Sorry, you need to enable JavaScript to visit this website.

കുഞ്ഞിക്കുട്ടനെ കാണ്‍മാനില്ല, കണ്ടെത്തുന്നവര്‍ക്ക് 4000 രൂപ പാരിതോഷികം

തൊടുപുഴ-സ്വന്തം വളര്‍ത്തുപൂച്ചയെ കാണാതായതിന്റെ വേദനയിലാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ. കുഞ്ഞിക്കുട്ടനെന്ന് പേര് ചൊല്ലി വിളിക്കുന്ന ഓറഞ്ച് ക്യാറ്റ് വിഭാഗത്തില്‍പ്പെട്ട പൂച്ചയെ കഴിഞ്ഞ മാസം 28 മുതലാണ് കുമളിയില്‍നിന്ന് കാണാതായത്.
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് കുമളിയില്‍ ഒന്നര മാസം മുന്‍പാണ് മൂന്ന് വര്‍ഷമായി സന്തത സഹചാരിയായി കൂടെയുണ്ടായിരുന്ന പൂച്ചയുമായി ഇവര്‍ ഇവിടെയെത്തിയത്. ചികിത്സ കഴിഞ്ഞ് മടങ്ങാനുള്ള തയ്യാറെടുപ്പില്‍ ഓഗസ്റ്റ് 28-ന് കാറില്‍ പുറത്തേക്ക് പോകുമ്പോള്‍ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയതോടെ പൂച്ചയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങളായി കൂടെയുള്ള പൂച്ചയെ കണ്ടെത്തി തരുന്നവര്‍ക്കായി മോഹവിലയായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകള്‍ കുമളിയിലുടനീളം ചുമരുകളില്‍ ഒട്ടിച്ചിരിക്കുകയാണ്. ഉടമയുടെ ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്ററിലുണ്ട്.
പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേര്‍ വിളിച്ചു. എന്നാല്‍, അതൊന്നും താന്‍ ഓമനിച്ചുവളര്‍ത്തിയ പൂച്ചയല്ലെന്ന് വീട്ടമ്മ പറയുന്നു.ചികിത്സ പൂര്‍ത്തീകരിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇവര്‍ തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. പൂച്ചയെ എന്നു കണ്ടെത്തുന്നോ അന്നു മാത്രമേ കുമളിയില്‍നിന്ന് മടങ്ങുകയുള്ളൂയെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.

Latest News