് മക്കളെയും നിര്‍ബന്ധിച്ചിരുന്നതായും കണ്ടെത്തി.
രണ്ട് - വഴിക്കടവില്‍ ഭാര്യാ സഹോദരന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവാവ് പരാതി നല്‍കിയത്. ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് പോക്‌സോ കേസിലെത്തിയത്. പിതാവ് പറഞ്ഞിട്ടാണ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി തുറന്ന് പറഞ്ഞു.
മൂന്ന് - തെന്നലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ജയിലായ 18 കാരനെ ഒടുവില്‍ ഡി എന്‍ എ ടെസ്റ്റിലൂടെ നിരപരാധിയാണെന്ന് കണ്ടെത്തിയതോടെയാണ് ജയില്‍ മോചിതനാക്കിയത്. പെണ്‍കുട്ടി യുവാവിനെ മന:പൂര്‍വ്വം കുടുക്കുകയാണുണ്ടായതെന്ന് തെളിഞ്ഞു.

കടയ്ക്കാവൂരില്‍ അമ്മ പീഡിപ്പിച്ചെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കിയതും നിരപരാധിയായ അമ്മയ്ക്ക് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നതും  ഒടുവില്‍ സത്യം തെളിഞ്ഞപ്പോള്‍ കോടതി വെറുതെ വിട്ടതും അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയാണ്.

ഈ പറഞ്ഞ സംഭവങ്ങളെല്ലാം പോക്‌സോ നിയമത്തിനെ മറയാക്കി നല്‍കുന്ന വ്യാജ പീഡനപരാതികളുടെ വന്‍മലയുടെ വളരെ ചെറിയ ഒരറ്റം മാത്രമാണ്.  ഇതിലും ഭീകരമായ എത്രയോ കാര്യങ്ങള്‍ വ്യാജ പോക്‌സോ കേസിന്റെ പേരില്‍ നടക്കുന്നു. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനയി 2012ലാണ് രാജ്യത്ത് പോക്്‌സോ നിയമം പ്രാബല്യത്തില്‍ വന്നത്. ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഈ നിമയത്തിനുള്ളത്. ഈ നിയമമാണ് പലപ്പോഴും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. എളുപ്പത്തില്‍ ഒരാളെ അകത്താക്കാനും അപമാനഭാരത്താല്‍ കുനിഞ്ഞ തലയുമായി വര്‍ഷങ്ങളോളം അയാളെ ജയിലില്‍ കിടത്താനുമുള്ള മാര്‍ഗമായാണ് ദുരുപയോഗക്കാര്‍ ഇതിനെ കാണുന്നത്. ഇതിനിടയില്‍ നീതി കിട്ടാതെ പോകുന്നത് യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്കാണ്. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ കൂടി വരുന്ന കാലഘട്ടത്തിലാണ് നിയമത്തെ ദുരുപയോഗം ചെയ്ത് അതിന്റെ അന്ത:സത്തയെ തന്നെ പലപ്പോഴും തകര്‍ത്തു കളയുന്നത്.

