ന്യൂദല്‍ഹി- അസിഡിറ്റിക്ക് ഉപയോഗിക്കുന്ന അന്റാസിഡ് ഡിജീന്‍ ജെല്‍ എന്ന മരുന്നിന്റെ നിരവധി ബാച്ചുകള്‍ തിരിച്ചുവിളിച്ച് യു.എസ് ഔഷധ നിര്‍മ്മാതാവ് അബോട്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
കയ്പ്, രൂക്ഷ ഗന്ധം എന്നിവയെക്കുറിച്ച് രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഡിജെന്‍ മരുന്ന് നിരീക്ഷിച്ചത്. ഓഗസ്റ്റ് 31ന് അയച്ച കത്തില്‍, ഗോവയിലെ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍നിന്നുള്ള ഡിജെന്‍ ജെല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഡി.സി.ജി.ഐ രോഗികളോട് ആവശ്യപ്പെട്ടു.
കൂടാതെ, ഗോവ ഫാക്ടറിയില്‍ നിര്‍മ്മിച്ചതും ഇപ്പോഴും കടകളില്‍ വില്‍ക്കുന്നതുമായ ഉല്‍പ്പന്നത്തിന്റെ എല്ലാ ബാച്ചുകളും പിന്‍വലിക്കാന്‍ മൊത്തവ്യാപാരികളോട് ഡ്രഗ് കണ്‍ട്രോള്‍ പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.






