ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 'കഴിയുന്നത്ര' ഒരുമിച്ചു മത്സരിക്കുമെന്ന  പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ മൂന്നാമതു യോഗത്തിനു ശേഷമുള്ള പ്രഖ്യാപനം പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പു എന്ന ബി.ജെ.പിയുടെ നയത്തിന്റെയും ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന വാർത്തയുടെയും പശ്ചാത്തലത്തിൽ 'ഇന്ത്യ' മുന്നണിയുടെ ഐക്യം വളരെ പ്രസക്തമാണ്. 

 

തീർച്ചയായും വലിയ തോതിലുള്ള ഭിന്നതകൾ നിലനിൽക്കുന്ന പാർട്ടികളാണ് പ്രതിപക്ഷ മുന്നണിയിലുള്ളത്. ജാതി സെൻസസിന്റെ വിഷയത്തിലും മറ്റും അത് പ്രകടമാണ്. സീറ്റ് വിഭജനത്തിലൊക്കെ തർക്കം ഉറപ്പാണ്. അപ്പോഴും 1977 ൽ ഇതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്ത നിലപാടുകളുള്ള പാർട്ടികൾ ലയിച്ച് ജനതാപാർട്ടി എന്ന ഒറ്റ പാർട്ടിയായതും മറ്റനവധി പാർട്ടികളുമായി സഖ്യമുണ്ടാക്കി അന്നത്തെ സമഗ്രാധിപത്യ പാർട്ടിയായിരുന്ന കോൺഗ്രസിനെ തറപറ്റിച്ചതുമായ ചരിത്രം നമുക്കു മുന്നിലുണ്ട്. അത്തരമൊരു ചരിത്രം പുതിയ സാഹചര്യത്തിൽ ആവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇന്ത്യ മുന്നണി നൽകുന്നത്. 

'ജുഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ' (ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്ന വളരെ പ്രസക്തമായ രാഷ്ട്രീയ മുദ്രാവാക്യമാണ്  സഖ്യം മുന്നോട്ടു വെക്കുന്നത്. തർക്കമുണ്ടാകാനിടയുള്ള നേതൃവിഷയങ്ങളിലേക്കും സീറ്റ് വിഭജനത്തിലേക്കുമൊന്നും തൽക്കാലം കടന്നിട്ടില്ല. രൂപീകരിച്ച സമിതികളിലാകട്ടെ നെഹ്‌റു കുടുംബത്തിൽ നിന്നാരുമില്ലെന്നത് പ്രസക്തമാണ്. 28 പാർട്ടികളിൽ നിന്നു 63 പ്രതിനിധികളാണ് മുംബൈ യോഗത്തിൽ പങ്കെടുത്തത്. സഖ്യത്തിന്റെ പൊതു അജൻഡ, സാമൂഹിക മാധ്യമ കർമപദ്ധതി, ഗവേഷണവും ഡേറ്റാ വിശകലനവും, സംയുക്ത പ്രചാരണ പരിപാടികൾ എന്നീ വിഷയങ്ങളിലൂന്നി നാല് ഉപ സമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.  മുന്നണിയുടെ ലോഗോ പിന്നീട് പുറത്തിറക്കും. ബി.ജെ.പിക്കെതിരേ പരമാവധി സീറ്റുകളിൽ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് ധാരണ. തീർച്ചയായും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അതു സാധ്യമാകില്ല. ആവശ്യവുമില്ല. പക്ഷേ മിക്കവാറും സംസ്ഥാനങ്ങളിൽ ഇതു പ്രായോഗികമാക്കാൻ കഴിഞ്ഞാൽ സംഘപരിവാറിന്റെ രഷ്ട്രീയ - വർഗീയ ലക്ഷ്യങ്ങൾ അടുത്ത തെരഞ്ഞടുപ്പിൽ നേടാനാകുമെന്ന ആഗ്രഹം അസ്ഥാനത്താകുമെന്നുറപ്പ്. 

തീർച്ചയായും ഇന്ത്യ മുന്നണി രൂപീകരണം ഉയർത്തുന്ന വെല്ലുവിളി ബി.ജെ.പി തിരിച്ചറിയുന്നുണ്ട് എന്നു തന്നെ കരുതാം. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള നീക്കം തന്നെ അതിന്റെ ഭാഗമാണ്. അടുത്തു നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം ഉണ്ടാക്കാനാകില്ല എന്നവർക്കറിയാം. അവിടങ്ങളിലെ ഫലങ്ങൾ ഇന്ത്യ മുന്നണിക്കു ഊർജം നൽകുമെന്നും അത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഭീഷണിയാണെന്നും അവർ തിരിച്ചറിയുന്നുണ്ട്. അതിന്റെ കൂടി ഭാഗമാണ് ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവും ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കവും. അതിനായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത് എന്നാണ് പൊതുവിലയിരുത്തൽ.

