ഗണേഷ്‌കുമാറിന്റെ പ്രതിഷേധം ഫലം കണ്ടു, മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയത് മരവിപ്പിച്ചു

തിരുവനന്തപുരം - മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയതിനെതിരെ കേരള കോണ്‍ഗ്രസ് ബി യുടെ പ്രതിഷേധം ഫലം കണ്ടു. പുതിയ ചെയര്‍മാനെ മാറ്റിയ  ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജി പ്രേംജിത്ത് ആയിരുന്നു ചെയരമാന്‍. എന്നാല്‍ ഇദ്ദേഹത്തെ മാറ്റി  പകരം എം രാജ ഗോപാലന്‍ നായരെ ചെയര്‍മാനാക്കി ഭരണസമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുകയായിരുന്നു. ഈ തീരുമാനമാണ് കെ ബി ഗണേഷ്‌കുമാറിന്റെ  എതിര്‍പ്പിനെ തുടര്‍ന്ന്  മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. ആര്‍.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിനെ തുടര്‍ന്ന്  ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെ ബി ഗണേഷ്‌കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.

 

Latest News