വക്കീല്‍ ഉപദേശിക്കും ഭാര്യ കേസു കൊടുക്കും

വ്യാജ പോക്‌സോ കേസുകളുടെ പ്രളയമാണ് പലപ്പോഴും വിവാഹ മോചന പരാതിയുമായി ബന്ധപ്പെട്ട് കുടുംബ കോടതികളില്‍ നടക്കുന്നത്. കുടുംബ കോടതികളില്‍ നടക്കുന്ന വ്യാജ പോക്‌സോ കേസുകളെക്കുറിച്ച് 2021 ഒക്ടോബര്‍ 21 ന് ' മലയാളം ന്യൂസ് ' ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനിപ്പുറം കാര്യങ്ങള്‍ അതിലും എത്രയോ ഭീകരമാണ്. പല രീതികളില്‍, പല തന്ത്രങ്ങളില്‍ എല്ലാം ഇതിന്റെ ദുരുപയോഗം നടക്കുകയാണ്. സുപ്രീം കോടതിയും ഹൈക്കോടതിയുമെല്ലാം വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ പല തവണ താക്കീത് നല്‍കിയിട്ടും ഒരു ഭയവുമില്ലാതെ മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാനായി ആളുകള്‍ ഈ നിമയത്തെ വളരെ പരസ്യമായി തന്നെ ദുരുപയോഗം ചെയ്യുന്നു.
പ്രായപൂര്‍ത്തിയാകാത്ത മക്കളുള്ള ദമ്പതിമാര്‍ വിവാഹമോചനത്തിനായി കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെങ്കില്‍ ഇവരില്‍ ഭര്‍ത്താവ് ഒന്ന് സൂക്ഷിക്കുക തന്നെ വേണം. ഭാര്യയ്ക്ക് എപ്പോഴാണ് ദുര്‍ബുദ്ധി തോന്നുകയെന്നറിയില്ലല്ലോ. അഥവാ  അങ്ങനെ തോന്നിയാല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവ്  അഴിക്കുള്ളിലാകുന്ന സാധ്യത വളരെയധികമാണ്.  പിന്നെ കരഞ്ഞ് പിടിച്ചിട്ട് കാര്യമില്ല. എത്ര മാന്യനാണെങ്കിലും അയാളുടെ മാനം കപ്പല്  കേറിയത് തന്നെ. വിവാഹ മോചന കേസുകളില്‍ എല്ലാ ഭാര്യമാരും ഇങ്ങനെ ചെയ്യുമെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുകയല്ല, മറിച്ച്  നൂറ് കണക്കിന് സംഭവങ്ങള്‍ ഇങ്ങനെ നടക്കുന്നുണ്ടെന്നും കോടതികള്‍ പോലും വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്.  ഭാവിയില്‍ ഭാര്യമാരും ഒന്ന് കരുതുന്നത് നല്ലതാണ്. അവരെ കുടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഭര്‍ത്താക്കന്‍മാരുമുണ്ട്. കടയ്ക്കാവൂരിലെ നാലു കുട്ടികളുടെ അമ്മയുടെ ദുരനുഭവം കേരളം മറന്നിട്ടില്ല.  എങ്കിലും 90 ശതമാനവും പുരുഷന്‍മാരാണ് ഇവിടെ ഇരയാക്കപ്പെടുന്നത്. 
വിദേശ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഫയല്‍ ചെയ്യപ്പെടുന്ന വിവാഹ മോചന കേസുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവിടങ്ങളില്ലെല്ലാം വിവാഹ മോചനത്തിന് കേസ് കൊടുക്കുന്നവരോ വിവാഹ മോചിതരാകുന്നവരോ പരസ്പരം ശത്രക്കളല്ല, മറിച്ച് ഒരുമിച്ച് ജിവിക്കാന്‍ പറ്റാത്തത്‌കൊണ്ട് മാത്രം വേര്‍പെടുന്നവരാണ്. മിക്കവാറും പേര്‍ വിവാഹമോചന ശേഷവും സുഹൃത്തുക്കളായി തുടരുകയോ പരസ്പരം ബഹുമാനം പുലര്‍ത്തുകയോ ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ ഇതല്ല സ്ഥിതി. വിവാഹ മോചനത്തിന് കേസുകൊടുക്കുന്നത് തന്നെ പങ്കാളിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ലോകത്ത്  മറ്റൊരാളോടുമില്ലാത്ത വൈരാഗ്യമായിരിക്കും മിക്കവാറും കേസുകളില്‍ ദാമ്പത്യം വേര്‍പെടുത്തുന്നവര്‍ക്കിടയില്‍ നിലനില്‍ക്കുക. അത് തന്നെയാണ് പ്രശ്‌നവും.
കുടുംബ കോടതികളില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം കിട്ടാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം പോരാടുകയാണ് പലപ്പോഴും ചെയ്യുക. അതിനായി ഏത് തരംതാണ കളിയും കളിക്കാന്‍ ചിലര്‍ തയ്യാറാകും. കേസില്‍ ഹാജരാകുന്ന അവരുടെ വക്കീലിനോടുള്ള ഏറ്റവും പ്രധാന ഡിമാന്റും ഇത് തന്നെയായിരിക്കും. സ്വാഭാവികമായും തന്റെ കക്ഷിയെ വിജയിപ്പിച്ചെടുക്കേണ്ടത് വക്കീലിന്റെ കടമയാണ്. അതിനായി ചില വക്കീലന്‍മാരില്‍ ചിലരെങ്കിലും കക്ഷികള്‍ക്ക് വളഞ്ഞ വഴി പറഞ്ഞുകൊടുക്കാനും തയ്യാറാകും. ഭര്‍ത്താവിനെ സമൂഹ മധ്യത്തില്‍ നാണം കെടുത്താനും ജയിലില്‍ കിടത്താനുമുള്ള മാര്‍ഗമായി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞ് പോക്‌സോ കേസ് നല്‍കുകയാണ് ചെയ്യുക.  കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി അച്ഛന്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് മൊഴികൊടുപ്പിക്കും. ഇതോടെ പുരുഷന്‍മാരുടെ നെട്ടോട്ടം ആരംഭിക്കും. പോക്‌സോ കേസില്‍ പ്രതിയായാല്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയില്ലെന്നറിയുന്ന മിക്ക ഭര്‍ത്താക്കന്‍മാരും ഭാര്യ മുന്നോട്ട് വെയ്ക്കുന്ന ഏത് ഒത്തു തീര്‍പ്പിനും തയ്യാറാകും. വക്കീലിന്റെ ബുദ്ധിയും ഭാര്യയുടെ പ്രതികാരവവും ഒത്തു ചേര്‍ന്നാല്‍ പിന്നെ എല്ലാം ശുഭം. ഒന്നുകില്‍ എല്ലാ അപമാനവും സഹിച്ചുകൊണ്ട് വെറുക്കപ്പെട്ടവനായി സമൂഹത്തില്‍ ജീവിക്കുക, അതല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുക. ഇത് മാത്രമേ  പോവംഴിയുള്ളൂ.  നിരപരാധിയെന്ന് തെളിയിക്കപ്പെടാന്‍ കടമ്പകള്‍ ഒരുപാടുണ്ട്. അഥവാ തെളിയിച്ചാല്‍ തന്നെ അത് ആരും വിശ്വസിക്കില്ല. 

