യു. എസ് പ്രഥമ വനിത ജില്‍ ബൈഡന് കോവിഡ്

വാഷിംഗ്ടണ്‍- ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിനിടെ യു. എസ് പ്രഥമ വനിത ജില്‍ ബൈഡന് കോവിഡ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. റെഹോഹോത്ത് ബീച്ചിലുള്ള വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ജില്‍ ബൈഡന്‍. 72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

യു. എസ് പ്രസിഡന്റ് ജോ ബൈഡനും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 2022 ജൂലൈ മാസത്തില്‍ ജോ ബൈഡന് കോവിഡ് പോസിറ്റീവായിരുന്നു. 

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ മാസം ഏഴാം തിയ്യതിയാണ് ജോ ബൈഡന്‍ ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ 9, 10 തിയ്യതികളില്‍ ന്യൂഡല്‍ഹിയിലാണ് ജി20 ഉച്ചകോടി.

Latest News