Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയിലെ സ്‌കൂളിന്റെ പേരില്‍ അഞ്ചുലക്ഷം തട്ടി, രണ്ടു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍- മലപ്പുറത്തെ സ്‌കൂളിന്റെ മറവില്‍ ശ്രീകണ്ഠപുരം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. ശ്രീകണ്ഠപുരം കണിയാര്‍ വയലിലെ കൊട്ടാരത്തില്‍ റിയാസിന്റെ പരാതിയില്‍ മലപ്പുറം കൊണ്ടോട്ടി പുതുപ്പറമ്പിലെ റെഡ് ബ്രിക്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ നിസാമുദീന്‍, ചെയര്‍മാന്‍ ത്വയിബ് ഹുദവി എന്നിവര്‍ക്കെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
2022 ല്‍ പത്രപരസ്യം കണ്ട് റിയാസ് മകനെ റെഡ് ബ്രിക്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചേര്‍ത്തു. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസത്തിനും താമസം, ഭക്ഷണം എന്നിവക്കും അവസരമുണ്ടെന്നായിരുന്നു വാഗ്ദാനം. അതുപ്രകാരം റിയാസ് അഞ്ചുലക്ഷം അടച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടി. പണം തിരികെ നല്‍കിയതുമില്ല. മലപ്പുറം ജില്ലയില്‍ തന്നെ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പറയുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പുതുക്കുകയോ തിരിച്ചുവാങ്ങുകയോ ചെയ്യാമെന്ന വ്യവസ്ഥയിലാണ് പണം നല്‍കിയതെന്നും പരാതിയില്‍  പറയുന്നു.

 

Latest News