ജ്വല്ലറി കവര്‍ച്ചക്കാരന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി

കണ്ണൂര്‍- ജ്വല്ലറി കുത്തിതുറന്ന് കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ കോയമ്പത്തൂരില്‍ പിടിയില്‍.
തമിഴ്‌നാട് നാമക്കല്‍ സെന്തമംഗലം ബോയര്‍ തെരുവിലെ വേലായുധ ചെല്ല മുത്തുവിനെയാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഓഗസ്റ്റ് 13 ന് രാത്രിയില്‍ പയ്യാവൂര്‍ ടൗണിലെ ചേന്നാട്ട് ജ്വല്ലറിയുടെ മുകളിലെ നിലയില്‍ ആഭരണ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി കരാന്‍ സ്വദേശി അനുകുഷ് കിസാന്‍ മനേയുടെ കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് പെട്ടിയില്‍ സൂക്ഷിച്ച 28,8000 രൂപ വിലവരുന്ന 3100 ഗ്രാം ശുദ്ധീകരിച്ച വെള്ളി മോഷ്ടിച്ചത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് അന്തര്‍സംസ്ഥാന മോഷ്ടാവിനെ പിടികൂടിയത്. കോയമ്പത്തൂര്‍ ഉക്കടത്ത് വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. പയ്യാവൂര്‍ എസ്.ഐ. ഷറഫുദ്ദീന്‍,  ക്രൈംസ്‌ക്വാഡ് എസ്.ഐ എ.ജി. അബ്ദുള്‍റൗഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

Latest News