Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗികള്‍ക്ക് ക്ഷീണവും ശ്വാസംമുട്ടലും- ഐസിഎംആര്‍ പഠനം

ന്യൂദല്‍ഹി-കോവിഡ് രോഗികളില്‍ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഐസിഎംആര്‍. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹ സംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ ഇവരില്‍ അനുഭവപ്പെടുന്നതായി  ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 6.5 ശതമാനം രോഗികള്‍ ഡിസ്ചാര്‍ജിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചതായും പഠനം ചൂണ്ടികാണിക്കുന്നു. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനം നടത്തിയത്. 31 ആശുപത്രികളില്‍ നിന്നായി 14,419 രോഗികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. നിരീക്ഷണത്തില്‍ ഇവരില്‍ 942 പേര്‍ ആശുപത്രി വിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചതായി കണ്ടെത്തി. എന്നാല്‍ കോവിഡ് ബാധിക്കുന്നതിന് മുന്‍പ് വാക്സീന്‍ എടുത്തവരുടെ ഒരു വര്‍ഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും പഠനത്തില്‍ പറയുന്നു. നിരീക്ഷണത്തില്‍ പ്രായമായവര്‍ക്ക് മരണസാധ്യത അധികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 18 വയസ്സില്‍ താഴെയുള്ള കോവിഡ് രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത 1.7 ശതമാനം അധികമായിരുന്നതായും കണ്ടെത്തി. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളുടെ തോത് അധികമായിരുന്നതാകാം ഇതിനൊരു കാരണമെന്നും പഠനത്തില്‍ പറയുന്നു.

Latest News