കോഴിക്കോട് - ചുമരിൽ ചാരിവെച്ച ബെഡ്ഡ് ദേഹത്ത് വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത മണാശ്ശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ചുമരിൽ ചാരിവെച്ചിരുന്ന ബെഡ്ഡ് ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീണാണ് കുട്ടി മരിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഉടനെ കുട്ടിയെ മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
കുളിക്കാൻ പോയി വന്നപ്പോഴാണ് ബെഡ്ഡിന്റെ അടിയിൽ കിടക്കുന്ന കുട്ടിയെ കണ്ടതെന്ന് അമ്മ ജിൻസി പോലീസിനോട് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ മരണ കാരണം വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.