Sorry, you need to enable JavaScript to visit this website.

സ്വത്ത് തര്‍ക്കം നിലവിലിരിക്കെ മന്ത്രി സ്ഥാനം  നല്‍കരുത്- ഗണേഷ് കുമാറിന്റെ സഹോദരി

കൊല്ലം-സ്വത്ത് തട്ടിയെടുത്ത കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ കെബി ഗണേഷ്‌കുമാറിന് മന്ത്രി സ്ഥാനം നല്‍കുന്നത് ഉചിതമായ തീരുമാനമല്ലെന്ന് സഹോദരി ഉഷാ മോഹന്‍ദാസ്. ഗുരുതരമായ ഒരു കേസ് നിലനില്‍ക്കെ മന്ത്രി സ്ഥാനം നല്‍കുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. ഗണേഷ്‌കുമാര്‍ കുടുംബസ്വത്ത് തട്ടിയെടുത്ത പരാതി മാത്രമാണ് മുന്‍പ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഗണേഷിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്‍പ് ആയിരുന്നു ഉഷ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
ഗണേഷ് കുമാര്‍ കൃത്രിമം കാട്ടി കുടുംബ സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു അന്ന് ഉഷ മോഹന്‍ദാസ് ആരോപിച്ചത്. സഹോദരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ആദ്യ തവണ ഗണേഷ്‌കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം രണ്ടാം ടേമിലേക്ക് മാറിയതിന് കാരണം സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്നം അല്ലെന്നുമായിരുന്നു കെബി ഗണേഷ്‌കുമാര്‍ അന്ന് പ്രതികരിച്ചത്. ഗണേഷ്‌കുമാറിനെതിരെ സഹോദരി ഉഷ നല്‍കിയ പരാതി കൊട്ടാരക്കര സബ് കോടതിയുടെ പരിഗണനയിലാണ്. 2021ല്‍ നല്‍കിയ പരാതിയില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായി. കേസ് ഹിയറിംഗിലേക്ക് കടക്കാനിരിക്കെയാണ്. ഇത് സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകളൊക്കെ വിഫലമായിരുന്നു. മുന്നണി ധാരണ പ്രകാരം ജനാധിപത്യ കേരള കോണ്‍ഗ്രസ് രണ്ടര വര്‍ഷത്തെ കാലവാവധി പൂര്‍ത്തിയാക്കുമ്പോള്‍ ആന്റണി രാജുവിന് പകരം മന്ത്രിയാകേണ്ടത് കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെബി ഗണേഷ് കുമാര്‍ ആണ്.

Latest News