നാണക്കേടിന്റെ ആള്‍രൂപമായി, തല കുമ്പിട്ട്...

പോക്‌സോ നിയമത്തിന്റെ ഏറ്റവും വലിയ ദുരുപയോഗം കുടുംബ കോടതികളിലെ വിവാഹ മോചന കേസുകളിലാണ് നടക്കുന്നതെന്നത് ജുഡീഷ്യറിക്കും നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ എല്ലാവരും നിസ്സഹായരാകുന്ന അവസ്ഥയാണ്.  പോക്‌സോ കേസുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കനത്ത ജാഗ്ര പുലര്‍ത്തണമെന്ന് 2019 മെയ് മാസത്തില്‍ കേരളത്തിലെ എല്ലാ കുടുംബ കോടതികള്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 
കുട്ടികള്‍ക്കെതിരെ യഥാര്‍ത്ഥത്തിലുള്ള പീഡനങ്ങള്‍ കുടുംബ കോടതിയുമായി ബന്ധപ്പെട്ട കേസുകളില്‍ നടക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. അത്തരം സംഭവങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ വ്യാജ പോക്‌സോ കേസുകളുടെ പ്രളയം കാരണം യഥാര്‍ത്ഥ കേസുകള്‍ പോലും സംശയത്തിന്റെ നിഴലിലാകുന്നു. പിതാവ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണ ചുമതല പിതാവിന് നല്‍കാന്‍ കുടുംബ കോടതിയ്ക്ക് കഴിയില്ല. അതോടെ കുട്ടിയെ അമ്മയ്ക്ക് മാത്രമായി നല്‍കും. വ്യാജ പോക്‌സോ കേസിന്റെ മറപിടിച്ച് സ്വന്തം കുട്ടിയെ കാണാനുള്ള അവകാശം പോലും  ഇത്തരത്തില്‍ പരാതി നല്‍കുന്ന ഭാര്യമാരും അവരുടെ ബന്ധുക്കളും നിഷേധിക്കും. ഇതിന്  മറുവശം  കൂടിയുണ്ട്. ഭാര്യയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കുട്ടികളുടെ സംരക്ഷണാവകാശം കുടുംബ കോടതിയില്‍ നിന്ന് തട്ടിയെടുക്കാന്‍  ഭര്‍ത്താക്കന്‍മാരും ശ്രമിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോഴും വിലപ്പോകില്ലെന്ന് മാത്രം. നല്ല എട്ടിന്റെ പണി കോടതി തന്നെ നല്‍കും. പോക്‌സോ കേസിന്റെ കാര്യം അങ്ങനെയല്ല, അതില്‍ പെട്ടാല്‍ പിന്നെ നിരപരാധിത്വം തെളിയിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. അതുവരെ സമൂഹത്തിന് മുന്നില്‍ മക്കളെ പീഡിപ്പിച്ച കുറ്റവാളിയായി തലകുമ്പിട്ട് നില്‍ക്കേണ്ടി വരും. ഒരു കൊലപാതക കേസിലാണ് പെടുന്നതെങ്കില്‍ പോലും ഇത്രയും നാണക്കേടും അപമാനവും സഹിക്കേണ്ടി വരില്ല.

