ഇരു സമസ്തകളേയും കുറിച്ച് രണ്ടു വാര്‍ത്തകള്‍: ഒന്ന് സങ്കടകരം, മറ്റേത് ആശ്വാസകരം

കോഴിക്കോട്- സമസ്തയില്‍ പിളര്‍പ്പ് ആസന്നമെന്ന ദ ഹിന്ദു ദിനപത്രത്തിലെ വാര്‍ത്ത സങ്കടകരമാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പി.പി മൂസ. അതേസമയം, കറാമത്ത് കച്ചവടക്കര്‍ക്ക് കൂച്ച് വിലങ്ങിടാനായി സമസ്ത പണ്ഡിതസഭ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം:

ഇ.കെ.സമസ്ത പിളരുന്നു എന്നത് ദുഃഖകരമാണ്. ഹിന്ദു പോലെയുള്ള ഒരു പത്രം ആധികാരികമായി അങ്ങനെ റിപോര്‍ട്ട് ചെയ്യുമ്പോള്‍ വിശ്വസിക്കുകയേ നിര്‍വാഹമുള്ളു. ഔപചാരികമായി രണ്ടു വിഭാഗമായിട്ടില്ലെങ്കിലും ആന്തരികമായി അങ്ങനെയായെന്നാണ് വാര്‍ത്തയില്‍നിന്ന് മനസ്സിലാവുന്നത്. പിളര്‍ന്ന്, പിളര്‍ന്ന് എങ്ങോട്ടെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കട്ടെ...
രണ്ടാമത്തെ വാര്‍ത്ത എ.പി സമസ്തയുമായി ബന്ധപ്പെട്ടാണ്. കറാമത്ത് കച്ചവടക്കര്‍ക്ക് കൂച്ച് വിലങ്ങിടാനായി സമസ്ത പണ്ഡിതസഭ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കയാണ്. വിശ്വാസികളെ പൊതു സമൂഹത്തില്‍ അപഹാസ്യരാക്കി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടുന്ന തള്ളല്‍ വീരന്മാരെ തളയ്ക്കാന്‍ ഇത് മതിയോ എന്ന ചോദ്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇത്രയെങ്കിലും ചെയ്തല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം; ബന്ധപ്പെട്ടവരെ അഭിനന്ദിക്കാം.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒന്നും പറയരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് മാര്‍ഗനിര്‍ദേശത്തിലെ കാതല്‍.
ചില പ്രസക്തഭാഗങ്ങള്‍:
വിശ്വാസികളുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതും സംശയം ജനിപ്പിക്കുന്നതും സത്യമെന്ന് തെളിയിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ പറയരുത്. നടന്നുവെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ സാധ്യത മാത്രം മുന്‍നിര്‍ത്തി ആധികാരികമെന്ന വണ്ണം പ്രചരിപ്പിക്കരുത്. സാധ്യതയുള്ളതെല്ലാം നടക്കണമെന്നില്ല എന്ന കാര്യം വിസ്മരിക്കരുതെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.
സര്‍വ സൃഷ്ടികളേയും നിയന്ത്രിക്കുന്ന വലിയ്യ്, ശരീഅത്തിന് അതീതനായ വലിയ്യ്,
വലിയ്യ് കണ്ണടച്ചാല്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കും, മഹാന്മാര്‍ അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ പണ്ഡിതന്മാരെ ഉദ്ധരിച്ച് തന്നെ പെരുമാറ്റച്ചട്ടത്തില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
നല്ല കാര്യം!
നന്മയില്‍ വിശ്വസിക്കുക
നാളെയില്‍ പ്രതീക്ഷയര്‍പ്പിക്കുക
എന്നതാണല്ലോ ഏതൊരു വിശ്വാസിയിലും
അര്‍പ്പിതമായിട്ടുള്ള കര്‍ത്തവ്യം!
അത് കൊണ്ട് നല്ലതിനായി
പ്രതീക്ഷയോടെ കാത്തിരിക്കാം!!

 

Latest News