കൊല്ലം- അഞ്ചല്‍ കരുകോണില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കരുകോണ്‍ ബിസ്മി മന്‍സിലില്‍ ഷാജഹാനാണ് (65) ഭാര്യ അനീസ (60)യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം തൂങ്ങിമരിച്ചത്.
കുടുംബവഴക്കാണ് കാരണമെന്ന് അയല്‍ക്കാര്‍ പറയുന്നു. അതേസമയം മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു അക്രമമെന്നും കരുതുന്നു. രണ്ട് ഖബറുകള്‍ വെട്ടണമെന്ന് കഴിഞ്ഞ ദിവസം ഷാജഹാന്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. അവരിത് തമാശയായി തള്ളിയെങ്കിലും സംഭവം നടന്നതോടെയാണ് ഇതിന്റെ ഗൗരവം മനസ്സിലായത്. അനീസയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അവര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ട് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷാജഹാന്‍ തൂങ്ങിമരിക്കുകയായിരുന്നു. നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നെങ്കിലും മരണം സംഭവിച്ചിരുന്നു.
കൈക്കും തുടക്കും കഴുത്തിനും വെട്ടേറ്റ അനീസയെ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ മകന്‍ ജിസ് ഖാന്‍ ദമാമിലാണ്. മകള്‍ ജിസ്മി. അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.