അനുഭവിക്കേണ്ടി വരുന്നത് സ്വന്തം മക്കളാണ്

2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ ആകെ 17884 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ട് ശതമാനത്തോളം കേസുകളില്‍ മാത്രമേ ശിക്ഷ വിധിച്ചിട്ടുള്ളൂ. പ്രതികള്‍ക്ക് ശിക്ഷ കിട്ടാത്തതിന് പല കാരണങ്ങളുമുണ്ട്. അതില്‍ ഒരു പ്രധാന കാരണം വ്യാജ പോക്‌സോ കേസുകള്‍ പെരുകുന്നതാണ്. കുടുംബ കോടതികളിലാണ്  കൂടുതല്‍ വ്യാജ പോക്‌സോ കേസുകള്‍ ഫയല്‍ ചെയ്യുന്നതെന്ന് പോലീസും അഭിഭാഷകരും കുട്ടികള്‍ക്കിടയില്‍ കൗണ്‍സിലിംഗ് നടത്തുന്നവരുമെല്ലാം സമ്മതിക്കുന്നുണ്ട്. വ്യാജ പോക്‌സോ കേസുകള്‍ ഫയല്‍ ചെയ്യുന്നതിന്റെ ദുരന്തം കുട്ടികളും വലിയ തോതില്‍ അനുഭവിക്കേണ്ടി വരുന്നു. കുട്ടിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയോ അല്ലെങ്കില്‍ ശാരീരികമായി പീഡിപ്പിച്ചോ അതുമല്ലെങ്കില്‍ മറ്റ് തരത്തില്‍ ഭീഷണിപ്പെടുത്തിയോ ആണ് വ്യാജ മൊഴി കൊടുപ്പിക്കുന്നത്. സ്വന്തം അച്ഛനോ അമ്മയ്‌ക്കോ ബന്ധുക്കള്‍ക്കോ എതിരെ വ്യാജ മൊഴി കൊടുക്കേണ്ടി വരുന്ന കുട്ടികള്‍ ഭാവിയില്‍ വലിയ മാനസിക പ്രശ്‌നങ്ങളായിരിക്കും അനുഭവിക്കേണ്ടി വരിക. അവരുടെ ജീവിതം തന്നെ താളപ്പിഴകളിലേക്ക് നീങ്ങാം. കുറ്റബോധത്താല്‍ നീറിക്കഴിയേണ്ടി വരുന്ന കുട്ടികള്‍ മയക്കുമരുന്നിന്റെ  ലോകത്തേക്കോ, കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്കോ ഒക്കെ എത്തിപ്പെടാം. മറ്റുള്ളവര്‍ക്കെതിരെയുള്ള വൈരാഗ്യം തീര്‍ക്കാന്‍ സ്വന്തം കുട്ടികളെ കരുവാക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കാറേയില്ല. സ്വന്തം കുട്ടികളില്‍ നിന്ന് തന്നെ വലിയൊരു തിരിച്ചടി അവരെയും കാത്തിരിക്കുന്നുണ്ടാകും.
വിവാഹമോചന കേസുകളില്‍ മാത്രമല്ല, വഴിത്തര്‍ക്കത്തില്‍, ബിസിനസില്‍ എന്തിനധികം നിസ്സാര പ്രശ്‌നങ്ങളില്‍ പോലും കുട്ടികളുടെ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുകയാണ്.
തുടരും ....

Latest News