Sorry, you need to enable JavaScript to visit this website.

സ്ഥലം കൈമാറിയാൽ കാസർകോട് എയിംസ് സ്ഥാപിക്കാമെന്ന് ഉറപ്പ്

പി. കരുണാകരൻ എം പിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദക്ക് നിവേദനം നൽകുന്നു.
  • കാസർകോട് മെഡിക്കൽ കോളേജ്: സർവ്വകക്ഷി സംഘം കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു 

കാസർകോട് - കേന്ദ്ര സർവ്വകലാശാലയ്ക്ക് അനുബന്ധമായി കേന്ദ്ര സർക്കാർ അനുവദിച്ച ആധുകനിക സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജ് കാസർകോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ കണ്ടു നിവേദനം നൽകി. കാസർകോട് ജില്ലയിൽ നിലവിൽ  ഒരു മെഡിക്കൽ കോളേജ് പോലും ഇല്ല. വിദഗ്ധ ചികിത്സക്ക് ജനങ്ങൾ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എൻഡോസൾഫാൻ ബാധിതരായ ജനങ്ങളടക്കം അധിവസിക്കുന്ന കാസർകോട്ട് തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും സർവകക്ഷി സംഘം  അഭ്യർത്ഥിച്ചു. 
കാസർകോട് ജില്ലയിൽ കേന്ദ്ര സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന വിഷയത്തിൽ മൂന്ന് സാധ്യതകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സർവ്വകക്ഷി സംഘത്തിന് മുമ്പാകെ അറിയിച്ചത്. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. കേന്ദ്ര സർക്കാർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച എയിംസ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കുകയാണെങ്കിൽ കാസർകോട് പരിഗണിക്കാമെന്നാണ് നദ്ദ സർവ്വകക്ഷി സംഘത്തോട് പറഞ്ഞിട്ടുള്ള സാധ്യതകളിൽ ഒന്നാമത്തേത്. രണ്ടാമത്തെ കാര്യമായി അദ്ദേഹം മുന്നോട്ടുവെച്ചത് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങൾ ചേരുന്ന സ്ഥലത്ത് ഒരു മെഡിക്കൽ കോളേജ് എന്ന കേന്ദ്ര സർക്കാർ നയമാണ്. മെഡിക്കൽ കോളേജ് ഇല്ലാത്ത സ്ഥലങ്ങളിൽ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുക എന്നതാണ് മൂന്നാമത്തേത്. ഇതിൽ അവസാനം പറഞ്ഞ രണ്ടു കാര്യവും മെഡിക്കൽ കോളേജിന് വേണ്ടി പരിശ്രമിക്കുന്ന കാസർകോട് ജില്ലക്ക് ആവശ്യമില്ലാത്ത കാര്യമാണെന്ന് നിവേദക സംഘത്തിൽ ഉണ്ടായിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന ആശയം ഇപ്പോൾ ആവശ്യമില്ല. നമുക്ക് വേണ്ടത് മെഡിക്കൽ കോളേജ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് പ്രതീക്ഷകൾക്ക് വിരുദ്ധമായ മറുപടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്. 
അതേസമയം എയിംസ് കാസർകോട്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിക്കുകയും ചെയ്തു. എയിംസ് വിഷയത്തിൽ പന്ത് സംസ്ഥാന സർക്കാരിന്റെ കോർട്ടിലാണിപ്പോൾ. സർക്കാർ സ്ഥലം നൽകിയാൽ എയിംസ് സ്ഥാപിക്കുന്നതിന് കാസർകോട് പരിഗണിക്കുമെന്നാണ് കേന്ദ്ര മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകിയത്. സർവ്വകക്ഷി നിവേദക സംഘം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. 
സർവ്വകലാശാല മെഡിക്കൽ കോളേജ് കാസർകോട്ട് തന്നെ സ്ഥാപിക്കണമെന്ന് സർവ്വകക്ഷി സംഘം ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടുകയുണ്ടായി. അനുകൂല നിലപാട് എടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഉപരാഷ്ട്രപതി കാസർകോട്ട് വന്ന സമയത്ത് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും കരുണാകരൻ എം.പി അറിയിച്ചു. ദക്ഷിണ കന്നഡ എം.പി നളീൻ കുമാർ കട്ടീൽ, കണ്ണൂർ എം.പി പി.കെ ശ്രീമതി ടീച്ചർ, തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ ഉപരാഷ്ട്രപതിയെ കണ്ടത്. 

 

Latest News