അഭിമാനമാകണം, അധ്യാപകർ

ഇന്ന് ദേശീയ അധ്യാപക ദിനം
 

ഒരുപാട് പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മക്കളെ വിദ്യാലയത്തിലേക്ക് ഒരുക്കിപ്പറഞ്ഞയക്കുന്നത്. അതിലേറെ പ്രത്യാശകളാണ് തങ്ങളുടെ മുമ്പിലിരിക്കുന്ന കുട്ടികളിൽ ഒരു അധ്യാപകന് ഉണ്ടായിരിക്കുക. എന്നിട്ടും ധർമവും സംസ്‌കാരവും പകർന്നു നൽകുന്നതിനു പകരം ചിലരെങ്കിലും വിദ്വേഷത്തിന്റെ ആദ്യപാഠങ്ങൾ കുട്ടികളുടെ ഇളംമനസ്സുകളിലേക്ക് ചൊരിഞ്ഞു കൊടുക്കാൻ തുനിയുന്നുവെന്നത് കൊടുംക്രൂരത തന്നെയാണ്. 

 

സമൂഹങ്ങളുടെയും സമുദായങ്ങളുടെയും ഗുണാത്മകമായ പുരോഗതിക്ക് എന്നും യത്‌നിക്കുകയും കാവൽ നിൽക്കുകയും ചെയ്തിട്ടുള്ള ശ്രേഷ്ഠ വിഭാഗമാണ് ഗുരുക്കന്മാർ. നേരെ ചൊവ്വേയുള്ള സഞ്ചാരപഥങ്ങളുടെ അതിരടയാളങ്ങൾ മനുഷ്യന് കൃത്യമായി നിർണയിച്ചു നൽകുകയും ദിശാവ്യതിയാനം സംഭവിക്കുമ്പോഴൊക്കെയും അവധൂതരെ പോലെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നവരാണവർ. 
ഗുരുസാന്നിധ്യമോ അധ്യാപനങ്ങളോ ഉണ്ടായിട്ടില്ലാത്ത ഒരു ഇടമോ ജനതയോ കഴിഞ്ഞുപോയിട്ടില്ലെന്ന് തന്നെ നമുക്ക് ഉറച്ചു വിശ്വസിക്കാം. സഹസ്രാബ്ദങ്ങളായി നിലനിന്നു പോരുന്ന ഗുരുശിഷ്യ ബന്ധങ്ങളുടെയും വിദ്യാലയ സംസ്‌കൃതിയുടെയും സൗരഭ്യവും സൗന്ദര്യവും ഏതെങ്കിലുമൊരു വിധേന ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ വിരളമായിരിക്കും. ആ ഗുരുക്കൾ വിതറിയ സ്‌നേഹത്തിന്റെയും സമഭാവനയുടെയും ബാലപാഠങ്ങൾ ഇന്നും നമ്മുടെ ഹൃദയ ധമനികളെ തഴുകിയുണർത്തി എന്തെന്നില്ലാത്ത ഒരു ആത്മസുഖം പകരുന്നുണ്ട്.
എങ്കിലും ഇവക്കെല്ലാം അപവാദമായി അധ്യാപകരുടെ പവിത്രതക്കും സ്ഥാനമാനങ്ങൾക്കും നിരക്കാത്ത ചില ചെയ്തികൾ ഇടവിട്ടെങ്കിലും കേൾക്കേണ്ടി വരുമ്പോൾ അപമാനഭാരം കൊണ്ട് അറിയാതെ നമ്മുടെ ശിരസ്സ് കുനിഞ്ഞു പോകാറുണ്ട്. അവയിൽ അവസാനത്തേതായി നമ്മുടെ കർണപുടങ്ങളിൽ അലയടിച്ച വാർത്ത അത്യന്തം ലജ്ജാകരവും ഭീതിയുളവാക്കുന്നതുമായിരുന്നു. യു.പിയിലെ മുസഫർ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം അരങ്ങേറിയത്. ഒരു മുസ്‌ലിം വിദ്യാർത്ഥിയെ അധ്യാപിക മാറ്റിനിർത്തി മർദിക്കുകയും മറ്റു സമുദായത്തിൽപെട്ട വിദ്യാർത്ഥികളെക്കൊണ്ട് അടിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ചന്ദ്രയാന്റെ ആരവങ്ങളും ആഘോഷങ്ങളും ഉയർന്നുപൊങ്ങിയതിന്റെ തൊട്ടുപിറകെയാണ് അഭിമാനത്തിന്റെ ആ കൊടുമുടിയിൽ നിന്നും നാണക്കേടിന്റെ പടുകുഴിയിലേക്ക് ഒരു ജനതക്ക് പൊടുന്നനെ പടിയിറങ്ങേണ്ടി വന്നത്. ചന്ദ്രയാന്റെ പേരിൽ മറ്റാരെയും പോലെ തുള്ളിച്ചാടിയ മുസ്‌ലിം സമുദായത്തിന്റെയും ഭാരതത്തിന്റെ തന്നെ ബഹുസ്വരതയുടെയും മുഖത്തേക്കാണ് വർഗീയതയുടെ കറുത്ത കൈകൾ ആഞ്ഞാഞ്ഞടിച്ചത്. വർഗീയത ക്ലാസ് മുറികളിലേക്കും ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ ക്രൂരമായ ഉദാഹരണവും നേർചിത്രവുമാണിതെന്നത് ചിലരുടെ ഭീകരമുഖം ഒരിക്കൽ കൂടി അനാവൃതമാക്കുന്നുണ്ട്.
