Sorry, you need to enable JavaScript to visit this website.

ഇല്ലാത്ത ഒരു ബിസ്‌കറ്റിന് ഒരു ലക്ഷം വിലയിട്ട് ഉപഭോക്തൃ കോടതി, കുടുങ്ങിയത് ഭീമന്‍ കമ്പനി

ചെന്നൈ- ഒരു ബിസ്‌ക്കറ്റിന്, അതും കാണാതായ ഒരെണ്ണത്തിന് എത്ര വില വരും? സ്വര്‍ണ ബിസ്‌കറ്റല്ല കേട്ടോ.. കോടതി ഉത്തരവുണ്ടായാല്‍ ഒരു ലക്ഷം രൂപ വരെ കിട്ടുമെന്നതാണ് വാര്‍ത്ത.  ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിപണന കമ്പനിയായ ഐടിസി ഫുഡ്‌സ് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ബിസ്‌ക്കറ്റായി ഇത് മാറിയേക്കാം.

കമ്പനിയുടെ ബിസ്‌കറ്റ് ബ്രാന്‍ഡായ 'സണ്‍ഫീസ്റ്റ് മേരി ലൈറ്റ്' പാക്കറ്റുകളില്‍ ഒന്നില്‍ 15 ബിസ്‌ക്കറ്റുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും കവറില്‍ പറഞ്ഞതുപോലെ 16 ബിസ്‌ക്കറ്റുകളില്ലെന്നും പരാതിപ്പെട്ട് ഒരാള്‍ ഉപഭോക്തൃ കോടതിയിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പി. ദില്ലിബാബുവിന്റെ പരാതിയില്‍ ബിസ്‌ക്കറ്റ് നഷ്ടപ്പെട്ടതിന് ഐടിസി ഫുഡ്‌സ് ഒരു ലക്ഷം രൂപ നല്‍കണമെന്ന് തിരുവള്ളൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിബാബുവിന്റെ വ്യവഹാര ചെലവുകള്‍ക്കായി 10,000 രൂപ കൂടി നല്‍കാനും കോടതി കമ്പനിയോട് ആവശ്യപ്പെട്ടു.

ഭക്ഷ്യവിപണന രംഗത്തെ ഭീമനും ബിസ്‌ക്കറ്റ് പാക്കറ്റ് വിറ്റ കടയ്ക്കും 100 കോടി രൂപ പിഴയും, അന്യായമായ വ്യാപാര പ്രവര്‍ത്തനത്തിനും സേവനമില്ലായ്മക്കും 10 കോടി രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് ദില്ലിബാബു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പാക്കറ്റിലെ കഷണങ്ങളുടെ എണ്ണമനുസരിച്ചല്ല, തൂക്കത്തിനനുസരിച്ചാണ് ബിസ്‌ക്കറ്റുകള്‍ വിറ്റതെന്ന ഐ.ടി.സി ഫുഡ്‌സിന്റെ വാദം ഉപഭോക്തൃ കോടതി തള്ളി.

16 കഷണങ്ങള്‍ എന്ന വാഗ്ദാനത്തോടെ പ്രത്യേക ബാച്ച് നമ്പറിലുള്ള ബിസ്‌ക്കറ്റുകള്‍ വില്‍ക്കുന്നത് നിര്‍ത്താനും കോടതി കമ്പനിയോട് നിര്‍ദ്ദേശിച്ചു.

'ഉല്‍പ്പന്നം ബിസ്‌ക്കറ്റുകളുടെ എണ്ണത്തിലല്ല, തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിറ്റതെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. റാപ്പര്‍ വാങ്ങുന്നവര്‍ക്ക് വിവരങ്ങള്‍ വ്യക്തമായി നല്‍കുന്നതിനാല്‍ അത്തരം വാദങ്ങള്‍ അംഗീകരിക്കാനാവില്ല. ഉപഭോക്താക്കള്‍ ബിസ്‌ക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഉല്‍പ്പന്നം വാങ്ങൂ എന്ന് കോടതി പറഞ്ഞു.

 

Latest News