Sorry, you need to enable JavaScript to visit this website.

370ാം വകുപ്പ്: വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റി

ന്യൂദല്‍ഹി- കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. 16 ദിവസത്തെ മാരത്തണ്‍ വാദത്തിന് ശേഷമാണ് കേസ് വിധി പറയുന്നതിന് മാറ്റിയത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദത്തിന്റെ അവസാന ദിവസം മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദവെ തുടങ്ങിയവരുടെ പുനഃപരിശോധനാ വാദം കേട്ടത്.

ഹരജിക്കാര്‍ക്കോ പ്രതികള്‍ക്കോ വേണ്ടി ഹാജരാകുന്ന ഏതെങ്കിലും അഭിഭാഷകര്‍ക്ക് രേഖാമൂലം എന്തെങ്കിലും സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അത് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.  രണ്ട് പേജില്‍ കവിയരുത്.

16 ദിവസമായി നടന്ന വാദത്തിനിടെ, കേന്ദ്രത്തിന് വേണ്ടി അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവരുടെ വാദങ്ങള്‍ സുപ്രീം കോടതി കേട്ടിരുന്നു.

 

Latest News