Sorry, you need to enable JavaScript to visit this website.

ഉംറ തട്ടിപ്പ് കേസിൽ പ്രമുഖ മതപ്രബോധകൻ അറസ്റ്റിൽ

കയ്‌റോ - ബദൽ ഉംറയുടെ പേരിൽ തട്ടിപ്പുകൾ നടത്തിയ പ്രശസ്ത മതപ്രബോധകൻ അമീർ മുനീറിനെ ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 4,000 ഈജിപ്ഷ്യൻ പൗണ്ട് മുതലുള്ള തുക ആണ് ബദൽ ഉംറയുടെ പേരിൽ അമീർ മുനീർ ഇരകളിൽ നിന്ന് ഈടാക്കിയിരുന്നത്. ബദൽ ഉംറ എന്ന പേരിൽ ആരംഭിച്ച ആപ്പ് വഴിയാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. മരണപ്പെട്ടവരും അവശവിഭാഗത്തിൽ പെട്ടവരുമായ ബന്ധുക്കൾക്കു വേണ്ടി പണം നൽകിയാൽ ഉംറ നിർവഹിച്ചു നൽകുമെന്ന് അവകാശപ്പെട്ടാണ് മതപ്രബോധകൻ ആളുകളെ കബളിപ്പിച്ചത്. 
മതത്തിന്റെ പേരിൽ പണം സമ്പാദിക്കുകയും കച്ചവടം നടത്തുകയുമാണെന്ന് കുറ്റപ്പെടുത്തി അമീർ മുനീറിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. ധനസമ്പാദനത്തിനു വേണ്ടി മതത്തെയും മതചിഹ്നങ്ങളെയും കച്ചവടവൽക്കരിച്ച ഇയാളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ഇതിനു പിന്നാലെയാണ് അമീർ മുനീറിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. 
ലൈസൻസില്ലാതെ സംഭാവനകൾ സ്വീകരിക്കുന്നതായും പണം സമാഹരിക്കുന്നതായും ആരോപിച്ച് മതപ്രബോധകനെതിരെ അഭിഭാഷകൻ ഹാനി സാമിഹ് ഈജിപ്ഷ്യൻ അറ്റോർണി ജനറലിന് അടിയന്തിര പരാതിയും നൽകിയിരുന്നു. ബദൽ ഉംറക്ക് 4,000 ഈജിപ്ഷ്യൻ പൗണ്ടു മുതൽ പതിനായിരം പൗണ്ട് വരെയാണ് പ്രബോധകൻ ഈടാക്കിയിരുന്നതെന്നും ഇതിനു വേണ്ടി ഇയാൾ പ്രത്യേക ആപ്പ് ആരംഭിച്ചതായും അഭിഭാഷൻ ഹാനി സാമിഹ് പറഞ്ഞു. പണമടക്കുന്നവർക്കു വേണ്ടി വിദേശത്ത് കഴിയുന്ന ആളുകളാണ് ബദൽ ഉംറ നിർവഹിക്കുകയെന്ന് അറിയിച്ചിരുന്ന അമീർ മുനീർ ഇതിനുള്ള പണം ബദൽ ഉംറ നിർവഹിക്കുന്നവർക്ക് ഡോളറിൽ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാർമസിസ്റ്റ് എന്നോണം ജോലിയിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാതിരുന്ന അമീർ മുനീർ നിത്യവൃത്തിക്കു പോലും വകയില്ലാതായതോടെയാണ് മതപ്രബോധന മേഖലയിലേക്ക് തിരിഞ്ഞതെന്നും ഇതിലൂടെ ഭീമമായ സമ്പത്തിന്റെ ഉടമയായി മാറുകയായിരുന്നെന്നും അഭിഭാഷൻ ഹാനി സാമിഹ് പറഞ്ഞു.
 

Latest News