രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും; ഇന്തോനേഷ്യന്‍  യാത്രയ്ക്കുള്ള ഔദ്യോഗിക രേഖയില്‍ ഭാരത് 

ന്യൂദല്‍ഹി-രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് പരാമര്‍ശവുമായി രംഗത്ത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന പരാമര്‍ശമാണുണ്ടായത്. ഏഴാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം. 2 0-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക രേഖയിലാണ് പരാമര്‍ശം ഉള്ളത്.
ബുധന്‍, വ്യാഴം തീയതികളില്‍ ജക്കാര്‍ത്തയിലേക്ക് നരേന്ദ്ര മോഡി നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളില്‍ സാധാരണ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നാണ് എഴുതാറ്. ആസിയാന്‍ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്.
ജി20 ഉച്ചകോടിയല്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രപതി' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന പരാമര്‍ശമുണ്ടായത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്ന് അദ്ദേഹം മുന്‍പു എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു. ജൂലൈയില്‍ പ്രതിപക്ഷ മുന്നണി, 'ഇന്ത്യ' (ഇന്ത്യന്‍ നാഷനല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആര്‍എസ്എസും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

Latest News