അധ്യാപികക്കെതിരെ അതേ സമുദായത്തിൽപെട്ട മനഃസാക്ഷിയുള്ള ഒരു വിഭാഗം സമര മുഖത്തിറങ്ങിയെന്നത് രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും ഇപ്പോഴും പൂർണമായും കൈമോശം വന്നിട്ടില്ലെന്നതിന്റെ തെളിവാണ്. എങ്കിൽ പോലും വർഗീയ ഇന്ത്യയുടെ ചിന്തയുടെ ആഴം എത്രയാണെന്ന് വെളിപ്പെടുത്തുന്നുണ്ടിത്. പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾ പൊട്ടിമുളച്ച കാമ്പസുകൾ ഭാവി ഇന്ത്യയുടെ പ്രതീകവും പ്രതീക്ഷയുമായി പരക്കെ വിലയിരുത്തപ്പെട്ടതാണ്. അതിലേക്കാണ് ഭരണകൂട ഒത്താശയോടെ വിഭാഗീയതയുടെ വിഷവിത്തുകൾ വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മക്കളെ വിദ്യാലയത്തിലേക്ക് ഒരുക്കിപ്പറഞ്ഞയക്കുന്നത്. അതിലേറെ പ്രത്യാശകളാണ് തങ്ങളുടെ മുമ്പിലിരിക്കുന്ന കുട്ടികളിൽ ഒരു അധ്യാപകന് ഉണ്ടായിരിക്കുക. എന്നിട്ടും ധർമവും സംസ്‌കാരവും പകർന്നു നൽകുന്നതിനു പകരം ചിലരെങ്കിലും വിദ്വേഷത്തിന്റെ ആദ്യപാഠങ്ങൾ കുട്ടികളുടെ ഇളംമനസ്സുകളിലേക്ക് ചൊരിഞ്ഞു കൊടുക്കാൻ തുനിയുന്നുവെന്നത് കൊടുംക്രൂരത തന്നെയാണ്. ഇതിനെ വെറും മാനസിക രോഗമായോ മറ്റോ വിലയിരുത്തപ്പെടുന്നതിനു പകരം ശരിയായ രോഗനിർണയം നടത്തി കൃത്യമായ ചികിത്സ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 'സാവിദ്യായെ വിമുക്തയേ' വിമോചനത്തിന് ഉതകുന്നതാണ് വിദ്യ എന്നാണ്. പക്ഷേ, ഇത്തരം അധ്യാപകരാൽ കൈമാറ്റം ചെയ്യപ്പെടുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഭാരതീയ സങ്കൽപമനുസരിച്ച് ഗുരു പൂജനീയനാണ്. മാത്രമല്ല; 'ആചാര്യ ദേവോ ഭവ' അധ്യാപകൻ ദേവനുമാണ്. 'ഗുരു' എന്നാൽ ഇരുട്ടിനെ അകറ്റുന്നവനാണ്. അജ്ഞതയാകുന്ന അന്ധകാരത്തിൽ വിജ്ഞാനത്തിന്റെ വെളിച്ചം കൊളുത്തിവെക്കുന്നവൻ. ഒരുവനെ ആസകലം സംസ്‌കരിക്കുകയും ഉന്നതിയിലേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്യേണ്ടവനാണ് ഗുരു. ഗുരുകുല സമ്പ്രദായം പ്രാചീന ഭാരതത്തിന് സമ്മാനിച്ചത് ദൃഢവും ഉദാത്തവുമായ ഗുരുശിഷ്യ ബന്ധങ്ങളും അതുവഴി സംസ്‌കൃതരായ സമൂഹങ്ങളെയുമായിരുന്നു. അതുകൊണ്ടു തന്നെ പ്രാചീന കാലം മുതലേ ഗുരുശിഷ്യ ബന്ധങ്ങളെ അമൂല്യവും മഹത്തരവുമായി കാണുന്ന ശീലം സമൂഹം കൃത്യമായി അനുവർത്തിച്ചു പോരുകയുണ്ടായി. ഉന്നതസ്ഥാനീയരായ ഒട്ടേറെ ഗുരുശിഷ്യന്മാരുടെ കഥകൾ കേട്ടുണരുന്നവരാണ് നാം. മഹാഭാരതത്തിലെ കൃഷ്ണനും അർജുനനും രാമായണത്തിലെ രാമനും ഹനുമാനും ദ്രോണാചാര്യരും ഏകലവ്യനും തുടങ്ങി ഇസ്‌ലാമിക സൂഫി ഗുരു പരമ്പരയടക്കമുള്ള ആ പട്ടിക സുദീർഘമാണ്. ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിലാകമാനം സ്വാധീനം ചെലുത്താൻ ഈ ഗുരുക്കന്മാർക്കും ഗുരുശിഷ്യ സമ്പ്രദായങ്ങൾക്കും സാധിച്ചുവെന്നതാണ് യാഥാർത്ഥ്യം. ഒരിക്കൽ ഒരു സദ്പുരുഷനോട് ഒരു പാശ്ചാത്യൻ ചോദിച്ചു: 
'ഭാരതത്തിന്റെ സവിശേഷത ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ എങ്ങനെ വർണിക്കും?' 'ഗുരുശിഷ്യ പരമ്പര' എന്നായിരുന്നു സദ്പുരുഷന്റെ മറുപടി. അത്രയ്ക്കും പവിത്രവും പരിപാവനവുമായിരുന്നു ഈ ബന്ധങ്ങൾ.
'വേലി തന്നെ വിളവ് മുടിച്ചാൽ/ കാലികളെന്തിനു ചൊല്ലിടുന്നു' എന്നാണ് കവിവാക്യം. സമ്പന്നമായ നമ്മുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കേണ്ട അധ്യാപകർ തന്നെ അവയ്ക്ക് ശവക്കുഴിയൊരുക്കുമ്പോൾ എന്തു പ്രതീക്ഷയാണ് നാളെയുടെ ഇന്ത്യയെക്കുറിച്ച് നമുക്ക് വെച്ചുപുലർത്താനാവുക? 'തന്റെ മുമ്പിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം' എന്നാണ് ഗുരു നിത്യചൈതന്യ യതി പറഞ്ഞുവെച്ചിട്ടുള്ളത്.
വിദ്യാലയ ജീവിതത്തിൽ സാക്ഷാൽ എ.പി.ജെ. അബ്ദുൽ കലാമിനുണ്ടായ തിക്താനുഭവം അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കലാമിന്റെ ബാല്യകാല സുഹൃത്തായിരുന്നു രാമനാഥ ശാസ്ത്രി. ഒരു യാഥാസ്ഥിക ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു ശാസ്ത്രി. പുതുതായി വന്ന അധ്യാപകന് ഇരുവരും ക്ലാസിൽ ഒരുമിച്ചിരിക്കുന്നത് ഉൾക്കൊള്ളാനായില്ല. കലാമിനെ സുഹൃത്തിൽ നിന്നകറ്റി അദ്ദേഹം അവസാന ബെഞ്ചിൽ ഇരുത്തി. പക്ഷേ, തന്റെ സുഹൃത്തിനെ മാറ്റിയിരുത്തിയതിൽ മനംനൊന്ത ശാസ്ത്രി രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ അച്ഛൻ പക്ഷി ലക്ഷ്മണ ശാസ്ത്രിയോട് അധ്യാപകനെ കുറിച്ച് പരാതിപ്പെട്ടു. വിദ്യാലയത്തിലെത്തി അധ്യാപകനോട് കുരുന്നു മനസ്സുകളിൽ ജാതീയ ചിന്തകളും വിദ്വേഷവും വളർത്തരുതെന്ന് അദ്ദേഹം ഉണർത്തി. ഒരു ഉന്നത കുടുംബത്തിലെ അംഗത്തിനൊപ്പം മുസ്‌ലിം വിദ്യാർത്ഥി ഇരിക്കുന്നതിലെ പ്രയാസമാണ് അധ്യാപകൻ തന്റെ ചെയ്തിയിലൂടെ പ്രകടിപ്പിച്ചത്.
ഇത്തരം ശാസ്ത്രിമാരാണ് നമ്മുടെ നാടിനാവശ്യം. വിഭാഗീയതക്കെതിരെ അവരുടെ ശബ്ദങ്ങൾ ഇനിയുമുയരണം. വിദ്യാർത്ഥികളിൽ സമഭാവനയും സ്‌നേഹവും ഊട്ടിയുറപ്പിച്ച് രാജ്യത്തിന് അഭിമാനമാകേണ്ടവരാണ് അധ്യാപകർ. അവർ ഒരിക്കലും വഴിവിട്ട പ്രവർത്തനങ്ങളിലൂടെ രാജ്യത്തിനും സമൂഹത്തിനും അപമാനമായിക്കൂടാ.

Latest News