ന്യൂദല്‍ഹി- ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരതം, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എല്ലാത്തിന്റേയും അര്‍ഥം സ്‌നേഹമെന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉയരങ്ങളിലേക്ക് പറക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്രയുടേയും മറ്റും പൊതുജനങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്ന വീഡിയോക്ക് അടിക്കുറിപ്പായാണ് രാഹുല്‍ പേര് മാറ്റ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.
ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് സാധാരണ കാണാറുള്ളതില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് ഓഫ് ഭാരത് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രാജ്യത്തിന്റെ പേരുമാറ്റാന്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹമടക്കം പ്രചരിച്ചു.