ഉറപ്പായും ഇത്തവണയും ബി.ജെ.പി ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് വർഗീയ അജണ്ടകൾ തന്നെയായിരിക്കും. ശ്രീരാമക്ഷേത്ര നിർമാണം അതിലൊന്നായിരിക്കാൻ ഇടയുണ്ട്. രണ്ട് എം.പിമാരിൽ നിന്ന് ബി.ജെ.പിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ അടിത്തറ തന്നെ അയോധ്യയും ബാബ്‌രി മസ്ജിദ് തകർക്കലുമായിരുന്നല്ലോ. ഇപ്പോഴിതാ, ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വർഷമടുക്കുമ്പോൾ വൻ ഭൂരിപക്ഷം നേടാനും ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനും അവർ ഊന്നാൻ പോകുന്നത് രാമക്ഷേത്ര നിർമാണത്തിൽ തന്നെയാകാനാണ് സാധ്യത. സ്വന്തം ക്യാമ്പിൽ നിന്നു തന്നെ പ്രതിഷേധമുയർന്നതിനെ തുടർന്ന് ഏക സിവിൽ കോഡ് തൽക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. രാമക്ഷേത്ര നിർമാണത്തിലൂടെ ഉണ്ടാകുന്ന ധ്രുവീകരണത്തിലാണ് അവരുടെ പ്രതീക്ഷ. മറുവശത്താകട്ടെ, ചന്ദ്രയാനിലൂടെയും ആദിത്യയിലൂേെടയുമൊക്കെ തങ്ങൾ ശാസ്ത്രത്തിന് എതിരല്ല എന്നും ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നും സമർത്ഥിക്കാൻ അവർക്കാകും. ഒപ്പം അതിന്റെ അടിത്തറ ആർഷ ഭാരത സംസ്‌കാരത്തിലുണ്ടെന്നും സമർത്ഥിക്കാൻ ശ്രമിക്കും. 

ശാസ്ത്രത്തെയും ആർഷ ഭാരത സംസ്‌കൃതി എന്ന് പേരിട്ടിരിക്കുന്ന മൂല്യങ്ങളെയും സമന്വയിപ്പിക്കുന്ന തന്ത്രം തന്നെയാണ് പല വിഷയങ്ങളിലും സംഘപരിവാർ സ്വീകരിക്കുന്നത് എന്നു കാണാം. നമ്മുടെ രാജ്യം നെഹ്‌റുവിൽ നിന്നും മോഡിയിലെത്തി എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ജനാധിപത്യത്തിന്റേതായ വൻ മുന്നേറ്റങ്ങളും ഇവിടെ നടന്നിട്ടുണ്ട് എന്നതു മറക്കാനാവില്ല. ഏറ്റവും പ്രധാനം മുകളിൽ സൂചിപ്പിച്ച അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പുതന്നെ. ഏറെ ചർച്ച ചെയ്യപ്പെട്ടതായതിനാൽ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഏക പാർട്ടി ഭരണത്തിനും ഭരണത്തുടർച്ചക്കും കുടുംബാധിപത്യത്തിനുമൊക്കെ താൽക്കാലികമായെങ്കിലും അറുതി വരുത്താനായി എന്നതു ചെറിയ കാര്യമല്ല. 

ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദര നിമിഷം മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനമായിരുന്നു. സാമൂഹ്യ നീതി എന്ന മനോഹരമായ മുദ്രാവാക്യമുയർത്തിപ്പിടിച്ച ആ സന്ദർഭം രാജ്യത്ത് നിരവധി പിന്നോക്ക - ദളിത് പ്രസ്ഥാനങ്ങളുടെയും പ്രാദേശിക പ്രസ്ഥാനങ്ങളുടെയും ഉദയത്തിനു കാരണമായി. തീർച്ചയായും ഈ രണ്ടു സന്ദർഭങ്ങളെയും തങ്ങളുടെ വളർച്ചക്കായി ഉപയോഗിക്കാനും ഫാസിസ്റ്റുകൾക്കു കഴിഞ്ഞു എന്നതു മറക്കുന്നില്ല. ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദര സന്ദർഭം പൗരത്വ ഭേദഗതിക്കും കർഷക നിയമങ്ങൾക്കുമെതിരായ പോരാട്ടങ്ങളായിരുന്നു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും അതിജീവിക്കുമെന്ന സന്ദേശമായിരുന്നു അവ നൽകിയത്. 

ഈ ദിശയിലുള്ള മറ്റൊരു സന്ദർഭമാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാൻ അഭിപ്രായ ഭിന്നതകൾ പരമാവധി മാറ്റിവെച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നത് പ്രതീക്ഷ നൽകുന്നു. പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുള്ള പോലെ ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്. അതിനെ ഹിന്ദുത്വ രാഷ്ട്രീയത്താൽ തകർക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും ഈ ബഹുസ്വരതയെ സംരക്ഷിക്കുന്ന കരുത്തുറ്റ ഭരണഘടന നിലവിലുള്ളപ്പോൾ. ഒപ്പം ഒരുപാട് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നപ്പോഴും ഗാന്ധിയും നെഹ്‌റുവും അംബേദ്കറും പകർന്നു തന്ന മഹത്തായ മൂല്യങ്ങൾ ഇപ്പോഴും പൂർണമായി നഷ്ടപ്പെട്ട ഒരു ജനതയൊന്നുമല്ല നമ്മൾ. അവരുടെ ഓർമകൾ ഇല്ലാതാക്കാനും ചരിത്രത്തെയും വിദ്യാഭ്യാസത്തെയുമെല്ലാം അതനുസരിച്ച്  മാറ്റിത്തീർക്കാനുമുള്ള ശ്രമങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും അതെല്ലാം എളുപ്പം സാധ്യമാകുമെന്നു കരുതുന്നവർ വിഡ്ഢികളുടെ മൂഢസ്വർഗത്തിലാണ് കഴിയുന്നതെന്നു തന്നെ പറയേണ്ടിവരും. ജൂഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ. അതെ, ഭാരതം ഒന്നാകും, ഇന്ത്യ വിജയിക്കും. അത് കാലത്തിന്റെ ആവശ്യമാണ്. ചരിത്രത്തിന്റെ അനിവാര്യതയാണ്. 

 

Latest News