വാഷിംഗ്ടണ്‍- യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ നിയമവിരുദ്ധമായി അട്ടിമറിക്കാന്‍ ശ്രമിച്ച കേസുകള്‍ അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിനയായേക്കും. മത്സര രംഗത്തുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നിരവധി അഭിപ്രായ വോട്ടെടുപ്പുകളില്‍ നിലവില്‍ മുന്നിലാണ്.
ജോര്‍ജിയയിലെ 2020 തെരഞ്ഞെടുപ്പ് ഫലം നിയമവിരുദ്ധമായി മറികടക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് പ്രധാനമായും ട്രംപിനുമേലുള്ളത്.
14-ാം ഭേദഗതിയുടെ നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്‍ഷ്യല്‍ ബാലറ്റില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ തടയുന്നതിന് ശക്തമായ വാദം ഉന്നയിക്കേണ്ടതണ്ടെന്ന് വിര്‍ജീനിയയിലെ എബിസി ദിസ് വീക്ക് ഷോയില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ന്‍ പറഞ്ഞു. ട്രംപിന്റെ കാര്യത്തില്‍ കോടതികളില്‍ നിന്ന് ശക്തമായ തീരുമാനം ഉണ്ടാകാന്‍ പോകുകയാണെന്ന പ്രസ്താവന നടത്തിയ അദ്ദേഹം ഡൊണാള്‍ഡ് ട്രംപിന് പകരം 2024ലെ യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റാകുന്നതില്‍ നിന്ന് ട്രംപിനെ തടയാന്‍ സാധ്യതയുള്ള ഒരു കുറുക്കു വഴിയായി 14-ാം ഭേദഗതിയെ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതായി സി. എന്‍. എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യു. എസ് ഭരണഘടനയുടെ 14-ാം ഭേദഗതിയില്‍ ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള 'അയോഗ്യത ക്ലോസ്' ഉള്‍പ്പെടുന്നുണ്ട്. കലാപത്തിലോ അക്രമത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ ആരായാലും പൊതുസ്ഥാനം വഹിക്കുന്നതില്‍ നിന്ന് തടയുന്നതാണ് ക്ലോസ്. എന്നാല്‍ ഈ നിരോധനം എങ്ങനെ നടപ്പാക്കണമെന്ന് ഭരണഘടന പറയുന്നില്ല. 1800-കളുടെ അവസാനം മുതല്‍ ഇത് രണ്ടുതവണ മാത്രമേ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂ.